thalopandi

Pages

Thursday, April 15, 2010

ഹസീന .... മറ്റൊരു ജന്മം......

ഇരുപതു വര്‍ഷം പ്രവാസത്തിന്റെ നരകയാതന അനുഭവിച്ചു ,ജീവിതം ഉരുകിത്തീര്‍ത്തവനാണ് അബു.രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു വരവ്.വെറും നാല്പതു നാള്‍ക്കുള്ള അവധിയില്‍. ഒരാഗ്രഹമായിരുന്നു അബുവിന്,ഒരിക്കലെങ്കിലും ഹസീനയെ ഗള്‍ഫ്‌ കാണിക്കണമെന്ന്.
മുപ്പതു ദിവസത്തെ വിസ ഹസീനയുടെ കയ്യില്‍ കിട്ടുന്ന അന്നാണ് കഠിനമായ വയറു വേദനയുമായി ആശുപത്രിയില്‍ പോയത്. അസ്വസ്ഥതകള്‍ മുമ്പൊക്കെ ഉണ്ടായിരുന്നിട്ടും,സഹിച്ചിരിക്കയായിരുന്നു അവള്‍. ഇന്ന് ആശുപത്രിയിലെ വിശദമായ പരിശോദനയിലാണ് മൂത്ര കല്ലുകള്‍ കൊണ്ടു മൂടപ്പെട്ട വൃക്കകളും താങ്ങിയാണ് ഹസീന കഴിഞ്ഞു കൂടുന്നത് എന്നറിയുന്നത്. അസുഖം ഗുരുതരമാണെന്ന് അറിഞ്ഞതിനാലാണ് അബു ഒന്നും നോക്കാതെ കഴിഞ്ഞാഴ്ച നാട്ടില്‍ എത്തിയത്.
കോഴിക്കോടെ പ്രമുഖ ആശുപത്രിയില്‍ ചികിത്സ തന്നെ ശരണം. ഓപറേഷന്‍ ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ഹസീനയുടെ ശരീരം. ഡോക്ടര്‍മാര്‍ താല്‍കാലിക ആശ്വാസം നല്‍കി. വിഷു കഴിഞ്ഞാല്‍ ചികിത്സക്ക് വേറെ ഒരു ഓപ്ഷനും പറഞ്ഞു കൊടുത്ത് വീട്ടിലേക്കു വിട്ടു.
ഇന്നലെ വിഷു.മിനിയാന്ന് സന്ധ്യ മുതല്‍ ഹസീന വേദന കൊണ്ടു പുളയുകയായിരുന്നു. സഹിക്കാന്‍ പറ്റാതായപ്പോള്‍ ഭര്‍ത്താവ് അവളെയും കൂട്ടി കോഴിക്കൊടെക്ക് പോയി.വിഷു ആയിരുന്നിട്ടും തൊട്ടപ്പുറത്തെ വീട്ടിലെ ദേവിഏട്ടത്തി ഒരു മടിയും കൂടാതെ കൂട്ടിനു പോയി.
കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയായിരുന്നിട്ടും വിഷുവിനു ഡോക്ടര്‍മാര്‍ ലീവിലാനെന്നു മറുപടി കിട്ടി.ഒരു ഡോക്ടറെ തേടി അബു ആശുപത്രിയിലെ എല്ലാ കൌണ്ടറിലും പോയി കെഞ്ചി.കിട്ടിയില്ല.
ആശുപത്രിയിലെ വരാന്തയിലെ ഒരു മൂലയില്‍ ദേവിഏട്ടത്തിയുടെ മേല്‍ ചുറ്റി പ്പിടിച്ചു കൊണ്ടു ഹസീന കരഞ്ഞു പറഞ്ഞു,,സഹിക്കാന്‍ പറ്റുന്നില്ല വേദന...
അബുവിന്റെ അവസ്ഥയില്‍ മനസ് വേദനിച്ചോ അതോ,രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയോ എന്നറിയില്ല..... എവിടുന്നോ ഡോക്ടര്‍ വന്നു. പക്ഷെ,അബുവിന്റെയും,ഹസീനയുടെയും കാര്യത്തില്‍ ഡോക്ടര്‍ വൈകിപ്പോയിരുന്നു. ഹസീനയുടെ ശരീരം 'മയ്യത്ത്'ആയി എന്ന് വിധി എഴുതാനേ ഡോക്ടര്‍ക്ക് ആയുള്ളൂ.....
ഇന്നലെ വൈകുന്നേരം ആ പാവം പ്രവാസിയുടെ ഭാര്യയുടെ മയ്യിത്ത് ഖബറടക്കി.എനിക്ക് വ്യക്തിപരമായി അറിയുന്ന കോഴിക്കോട് ജില്ലയിലെ ഒരു പ്രവാസി കുടുംബമാണ് അവര്‍.പേരുകളിലുള്ള തിരുത്തലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ,ഇന്നലെ നടന്ന ഈ സംഭവം ഒരു ശ്രദ്ധ ക്ഷണിക്കലിന് കൂടിയാണ്
ഇതെഴുതിയത്.ഇന്നലെ അവിടെ എനിക്ക് പോകാന്‍ കഴിഞ്ഞില്ലെലും,ഇന്ന് പോകാനിരിക്കയാണ്.
ഡോക്ടര്‍മാരും മനുഷ്യരാണ് എന്ന സത്യം നാം മറക്കാതെ തന്നെ,എങ്ങിനെ ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്ന എത്രയോ ഡോക്ടര്‍മാര്‍ ഉണ്ട് താനും. മനുഷ്യ ജീവി എന്ന നിലയില്‍ എല്ലാ വിചാര വികാരങ്ങളും ഉള്ളവര്‍ എന്നതിനാല്‍,അവര്‍ക്കും ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ അവകാശവും ഉണ്ട്. പിന്നെ,ആശുപത്രി മാനേജ്മെന്റിന് ഇതില്‍ ഉത്തരവാദിത്തമുണ്ട് എന്നതില്‍ തര്‍ക്കവും ഇല്ല.
ഇനി ഇതിനെല്ലാം പുറമേ,നാം പ്രവാസികള്‍ നമ്മുടെ ആരോഗ്യത്തിനെ നമ്മള്‍ തന്നെയാണ് സൂക്ഷിക്കേണ്ടത്. ഒരുപാട് നാള്‍ ആശുപത്രിയില്‍ കിടക്കുന്നതിനേക്കാള്‍ നല്ലതല്ലേ,ഒരിക്കല്‍ പോയി ചെക്ക് അപ്പ്‌ ചെയ്തു വരുന്നത്.അതായത്,നമ്മുടെയും,കുടുംബത്തിന്റെയും ആരോഗ്യത്തെ കുറിച്ചു നമുക്കാണ് ചിന്ത വേണ്ടത്, അത് ഡോക്ടര്‍മാര്‍ക്കോ,ആശുപത്രി മാനേജര്‍ക്കോ അല്ല.

No comments:

Post a Comment