thalopandi

Pages

Tuesday, May 8, 2012

ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍

ചില രാത്രികളില്‍ വടകരയെത്തുമ്പോള്‍ ടി.പിയെ കാണാറുണ്ട്. നാട്ടിലേക്കാണെന്ന് പറയുമ്പോള്‍ എന്നാല്‍, കയറിക്കോ എന്നു പറഞ്ഞ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും. ഒന്നിച്ച് നാട്ടിലേക്ക് പോവും. എന്നെ വീട്ടില്‍ ഇറക്കിയിട്ടേ ടി.പി വീട്ടിലേക്ക് പോവൂ.
ഇത്രയധികം ഭീഷണികള്‍ ഉണ്ടാവുമ്പോള്‍, രാത്രി ഒറ്റക്ക് ബൈക്കില്‍ പോവുന്നത് ശരിയല്ലെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തനിച്ച് പോവരുതെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മറ്റു പലരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍, ടി.പി ഒരു യാത്രയും മുടക്കിയില്ല. ഭീഷണികാരണം ജോലികള്‍ മാറ്റിവെക്കാനോ മരണത്തെപ്പേടിച്ച് സമവായത്തിനു നില്‍ക്കാനോ ഒരിക്കലും ആ മനുഷ്യന്‍ തയ്യാറായിരുന്നില്ല.
‘മാക്സിമം, മരിക്കുകയല്ലേ ചെയ്യൂ. അവര്‍ കൊന്നോട്ടെ’-ഇതായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളിലെ ടി.പിയുടെ പതിവു മറുപടി.-വടകരക്കടുത്ത് വെച്ച് അക്രമിസംഘം വെട്ടിക്കൊന്ന റവല്യൂഷനറി മാര്‍ക്സിസ്റ്റി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെക്കുറിച്ച് അദ്ദേഹവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന, അയല്‍വാസി കൂടിയായ ഉണ്ണികൃഷ്ണന്‍ ഏറാമല എഴുതുന്നു
 

 
ഒഞ്ചിയത്ത് ഇനി ടി.പിയില്ല. ആഴത്തില്‍ ഞെട്ടലുണ്ടാക്കുന്നൊരു തിരിച്ചറിവാണത്. ഓര്‍മ്മവെച്ച നാള്‍മുതല്‍ ഈ നാടിന്റെ അവിഭാജ്യ ഘടകം പോലെ ഈ മനുഷ്യനെ കാണാറുണ്ട്. കല്യാണവീടുകളിലും അങ്ങാടിയിലും പ്രകടനത്തിലും മൈക്കിനു മുന്നിലും, അങ്ങനെ എല്ലായിടത്തും. ആള്‍ക്കൂട്ടം ഉള്ളിടത്തെല്ലാം ടി.പിയുമുണ്ടാവും. കുട്ടിക്കാലം മുതല്‍ പരിചിതമാണ് ആ കാഴ്ച. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറി. ഇന്നലെ രാത്രിയില്‍ ഒറ്റക്കുള്ള യാത്രയില്‍ അക്രമികള്‍ വെട്ടിനുറുക്കിക്കൊന്നിട്ടും അറ്റുപോവുന്നേയില്ല, ഉള്ളില്‍നിന്ന് ആ മനുഷ്യന്‍.
ഓര്‍മ്മകളുടെ അങ്ങേയറ്റത്ത് ചുവപ്പു തോരണങ്ങളില്‍ മുങ്ങിയ അങ്ങാടിയാണ്. ചെങ്കൊടികളും തോരണങ്ങളും ഇളകിമറിയുന്ന അങ്ങാടിയുടെ ഒത്ത നടുക്കു കൂടി ഊര്‍ജസ്വലനായി നടന്നു വരുന്നു ചെറുപ്പക്കാരനായ ടി.പി. ചുറ്റും അനേകം ആളുകള്‍. ആരൊക്കെയോ അയാളോട് സംസാരിക്കുന്നു. ചെറിയ കുട്ടിയായിരുന്നു ഞാനന്ന്. അത്തരമൊരു പരിപാടിയും അത്രയേറെ ആളുകളെയും ആദ്യമായി കാണുകയാണ്.
ഉണ്ണികൃഷ്ണന്‍ ഏറാമല
എന്നാല്‍, ടി.പി പരിചിതനായിരുന്നു. അയല്‍വാസി. കുടുംബ ബന്ധത്തേക്കാള്‍ ശക്തമായ സ്നേഹബന്ധം. എന്നാല്‍, എനിക്കറിയാവുന്ന പാവം ടി.പിയേ ആയിരുന്നില്ല അങ്ങാടിയില്‍ കണ്ടത്. ആ ചുവപ്പു തോരണങ്ങള്‍ക്കും ആളൊഴുക്കിനുമിടയില്‍ ആ മനുഷ്യന്‍ എനിക്കൊട്ടും പരിചയമില്ലാത്ത വലിയ ഏതോ ഒരാളായി തോന്നി. എന്നാല്‍, ഇത്തിരി കൂടി വളര്‍ന്നപ്പോള്‍ എനിക്കു മനസ്സിലായി, ടി.പി ആരെന്ന്. ഞങ്ങളുടെ നാടിന്റെ നാഡിമിടിപ്പുകള്‍ എങ്ങനെയാണ് ആ മനുഷ്യനുമായി പിണഞ്ഞുകിടക്കുന്നതെന്നും. പിന്നീട്, വിദ്യാര്‍ഥിയായപ്പോഴും പഠനകാലം കഴിഞ്ഞപ്പോഴുമെല്ലാം നാടിന്റെ എല്ലാ അനക്കങ്ങളിലും ആ മനുഷ്യനെ കണ്ടുമുട്ടി. ഒഞ്ചിയത്തിന്റെ ഓര്‍മ്മയില്‍നിന്ന് ഒരിക്കലും പറിച്ചു മാറ്റാന്‍ കഴിയാത്ത ഒരാളായി ആ മനുഷ്യന്‍ മാറുന്നത് മുതിര്‍ന്നപ്പോള്‍ തിരിച്ചറിഞ്ഞു. താമസിയാതെ, എന്റെ ജീവിതത്തിലെയും ഏറ്റവും തീവ്രമായ സാന്നിധ്യങ്ങളില്‍ ഒന്നായി അദ്ദേഹം മാറി.
ഇതിനിടെ, കാര്യങ്ങളൊക്കെ വല്ലാതെ മാറിപ്പോയിരുന്നു. പാര്‍ട്ടി മാറി. ടി.പിയും. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളോടും ജീര്‍ണതകളോടുള്ള അഭിപ്രായ ഭിന്നതകളും പ്രത്യയശാസ്ത്രപരമായ നിലപാടുകളും തുറന്നുപറയേണ്ടി വന്നു. പാര്‍ട്ടിയിലും പാര്‍ട്ടിയെ ചുറ്റി ഭ്രമണം ചെയ്തിരുന്ന ഞങ്ങളുടെ നാട്ടിലും അത് വന്‍ ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചു. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് പാര്‍ട്ടി ശത്രുപക്ഷത്തായി. നീണ്ട പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും നാളുകളായി. അതോടൊപ്പം നിരന്തര ഭീഷണികളും ആക്രമണങ്ങളും. ഇപ്പോഴിതാ ഉടല്‍ നിറയെ മുറിവുകളുമായി, ജീവനറ്റിട്ടും ആ മനുഷ്യന്‍, ജ്വലിക്കുന്ന വികാരമായി നാടാകെ നിറഞ്ഞുകവിയുന്നു.


 
1
എന്നേക്കാള്‍ പത്തിരുപത്തഞ്ച് വയസ്സു കൂടുതലുണ്ടാവും സഖാവിന്. ഓര്‍മ്മവെച്ച നാള്‍ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരുന്നു ടി.പി. ഏറാമലയിലും പരിസരത്തും പാര്‍ട്ടിയുടെ നാവായിരുന്നു ആ മനുഷ്യന്‍. സമര മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും ദേശമായിരുന്നു ഒഞ്ചിയം. പാര്‍ട്ടിയുടെ ഉറച്ച കോട്ട. അവിടത്തെ പൊതുപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു എന്നും, ടി.പി. ജനങ്ങള്‍ക്കിടയിലായിരുന്നു എന്നുമദ്ദേഹം.
അത് ഞങ്ങളുടെ നാടിന്റെ കൂടി പ്രകൃതമാണ്. എല്ലാ വ്യത്യാസങ്ങള്‍ക്കിടയിലും അവിടെ മനുഷ്യര്‍ തമ്മിലുള്ള ഇഴയടുപ്പത്തിന് മാറ്റമുണ്ടാവില്ല. കല്യാണമോ, രോഗമോ മരണമോ -അങ്ങനെ എന്തു വന്നാലും നാട്ടുകാര്‍ മുഴുവന്‍ ഒരുമിച്ചു കൂടും. നാടിന്റെ ആവശ്യങ്ങള്‍ക്കായി മറ്റെല്ലാം മറന്ന് ഒന്നിക്കും. ആ പാരമ്പര്യം. മുഴുവന്‍ സ്വാംശീകരിച്ചതായിരുന്നു ടി.പിയുടെ പൊതു ജീവിതം.
കോണ്‍ഗ്രസുകാരനായിരുന്നു എന്റെ അച്ഛന്‍. പക്ഷേ, എന്റെ പെങ്ങളുടെ കല്യാണത്തിന് രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് കാര്യങ്ങള്‍ നടത്തിത്തരാന്‍ അന്ന് സി.പി.എമ്മിന്റെ വലിയ നേതാവായിരുന്നിട്ടും ടി.പി ഉണ്ടായിരുന്നു. മനുഷ്യര്‍ തമ്മിലുള്ള വലിയ ആത്മബന്ധമാണ് കമ്യൂണിസമെന്ന് ഞങ്ങളെല്ലാം പഠിച്ചത് ടി.പി അടക്കമുള്ളവരില്‍നിന്നാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും. സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാവായിട്ടും നാട്ടിലെ എല്ലാ പരിപാടികള്‍ക്കും ടി.പി എത്തിയിരിക്കും. എല്ലാ കല്യാണങ്ങള്‍ക്കും സാമ്പാര്‍ വിളമ്പാന്‍ മൂപ്പരുണ്ടാവും മുന്നില്‍.
പ്രദേശത്ത് മോഷണ ശ്രമം പതിവായതിനെതുടര്‍ന്ന്, കള്ളനെ പിടിക്കാന്‍ ഞങ്ങളെല്ലാം ഉറക്കമിളച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെല്ലാം ഒപ്പം ടി.പിയും ഉണ്ടായിരുന്നു. നാട്ടിലെ പല വക പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായമാവശ്യമുള്ളവര്‍ക്ക് പലരെയും ഏകോപിച്ച് സഹായമെത്തിക്കാനുമെല്ലാം ആ മനുഷ്യന്‍ മുന്നിട്ടിറങ്ങി.ഒരിക്കലും പാര്‍ട്ടി നോക്കിയിട്ടാവില്ല സഹായം.സദാ സമയവും പൊതുപ്രവര്‍ത്തനത്തിനായി മിനക്കെടുമെങ്കിലും കുടുംബത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധയുണ്ടായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. കുടുംബവുമായി വല്ലാത്ത അറ്റാച്ച്മെന്റായിരുന്നു.
ഇത്രയും ജനകീയനായ മറ്റൊരു നേതാവിനെ ഒഞ്ചിയം കണ്ടിട്ടില്ല എന്ന് ഉറപ്പിച്ചു പറയാനാവും. ജനങ്ങളുമായി അത്രയേറെ ഇഴുകി ജീവിച്ച ഒരാളായിരുന്നു ടി.പി.
അതു കൊണ്ടു തന്നെയാണ് ഈ ഗ്രാമം മുഴുവന്‍ ആ മനുഷ്യന്റെ പിന്നാലെ അണിനിരന്നത്. പാര്‍ട്ടി എന്ന വികാരത്തെ നെഞ്ചേറ്റിയ ടി.പി തങ്ങളെ വഴിതെറ്റിക്കില്ല എന്ന ഉറപ്പില്‍ തന്നെയാണ് ആയിരങ്ങള്‍ ടി.പിയെ വിശ്വസിച്ചിറങ്ങിയത്. പറയാനുള്ളത് ഏതു തമ്പ്രാന്റെയും മുഖത്തുനോക്കി പറയാന്‍ മടിയില്ലാത്ത ആ നേതാവിനു പിന്നാലെ തിരിക്കുമ്പോള്‍ ഒട്ടും സംശയമുണ്ടായിരുന്നില്ല ആ നാടിന്. ആ വാക്കുകളുടെ ആശ്വാസത്തില്‍ എല്ലാ സംഘര്‍ഷങ്ങളും മറക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് അതിനാലാണ്.
 
ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം. മുന്‍നിരയില്‍ ടി.പി ചന്ദ്രശേഖരനെ കാണാം

 
2
നാലഞ്ചു നാള്‍ മുമ്പാണ് അവസാനമായി ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചത്. ഒരു കല്യാണ വീട്ടിലായിരുന്നു. സമയം കിട്ടിയപ്പോള്‍ സംസാരിച്ചിരുന്നു. ഇതുവരെ തിരിച്ചറിയാത്ത കുറേയെറെ കാര്യങ്ങള്‍ ബോധ്യമായത് അന്ന് രാത്രിയാണ്.
എന്നെ സംബന്ധിച്ചിടത്തോളം, ജനകീയനായ ഒരുജ്വല നേതാവ് മാത്രമായിരുന്നു അതുവരെ ടി.പി. നാട്ടുകാരുടെ പ്രായോഗിക പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കാണുന്ന, അതിനു ശ്രമിക്കുന്ന ഒരു നേതാവ്. സൈദ്ധാന്തികമായ അടിത്തറയേക്കാള്‍ പൊതുപ്രവര്‍ത്തനം നല്‍കുന്ന സവിശേഷമായ പ്രായോഗിക പരിജ്ഞാനത്തിന് ഊന്നല്‍ നല്‍കുന്ന നേതാവായാണ് ഞാന്‍ ടി.പിയെ കണക്കാക്കിയിരുന്നത്. ഇതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ടി.പിയുടെ പ്രഭാഷണങ്ങള്‍. അതെപ്പോഴും ഏറ്റവും സാധാരണക്കാരനുള്ളതായിരിക്കും. വളരെ ലളിതമായി, ഋജുവായി കാര്യം പറയുന്ന രീതി. സൈദ്ധാന്തികതയോ ആഴമുള്ള വിഷയങ്ങളോ ഞാന്‍ കേട്ട ടി.പിയുടെ പ്രസംഗങ്ങളിലൊന്നുമില്ലായിരുന്നു.
മറ്റൊരു ധാരണ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു. പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നെങ്കിലും പ്രാദേശികമായ പല പ്രശ്നങ്ങളുമായിരുന്നു ഒഞ്ചിയത്ത് കൊടുങ്കാറ്റ് അഴിച്ചു വിട്ടതെന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. നാട്ടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളും വിഭാഗീയ നിലപാടുകളുമാണ് പുതിയ പാര്‍ട്ടി രൂപവല്‍കരിക്കാന്‍ കാരണമായതെന്നും ഞാന്‍ കരുതി.
എന്നാല്‍, അന്നത്തെ സംസാരം എന്റെ ധാരണകളെ ദൂരേക്ക് പറത്തിക്കളഞ്ഞു. പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങളെ പ്രത്യയശാസ്ത്രപരമായി സമീപിക്കുകയും ദൃഢമായ സൈദ്ധാന്തിക ധാരണകള്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരാളെയാണ് ഞാനന്ന് കണ്ടത്. ആഴത്തില്‍ കാര്യങ്ങളറിയുന്ന, സൈദ്ധാന്തികമായി പ്രശ്നങ്ങളെ നിര്‍ധാരണം ചെയ്യാന്‍ കഴിയുന്ന, പ്രത്യയശാസ്ത്രപരമായി ഭാവിയുടെ വെല്ലുവിളികള്‍ നേരിടാന്‍ കരുത്തുള്ള ഒരാള്‍. വിഭാഗീയതയല്ല, പ്രത്യയശാസ്ത്രപരമായ ഭിന്നത തന്നെയാണ് വിട്ടുപോക്ക് അനിവാര്യമാക്കിയതെന്ന് ഉദാഹരണ സഹിതം അന്ന് ടി.പി വിശദീകരിച്ചു.
‘ഒരു പാടു കാലം ഇന്ത്യന്‍ വിപ്ലവം സ്വപ്നം കണ്ടവരാണ് ഞങ്ങള്‍. വിപ്ലവം ഉണ്ടായില്ലെന്നു മാത്രമല്ല, പാര്‍ട്ടി തന്നെ കേഡര്‍ സ്വഭാവമുള്ള ബൂര്‍ഷ്വാ സെറ്റപ്പായി മാറിയതാണ് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ്, വിയോജിപ്പുകളുടെ ശക്തി കൂട്ടേണ്ടിവന്നത്’-സംസാരത്തിനിടെ ടി.പി പറഞ്ഞു.
ജെ.എന്‍.യുവില്‍ ‘ഐസ’ നേടിയ വിജയത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍, ഐസയെക്കുറിച്ചും അവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും ടി.പി ആഴത്തില്‍ സംസാരിച്ചു. ലിബറേഷന്‍ മാസികയെക്കുറിച്ചും അതിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചും അവരെ കാണാനും ചര്‍ച്ച നടത്താനുമായി നടത്തിയ യാത്രകളെക്കുറിച്ചും ടി.പി സംസാരിച്ചു. ഇന്ത്യയിലുടനീളം പല പേരുകളില്‍ ചിതറി കിടക്കുന്ന മിക്ക കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു ടി.പിക്ക്. അവയില്‍ പല ഗ്രൂപ്പുകളുമായി പല വട്ടം ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, മാവോയിസ്റ്റുകളുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങളേറെയായിരുന്നു. അവരൊഴിച്ച് മറ്റു പല ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന ധാരണയും ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു.
‘റഷ്യ ലോക യുദ്ധത്തില്‍ പങ്കെടുത്തില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തോടുള്ള നിലപാട് മാറ്റുമായിരുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്യ്ര സമരചരിത്രം ഇതുപോലാവില്ലായിരുന്നു-സംസാരം നിര്‍ത്തുമ്പോള്‍ അന്ന് ടി.പി പറഞ്ഞു.
 
ഒരു പുസ്തകപ്രകാശന ചടങ്ങില്‍ ടി.പി ചന്ദ്രശേഖരന്‍

 
3
പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നത നിലനിന്ന നാളുകളില്‍ കടുത്ത സംഘര്‍ഷങ്ങളിലൂടെയാണ് ടി.പിയും സഹപ്രവര്‍ത്തകരും കടന്നുപോയത്. പാര്‍ട്ടി വിടുമെന്ന അവസ്ഥ വന്നപ്പോള്‍ ഭാവി എന്താവുമെന്ന ആശങ്ക പരന്നു. ഭീഷണികളും ആക്രമണങ്ങളുമൊക്കെ ഊര്‍ജിതമായി. അതോടൊപ്പം പ്രലോഭനങ്ങളും. എന്നാല്‍, ആശയക്കുഴപ്പങ്ങള്‍ ഏറെ നേരം നീണ്ടുനിന്നില്ല. പ്രത്യയശാസ്ത്ര പരമായ കരുത്തിനാല്‍ അവയെല്ലാം തരണം ചെയ്യാന്‍ ടി.പിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.
‘അതുവരെ വിശ്വസിച്ചുപോന്നതൊക്കെ ശരിയായിരുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടാക്കിയ ആഘാതം കടുത്തതായിരുന്നു. എന്തിനുവേണ്ടിയാണോ ഇത്ര കാലം ജീവിച്ചത് അതു പൊടുന്നനെ ഇല്ലാതാവുമ്പോഴുള്ള ശൂന്യത ഭീകരമായിരുന്നു. മൂന്നാലു ദിവസം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. വല്ലാത്ത സംഘര്‍ഷത്തിലായിരുന്നു എല്ലാവരും. എന്നാല്‍, ശരിയായ അര്‍ഥത്തില്‍ കാര്യങ്ങള്‍ വീണ്ടും അവലോകനം ചെയ്തപ്പോള്‍ പോരാട്ടത്തിന്റെ ആവശ്യകത പൂര്‍വാധികം ബോധ്യപ്പെട്ടു. ദിശാബോധമുണ്ടായി. അങ്ങനെയാണ്, ആ നാളുകളില്‍ പിടിച്ചു നിന്നത്’- ആ ദിവസങ്ങളെക്കുറിച്ചുള്ള എന്റെ സംശയത്തിന് വാക്കുകള്‍ കൃത്യമായി ഇതായിരുന്നില്ലെങ്കിലും ഇങ്ങനെയായിരുന്നു ടി.പിയുടെ മറുപടി.
ഇടതുപക്ഷ ഏകോപനസമിതിക്ക് പിന്നീടുണ്ടായ ബലഹീനത ഒഞ്ചിയത്തെ ബാധിക്കാതിരുന്നത് ഈ ദിശോബോധം ഉള്ളതുകൊണ്ടുതന്നെയായിരുന്നു. ഗതികെടുമ്പോള്‍ യു.ഡി.എഫ് പക്ഷത്തേക്ക് ചേക്കേറാന്‍ തയ്യാറായ സമിതി നേതാക്കളില്‍ ചിലരെയെങ്കിലും പാര്‍ലമെന്ററി വ്യാമോഹമായിരുന്നു അതിന് പ്രേരിപ്പിച്ചത്. എന്നാല്‍, ഒഞ്ചിയത്ത് ഇത് ബാധകമായിരുന്നില്ല. ഒരു കാരണവശാലും വലതുപക്ഷത്തേക്ക് പോവില്ലെന്ന് ടി.പി അടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നു. അങ്ങനെ പോവുന്നവരെ എതിര്‍ക്കുമെന്നും അവര്‍ തീരുമാനിച്ചു. അതിനാലാണ്, എം.ആര്‍ മുരളിയെ തള്ളിപ്പറയാന്‍ ടി.പി തയ്യാറായത്. മറ്റിടങ്ങളിലുള്ള ചാഞ്ചാട്ടം ഒഞ്ചിയത്ത് ഉണ്ടാവാതിരുന്നതും. യു.ഡി.എഫ് പലപ്പോഴും റവല്യൂഷനറി പാര്‍ട്ടിയ സഹായിച്ചിരുന്നു. തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെയും മറ്റും. എന്നാല്‍, പാര്‍ട്ടി ഒരിക്കലും യു.ഡി.എഫിനെ സഹായിച്ചിട്ടില്ല. ഒരിടത്തും സ്ഥാനാര്‍ഥിയെ നിര്‍ത്താതെയുമിരുന്നില്ല.
ഒഞ്ചിയത്തെ സാഹചര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ ഒരു നിരീക്ഷണം അന്ന് ടി.പി മുന്നോട്ടുവെച്ചു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് ശരിയാണെന്ന് എനിക്കും ബോധ്യം വരുന്നുണ്ട്.
മറ്റെല്ലാ ഘട്ടങ്ങളിലും നേതാക്കന്‍മാരുടെ പിന്നാലെയാണ് അണികള്‍ ഇറങ്ങിവന്നിരുന്നത്. നേതാക്കന്‍മാരായിരുന്നു ചാലകശക്തി. എം.വി രാഘവന്‍ ആയാലും ഗൌരിയമ്മ ആയാലുമെല്ലാം അതു തന്നെയാണ്. ഒഞ്ചിയത്ത് നടന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. അവിടെ അണികളാണ് ഇറങ്ങിപ്പോന്നത്. ഏതെങ്കിലും വ്യക്തിപ്രഭാവമുള്ള നേതാക്കളെ കണ്ടിട്ടായിരുന്നില്ല, ആശയപരമായ ഭിന്നത പൂര്‍ണാര്‍ഥത്തില്‍ ബോധ്യപ്പെട്ടായിരുന്നു ആ ഇറങ്ങിപ്പോക്ക്. മേഖലയിലെ ചില നേതാക്കളൊക്കെ പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കുകയും അണികള്‍ ഒന്നിച്ച് പുറത്തേക്ക് ഒഴുകുകയുമായിരുന്നു. അതു കൊണ്ടാവണം റെവല്യൂഷനറി പാര്‍ടിടയില്‍ നേതാക്കള്‍ കുറഞ്ഞത്. അണികള്‍ കൂടിയത്. എന്നാല്‍, ഇതിനൊരു ഗുണവശമുണ്ട്. നേതാക്കളെ മാത്രം ഭ്രമണം ചെയ്യുന്ന അവസ്ഥയില്‍, ആ നേതാക്കള്‍ ഇല്ലാതായാല്‍ പാര്‍ട്ടി തന്നെ ഇല്ലാതാവുന്ന അവസ്ഥ വരും.
‘ഒഞ്ചിയത്ത് അത് നടക്കില്ല. അവിടെ നേതാക്കന്‍മാരേക്കാള്‍ പ്രധാനം അണികളാണ്. നേതാക്കളില്ലെങ്കിലും അവിടെ പാര്‍ട്ടി നിലനില്‍ക്കും. എത്ര കഷ്ടപ്പാട് അനുഭവിച്ചാലും സമവായത്തിന് ജനങ്ങള്‍ തയ്യാറാവില്ല’^സംസാരത്തിനിടെ, പെട്ടെന്ന് ടി.പി പറഞ്ഞു.
ഇപ്പോള്‍, ആ അവസ്ഥയാണ്. നേതാവ് ഇല്ലാതായി. എന്നാല്‍, നേതാവിനെ ഇല്ലാതാക്കിയാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്ന ശതുക്കളുടെ വ്യാമോഹം ഇവിടെ നടക്കാന്‍ പോവുന്നില്ല. ടി.പി വിശ്വസിച്ചിരുന്നതുപോലെ, സ്വയം നിലനില്‍ക്കാന്‍ ഇവിടത്തെ മനുഷ്യര്‍ക്കാവുക തന്നെ ചെയ്യും. അതിനുള്ള ഊര്‍ജം പകരുന്ന സാന്നിധ്യമായിരിക്കും ടി.പിയുടെ ഓര്‍മ്മ.


 
4
അസാമാന്യമായ ധീരതയായിരുന്നു ആ മനുഷ്യന്റേത്. മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന സാധാരണ മനുഷ്യന്റെ മനസ്സായിരുന്നു ടി.പിക്ക്. ഒന്നിനെയും ഭയമുണ്ടായിരുന്നില്ല. ഒരു ഭീഷണികളും വകവെച്ചിരുന്നില്ല.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ജയരാജേട്ടന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ എല്ലാവരും ആകെ പകച്ചു പോയിരുന്നു. ഭീഷണി ഉണ്ടായിരുന്നെങ്കിലും ആ ആക്രമണത്തിന്റെ സ്വഭാവം ഞെട്ടിച്ചു കളഞ്ഞു. കണ്ണൂക്കര വെച്ചാണ് ജയരാജേട്ടന്‍ ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞ് ആളുകളെ അകറ്റുക. കിട്ടുന്ന നേരം കൊണ്ട് ഇരയെ വെട്ടിനുറുക്കുക. ഇതായിരുന്നു രീതി. പകലായിരുന്നതു കൊണ്ടു മാത്രമാണ് ജയരാജേട്ടന്‍ അന്ന് രക്ഷപ്പെട്ടത്. അതാവണം ടി.പിക്കുനേരെയുള്ള ആക്രമണം രാത്രിയാക്കിയത്.
അന്ന്, ജയരാജേട്ടനെതിരായ ആക്രമണം സൃഷ്ടിച്ച ആഘാതത്തെ മറികടക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കിയത് ടി.പി ആയിരുന്നു. ആളുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ആ മനുഷ്യന്റെ ഉജ്വലശേഷി ബോധ്യമായ ദിവസമായിരുന്നു അത്. ഇളക്കങ്ങള്‍ പെട്ടെന്ന് പിടിച്ചുനിര്‍ത്താന്‍ ആ ശ്രമങ്ങള്‍ക്കായി. അതുകൊണ്ടുതന്നെയാണ്, അന്ന് ഒരാള്‍ പോലും പാര്‍ട്ടിവിട്ടു പോവാതിരുന്നതും.
അക്രമം കൊണ്ട് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ടി.പി എല്ലായ്പ്പോഴും പറഞ്ഞിരുന്നു. ഒഞ്ചിയത്തുവെച്ച് പകരം വീട്ടുന്നതിനോടും അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. പുറത്തുള്ളവരായിരുന്നു പലപ്പോഴും അക്രമികള്‍. ഒഞ്ചിയത്തെ സി.പി.എമ്മുകാര്‍ ചിലതൊന്നും അറിയാറുപോലുമുണ്ടായിരുന്നില്ല. അതിനാല്‍, പുറത്തുള്ളവര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഒഞ്ചിയത്തുവെച്ച് പകരം വീട്ടുന്നതില്‍ കാര്യമില്ലെന്ന് ടി.പി പറഞ്ഞു.
ചില രാത്രികളില്‍ വടകരയെത്തുമ്പോള്‍ ടി.പിയെ കാണാറുണ്ട്. നാട്ടിലേക്കാണെന്ന് പറയുമ്പോള്‍ എന്നാല്‍, കയറിക്കോ എന്നു പറഞ്ഞ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും. ഒന്നിച്ച് നാട്ടിലേക്ക് പോവും. എന്നെ വീട്ടില്‍ ഇറക്കിയിട്ടേ ടി.പി വീട്ടിലേക്ക് പോവൂ.
ഇത്രയധികം ഭീഷണികള്‍ ഉണ്ടാവുമ്പോള്‍, രാത്രി ഒറ്റക്ക് ബൈക്കില്‍ പോവുന്നത് ശരിയല്ലെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തനിച്ച് പോവരുതെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മറ്റു പലരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍, ടി.പി ഒരു യാത്രയും മുടക്കിയില്ല. ഭീഷണികാരണം ജോലികള്‍ മാറ്റിവെക്കാനോ മരണത്തെപ്പേടിച്ച് സമവായത്തിനു നില്‍ക്കാനോ ഒരിക്കലും ആ മനുഷ്യന്‍ തയ്യാറായിരുന്നില്ല.
‘മാക്സിമം, മരിക്കുകയല്ലേ ചെയ്യൂ. അവര്‍ കൊന്നോട്ടെ’-ഇതായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളിലെ ടി.പിയുടെ പതിവു മറുപടി.
നല്ല ആരോഗ്യമുള്ള, അജാനബാഹുവായിരുന്നു ടി.പി സ്വന്തം ശരീരത്തെക്കുറിച്ച് നല്ല വിശ്വാസമുണ്ടായിരുന്നു. അത്രയെളുപ്പമൊന്നും ടി.പിയെ കീഴ്പെടുത്താന്‍ കഴിയില്ലെന്ന് ശത്രുക്കള്‍ക്കുമറിയാമായിരുന്നു. അതിനാലാവണം, അവര്‍ ആ മനുഷ്യനെ ഇതുപോലെ വെട്ടിനുറുക്കിയത്. ഇത്തിരി ജീവനെങ്കിലും ബാക്കിയുണ്ടെങ്കില്‍ ടി.പി ഉണര്‍ന്നെണീക്കുമെന്ന് അവര്‍ ഭയന്നിരിക്കണം.
അവനെയാണ് എന്റെ ഭാഷാശാസ്ത്രത്തിലിട്ട് വെട്ടിക്കൊന്നത്