thalopandi

Pages

Wednesday, March 31, 2010

ഇന്ന് ഏപ്രില്‍ ഒന്ന്



ഇന്ന് ഏപ്രില്‍ ഒന്ന്..... 'ഏപ്രില്‍ഫൂള്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ ദിനം,മറ്റുള്ളവരെ ഫൂളാക്കാതെ,നാം സ്വയം വിഡ്ഢികളാകാതെ,നല്ലത് മാത്രം ചിന്തിച്ചു നല്ലതിന് വേണ്ടി മാത്രം നിലകൊണ്ടു 'ഏപ്രില്‍ഫൂള്‍'എന്ന വൃത്തികെട്ട പേര് ഈ ദിവസത്തില്‍ നിന്നും മായ്ച്ചു കളയാന്‍ നമുക്കൊന്ന് ശ്രമിക്കാം... അതേ നമുക്കെന്നു പറഞ്ഞാല്‍, നമ്മള്‍ വാണിമേല്‍ക്കാര്‍ക്കെങ്കിലും....
ഇന്ന് ഭൂമിവാതുക്കല്‍ എല്‍.പി. സ്കൂള്‍ വാര്‍ഷികവും മാഗസിന്‍ പ്രകാശനവും വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ സ്കൂള്‍ പരിസരത്ത് വെച്ച് നടക്കുന്നു.
നാളെ, വാണിമേല്‍ എം.യു.പി സ്കൂള്‍ വാര്‍ഷികവും ഹെഡ്മാഷ്‌ അച്യുതന്‍ മാഷിനു യാത്രയയപ്പും നല്‍കുന്നു. എപ്രില്‍ന്റെ തുടക്കം ഇങ്ങിനെ കുറെ നല്ല കാര്യങ്ങള്‍ കൊണ്ടാവട്ടെ.... കൂടെ നല്ല ചിന്തകളിലൂടെയും....
സ്കൂള്‍ പരിപാടികളുടെയും,മറ്റു നാട്ടിലെ നല്ല വിഷയങ്ങളുടെയും കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും നിങ്ങള്‍ക്കിതില്‍ പ്രതീക്ഷിക്കാം ....... ഞാന്‍ നിങ്ങളുടെ നല്ല നിര്‍ദ്ദേശങ്ങള്‍ക്ക് ആഗ്രഹിക്കുന്നു.

പക്കോയിപാലം... സ്വപ്നം യാഥാര്‍ത്യമാവുന്നു........



പക്കോയി പാലം
പാക്കോയി പാലം പണി എത്രയും പെട്ടെന്ന് തീര്‍ത്ത്‌,പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമേ എന്നാണു ,വാണിമേല്‍ക്കാരുടെയും, നംബ്യത്താംകുണ്ടുകാരുടെയും ഇപ്പോളത്തെ പ്രാര്‍ത്ഥന. അതിനു ദൈവം സഹായിച്ചു,ഭരണാധികാരികള്‍ കനിയുമെന്നു തന്നെയാണ് ഇരു പ്രദേശത്തെയും നാട്ടുകാരുടെ വിശ്വാസം
50% ന് മേല്‍ പണി തീര്‍ന്ന പാക്കോയി പാലം ഉടന്‍ പൂര്‍ത്തിയാകുമെന്ന് നമുക്കും വിശ്വസിക്കാം... ഭൂമിവാതുക്കല്‍ -നരിപ്പറ്റ നിവാസികള്‍ക്ക് യാത്രാ ബുദ്ധിമുട്ട് തീരാന്‍ ഇനി കുറച്ചു കൂടി കാത്തിരിക്കാം

സ്നേഹപൂര്‍വ്വം കുഞ്ഞമ്മദ് മാഷിനു.....




അങ്ങിനെ പുത്തന്‍പുരയില്‍ കുഞ്ഞമ്മദ് മാഷും വാണിമേല്‍ ക്രസന്റ് ഹൈ സ്കൂളില്‍ നിന്നു പടിയിറങ്ങുന്നു.ക്രസന്റിലെ ആദ്യ കാല അധ്യാപകരില്‍ അവസാന കണ്ണി എന്ന് വേണമെങ്കില്‍ പറയാം.2010 മാര്‍ച്ച്‌ 28 ന് നടന്ന യാത്രയയപ്പു സമ്മേളനവും,പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും എന്തുകൊണ്ടും ശ്രദ്ദേയം തന്നെ....
യാത്രയയപ്പ് സമ്മേളനത്തില്‍ മുന്‍ മന്ത്രി ഡോ:എം.കെ.മുനീര്‍ ഈണത്തില്‍ പാട്ട് പാടി,സദസ്സ്യരെ സുഖിപ്പിച്ചപ്പോള്‍,അതിന്റെ കൂടെ പ്രശസ്ത മാപിളപ്പാട്ട് കവിയും, ക്രസന്റിലെ തന്നെ അധ്യാപകനുമായ കുന്നത്ത് മൊയിതു മാഷ്‌ കൂടി പാടാന്‍ തുടങ്ങിയതോടെ,കൂടി നിന്ന നാട്ടുകാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പുതിയൊരു അനുഭവമായി.
വൈകുന്നേരം നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍,കഴിഞ്ഞ പതിനെട്ടു വര്‍ഷമായി അരക്ക് താഴെ തളര്‍ന്ന ശരീരവുമായി,പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ കിടപ്പിലായിപ്പോയ സുരേഷ് എന്ന എന്‍റെ ഒരു 'ക്ലാസ്മൈറ്റിനെ'പുതുക്കയം,പച്ചപാലത്തെ ഒരു മലയോരത്തു നിന്നു കൊണ്ടു വരാന്‍ കഴിഞ്ഞതും ,എനിക്ക് മാനസികമായി വളരെ സന്തോഷം തന്നു.സദസ്സില്‍ അവന്‍ ചെയ്ത പ്രസംഗത്തിലെ ഓരോ വരികളും,നമ്മുടെ മനസ്സിനെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.മാഷുടെ മുമ്പില്‍ എനിക്കിരുന്നു പഠിക്കാനും ,തല്ലു കൊള്ളാനുമുള്ള ഭാഗ്യം കിട്ടിയില്ലെങ്കിലും,എന്‍റെ സ്കൌട്ട് അദ്ധ്യാപകന്‍ ആയിരുന്ന, എന്നും എനിക്കൊരു ഉപദേശകനായിരുന്ന കുഞ്ഞമ്മദ് മാഷിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.... കൂടെ പുതിയ പ്രധാനധ്യാപകനായി വരുന്ന എം.എ.വാണിമേല്‍നും എന്‍റെ സര്‍വ്വ വിധ മംഗളങ്ങളും നേരുന്നു.......

..............രണ്ടു ജന്മങ്ങള്‍............


രണ്ടു ജന്മങ്ങള്‍......

വിശ്വാസത്തിനും പ്രകൃതി നിയമത്തിനും എതിരാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ,ബന്ധുക്കളും,സുഹ്രത്ത്ക്കളും ഉള്‍പടെ നാട്ടുകാരെല്ലാം ആഗ്രഹിച്ചു പോയി.. റാബിയയുടെ മരണത്തെ. ഇതേ നാട്ടുകാര്‍ തന്നെയാണ് ഫലമില്ലെന്നറിഞ്ഞിട്ടും,സൈനബയുടെ മരണം സംഭവിക്കാതിരിക്കാന്‍ ,അവരുടെ ആയുസ്സ് നീട്ടിക്കൊടുക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചതും.പ്രാര്‍ത്ഥനയിലെ ഇരട്ടത്താപ്പ് കാരണമായിരിക്കാം, ഒരു പക്ഷെ ദൈവം തമ്പുരാന്‍ ചിലപ്പോളെങ്കിലും നമ്മള്‍ ആഗ്രഹിക്കാത്ത കടുത്ത ചില തീരുമാനങ്ങള്‍ എടുക്കുന്നത്.
സൈനബയും, റാബിയയും......... ഗ്രാമ നന്മകള്‍ മുഴുവന്‍ കുടികൊള്ളുന്നത് അവരിലാണെന്നു തോന്നും. അവരവരാല്‍ കഴിയുന്ന സഹായങ്ങള്‍ അന്യര്‍ക്ക് ചെയ്തു കൊടുക്കാന്‍ സദാ സന്നദ്ധര്‍. രണ്ടു പേരും പരസ്പരം അറിയുന്നവരോ,കൂട്ടുകാരികളോ,സഹപാടികളോ ഒന്നുമായിരുന്നില്ല. കല്യാണ ബന്ധങ്ങള്‍ അവരെ അയല്‍വാസികളാക്കി. മനസ്സിന്റെ പൊരുത്തം കൊണ്ടാവാം, ആത്മാര്‍ത്ഥ സുഹ്രത്തുക്കളുമാക്കി.അവരുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിശാലത,നാട്ടിലെല്ലവര്‍ക്കും പ്രിയപ്പെട്ടവരാക്കി. അവരുടെ കാരുണ്യം അനുഭവിച്ചറിഞ്ഞവരായിരുന്നു അന്നാട്ടുകാരില്‍ പലരും.
നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല, ജീവിതത്തിന്റെ അര്‍ത്ഥങ്ങളും ,അനര്‍ത്ഥങ്ങളും കാട്ടിത്തരാന്‍ ദൈവം പടച്ച രണ്ടു മനുഷ്യ ജന്മങ്ങളായിരുന്നു അവരെന്ന്.
നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയാണ് സൂപ്പി ഹാജി. റാബിയയുടെ ഭര്‍ത്താവ്.സാമ്പത്തികമായി ഉന്നത സ്ഥാനം ഇല്ലായെങ്കിലും ,ആരെയും സഹായിക്കാനുള്ള മനസ്സും സന്നദ്ധതയും അദ്ദേഹത്തിനുണ്ടായിരുന്നു. ജനസമ്മതനും,പരോപകാരിയുമായ സൂപ്പിഹാജിക്കൊപ്പം ജീവിതം ആരംഭിക്കുമ്പോള്‍ റാബിയക്ക് വയസ്സ് പതിനഞ്ചു. പടച്ചവന്‍ അവരെ തുണച്ചു. തങ്കക്കുടം പോലുള്ള മൂന്നു മക്കളെയും അവര്‍ക്ക് നല്‍കി.
മൂത്ത മകള്‍ റസിയ. ചെറു പ്രായത്തിലേ റസിയയും വിവാഹിതയായി. അറിയപ്പെടുന്ന ബിസ്സിനെസ്സ്കാരനാണ് ഭര്‍ത്താവ്. കല്യാണം കഴിഞ്ഞു ഒരു മാസം തികയും മുമ്പേ, റസിയയും ഭര്‍ത്താവും കടല്‍ കടന്നു.സ്വപ്‌നങ്ങള്‍ പൂക്കുന്ന മരുഭൂമിയിലേക്ക്‌.
തങ്ങള്‍ നട്ടു പിടിപ്പിച്ച ജീവിതത്തിനു, നിറമുള്ള സ്വപ്‌നങ്ങള്‍ തുന്നി ചേര്‍ക്കാന്‍ അവര്‍ക്ക് ഗള്‍ഫ് അനിവാര്യമായിരുന്നു. മകളുടെ അകല്‍ച്ച മാതാപിതാക്കളെ തളര്‍ത്തിയെങ്കിലും, രണ്ടറ്റങ്ങളില്‍ നിന്നു വിരഹ വേദനതിന്നു കഴിയുന്നവരുടെ കൂട്ടത്തില്‍ തങ്ങളുടെ മകള്‍ ആയിപ്പോയില്ലല്ലോ എന്ന ചിന്തയില്‍ അവര്‍ ആശ്വാസം കണ്ടെത്തി.
മകന്‍ എന്നും ഞങ്ങള്‍ക്ക് കൂട്ടും തുണയും ആകണം ,അതിനായി എന്തും ചെയ്യും എന്ന ചിന്തയാണ് ഏക മകന്‍ റഫീഖിനെ മെഡിസിന് ചേര്‍ക്കാന്‍ സൂപ്പി ഹാജിയെ പ്രേരിപ്പിച്ചത്. പക്ഷെ ബാപ്പയുടെയും ഉമ്മയുടെയും പ്രതീക്ഷ തല്ലിക്കെടുത്തി റഫീഖ് പഠനം കഴിഞ്ഞ ഉടനെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയെ കല്യാണവും കഴിച്ചു ,അവരുടെ ജീവിതം ഖത്തരിലേക്ക് പറിച്ചു നട്ടു.
മൂന്നാമത്തെ മകള്‍ റംലയെ കല്യാണം കഴിച്ചത് ഒരു ഹൈ സ്കൂള്‍ മാഷായിരുന്നു. തന്‍റെ ഭാര്യ ഒരു അധ്യാപകയാവുക എന്ന് ആഗ്രഹിച്ച അയാള്‍ റംലയെ വീണ്ടും പഠിപ്പിച്ചു. അയാളുടെ സ്കൂളില്‍ തന്നെ ജോലിയും ശരിയാക്കി. മക്കളുടെ വളര്‍ച്ചയിലും, ഉയര്‍ച്ചയിലും എന്നും സൂപ്പിഹാജി സന്തോഷവാനായിരുന്നു. അതില്‍ അദ്ദേഹം ആശ്വസിച്ചു.
പക്ഷെ വിധി അവരെ പരീക്ഷിച്ചു തുടങ്ങുകയായിരുന്നു. റംലയുടെ വിവാഹം കൂടി കഴിഞ്ഞതോടെ കാര്യങ്ങള്‍ താളം തെറ്റി തുടങ്ങി.പെട്ടെന്ന് വന്ന ഏകാന്തത അവരെ തളര്‍ത്തി ക്കളഞ്ഞു. ഒറ്റപ്പെടല്‍ കാരണം റാബിയ പലപ്പോളും സ്വയം മറന്നു പെരുമാറി.എപ്പോളും ആലോചനയില്‍ മുഴുകിയിരുന്ന റാബിയ സൂപ്പിഹാജിയെ കൂടുതല്‍ പ്രയാസപ്പെടുത്തി.പ്രിയതമയുടെ ഏകാന്തത ഇല്ലാതാക്കാന്‍ അയാള്‍ പരമാവതി ശ്രമിച്ചു.റാബിയയുമായി കൂടുതല്‍ സമയം ചിലവഴിച്ചു. എന്നിട്ടും റാബിയ ഒരുതരം അക്ക്രമവാസന കാണിക്കാന്‍ തുടങ്ങിയപ്പോളാണ് സൂപ്പിഹാജി അറിയുന്നത് ,തന്‍റെ പാതി ജീവനായ പ്രിയ തോഴിയുടെ മനസ്സ് പൂര്‍ണ്ണമായും തകര്‍ന്നു പോയെന്നു. സൂപ്പിഹാജിയുടെ കൂടി തകര്‍ച്ചയായിരുന്നു അത്. കുറഞ്ഞ നാള്‍ക്കകം റാബിയ പൂര്‍ണ്ണ മനോരോഗിയായി മാറിക്കഴിഞ്ഞിരുന്നു.
ചികിത്സയില്‍ കാര്യമായ പുരോഗതിയില്ലാതെ ഒരു വര്‍ഷം കഴിഞ്ഞു പോയി. ദേശാടന ക്കിളികള്‍ പോലെ മക്കള്‍ വല്ലപ്പോളും വന്നും പോയുമിരുന്നു. ഓരോ വരവിലും മക്കള്‍ ബുദ്ധിമുട്ടുകളുടെ 'വിഴുപ്പുഭാണ്ഡം' ബാപ്പയ്ക്ക് മുമ്പില്‍ തുറന്നിടും. ഇനി വരാതിരിക്കാനുള്ള പഴുതിനു വേണ്ടി.
അന്നൊരു മഴയുള്ള നാള്‍.ഡോക്ടറെ കണ്ടു മടങ്ങുകയാണ് റാബിയയും, സൂപ്പിഹാജിയും. ജീവിതം അവര്‍ക്ക് തിരിച്ചു കിട്ടിയതിലുള്ള സന്തോഷം ഡോക്ടറെ ഒന്നുകൂടി കണ്ടു പങ്കുവെച്ചു, ഡോക്ടര്‍ അവരുടെ മനസ്സില്‍ നിറച്ച ആശ്വാസങ്ങളുമായി..... ഓരോ തമാശകളും,പരിഭവങ്ങളും പറഞ്ഞു കൊണ്ടു യാത്ര ചെയ്യുകയാണവര്‍....പെട്ടെന്നാണ് ദിശ തെറ്റി വന്ന ഒരു പാണ്ടി ലോറി അവരുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചത്. കാതടിപ്പിക്കുന്ന ശബ്ദം. ഓര്‍മ്മ വരുമ്പോള്‍ ആശുപത്രിക്കിടക്കയിലാണ്. ചെറിയ മുറിവുകളല്ലാതെ കാര്യമായൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വസിച്ചു സൂപ്പിഹാജി. പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോയത് പാവം അറിഞ്ഞിരുന്നില്ല.
തലയ്ക്കു ക്ഷതമേറ്റ റാബിയക്ക് ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നിട്ടും മറഞ്ഞു പോയ ഓര്‍മ്മ ശക്തിയോ,സംസാര ശേഷിയോ തിരിച്ചു കിട്ടിയില്ല. ഒരു കുഞ്ഞിനെ നോക്കുന്ന ശുഷ്കാന്തിയോടെ പടച്ചവന്റെ കനിവും പ്രതീക്ഷിച്ചു സൂപ്പിഹാജി രാബിയയെ പരിപാലിച്ചു.
കാത്തിരിപ്പ് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ഒരു റമളാന്‍ മാസം.മനസ്സ് ഭക്തിസാന്ദ്രമാകുന്ന മുപ്പതു ദിനരാത്രങ്ങള്‍. അതിലെ ഇരുപത്തിമൂന്നാം രാവ്‌.പതിവ് പോലെ പള്ളിയില്‍ രാത്രി നമസ്കാരം നടക്കുന്നു. പെട്ടെന്ന് പിന്നില്‍ നിന്നൊരു ബഹളം, ആളുകള്‍ കൂടി നിന്നു. വീണു കിടക്കുന്ന സൂപ്പിഹാജിയെ താങ്ങിയെടുത്ത് കിട്ടിയ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ പാതി വഴിയില്‍ വെച്ചു തന്നെ എല്ലാം കഴിഞ്ഞിരുന്നു. ആ മനുഷ്യന്‍ ഭാര്യയില്ലാത്ത ലോകത്തേക്ക് യാത്രയായി.
റാബിയയെ എങ്ങിനെ ഈ വിവരം അറിയിക്കും. എല്ലാവര്ക്കും മാതൃകയായ ആ ദമ്പതികളില്‍ ഒരാളുടെ വേര്‍പാട് മറ്റെയാള്‍ എങ്ങിനെ സഹിക്കും. ഒന്നുമറിയാതെ കണ്ണുകള്‍ തുറന്നു പാതി മയക്കത്തില്‍ ജീവിതം തീര്‍ക്കുന്ന റാബിയ ഇതെങ്ങിനെ തിരിച്ചറിയും. ജലപാനം പോലുമില്ലാതെ ഭര്‍ത്താവിന്റെ കാലനക്കം പ്രതീക്ഷിച്ചു കിടക്കുന്ന റാബിയ.... സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവിടെ വരുന്ന ഓരോരുത്തരും. വൈകുന്ന ഓരോ നിമിഷവും, എത്തിനോക്കുന്ന ഓരോ മുഖവും, ആ വിവരം താനേ റാബിയയിലെത്തിച്ചു. ഒരിക്കലും ഇല്ലാത്തത്രയും കണ്ണീരിന്റെ ഒഴുക്ക് ,തന്‍റെ പ്രിയതമന്റെ വേര്‍പാട് അറിഞ്ഞിട്ടാണെന്നു എല്ലാവരും മനസ്സിലാക്കി.
"വെച്ചോണ്ടിരിക്കേണ്ട..... റഫീഖിന് വരാന്‍ പറ്റില്ല..... കുട്ടികള്‍ക്ക് സ്കൂള്‍ ആയതിനാല്‍ മകള്‍ റസിയ മാത്രം നാളത്തെ വിമാനത്തിലെ എത്തൂ.. എല്ലാറ്റിനും റംലയുണ്ടല്ലോ,ഇനി വേഗം നോക്കാം" തിരക്കായിരുന്നു എല്ലാര്‍ക്കും.... സര്‍വ്വവും നഷ്ട്ടപ്പെട്ടു, സര്‍വ്വരാലും പരിത്യജിക്കപ്പെട്ടു, തളര്‍ന്നു കിടക്കുന്ന റാബിയ ,അവരെ സ്നേഹിച്ച എല്ലാവരെയും കണ്ണ് നനയിച്ചു കളഞ്ഞു. തെറ്റാണ് എന്നറിഞ്ഞിട്ടും, അവിടെ കൂടിയിരുന്നവരെല്ലാം ആഗ്രഹിച്ചു പോയി.... പ്രാര്‍ത്ഥിച്ചുപോയി, പടച്ചവനെ... ആര്‍ക്കും വേണ്ടാത്ത ഈ റാബിയയെ കൂടി അങ്ങ് കൊണ്ടു പോവണമേയെന്ന്‌!!!!
സൂപ്പിഹാജിയുടെ ഉറ്റ സുഹ്രത്ത്കൂടിയായ തന്‍റെ ഭര്‍ത്താവിന്റെ തിരിച്ചു വരവിനെ ഒരാഘോഷമാക്കി മാറ്റി സൈനബ. വീട് മുഴുവന്‍ കഴുകിത്തുടച്ചും, മുറ്റത്തെ തെങ്ങിനും കഴുങ്ങിനും,മാവിനുമൊക്കെ നിറം പകര്‍ന്നും, പശുവിനെ കുളിപ്പിച്ചും സൈനബ സ്വയം ആനന്ദിച്ചു.പരോള്കാരനെ പോലെ ഒരു മാസത്തെക്കല്ല ഭര്‍ത്താവിന്റെ വരവ് എന്ന തിരിച്ചറിവ്,അവളെ വല്ലാതെ സന്തോഷിപ്പിച്ചു. ഇനിയുള്ള കാലം മുഴുവന്‍ ഹുസൈന്ക്ക എന്നോടൊപ്പം തന്നെയുണ്ടാകുമെന്നതു മനസ്സില്‍ കുളിര് കോരിയിട്ടു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ആവേശം കൊണ്ടു എന്തൊക്കെയോ ചെയ്തു കൂട്ടുന്നു .
ഹുസൈന്‍...... സൂപ്പി ഹാജിയുടെ ഏറ്റവും അടുത്ത സുഹ്ര്‍ത്തുക്കളില്‍ ഒരാള്‍.ഒരു പക്കാ ഗള്‍ഫുകാരന്‍.പ്രവാസി എന്നതിന്റെ വിവരണം ഹുസൈന്റെ മുഖത്തു നിന്നു വായിച്ചെടുക്കാം. ഗള്‍ഫിന്റെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞയാള്‍.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഹുസൈന് പ്രവാസി കുപ്പായം അണിയേണ്ടി വന്നു. ബാധ്യതകളെല്ലാം ചെയ്തു തീരുംബോളെക്കും സൈനബ സഖിയായിട്ടു ഇരുപത്തിയഞ്ചു വര്‍ഷം. ആണും പെണ്ണുമായിട്ട് ഒരു മകള്‍ മാത്രം ....ഷംന......
സൈനബയുടെയും, ഹുസൈന്റെയും പ്രതീക്ഷ മുഴുവന്‍ ഷംനയിലായിരുന്നു. നല്ല വണ്ണം പഠിപ്പിക്കണം, നല്ല ഒരു ജോലി നേടിക്കൊടുക്കണം... പ്രതീക്ഷ പോലെ തന്നെ ഷംന മിടുക്കിയായിരുന്നു.എല്ലാ ക്ലാസിലും ഒന്നാമത്. എഞ്ചിനീയറിങ്ങിനു ഒന്നാം റാങ്കോടെ പാസ്സായി. ഒരു എഞ്ചിനീയറെ തന്നെ വരനായും കിട്ടി. അവരും സ്വപ്‌നങ്ങള്‍ വിതച്ചതും,കൊയ്തതും മരുഭൂമിയില്‍ തന്നെയായിരുന്നു. ഉമ്മയെ തനിച്ചാക്കി ഷംന ഗള്‍ഫിലേക്ക് പറന്നു.
ഹുസൈന്‍ വന്നു. ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം അവരുടെ ദാമ്പത്യത്തിന്റെ രണ്ടാം ഭാഗം തുടങ്ങാന്‍.മകള്‍ കൂടെയില്ലാത്തതിനാല്‍ ആ ലോകം അവരുടെ മാത്രമായി. പരസ്പരം സ്നേഹിച്ചും,സ്നേഹിക്കപ്പെട്ടും മനസ്സ് നിറയുന്ന ദിവസങ്ങള്‍. പരസ്പരം സ്നേഹിച്ചു തോല്പിക്കാന്‍ അവര്‍ മത്സരിക്കുകയായിരുന്നു. പണ്ടെന്നോ ചെയ്യേണ്ടിയിരുന്ന കാര്യം വളരെ വൈകിപ്പോയതായി ഹുസൈന് തോന്നി. സൈനബക്കും കുറച്ചു അഹങ്കാരം തോന്നാതിരുന്നില്ല. ഭൂമി ലോകത്തെ ഏറ്റവും ഭാഗ്യവതി ഇപ്പോള്‍ ഞാനെന്നു അവള്‍ സ്വയം അഹങ്കരിച്ചു.
ഉറ്റ സുഹ്രത്ത് സൂപ്പിഹാജിയുടെ വിട വാങ്ങല്‍ ഹുസൈന് ഒരു ദുരന്തമായിരുന്നു. മനസ്സിനെ അത് തളര്‍ത്തിക്കളഞ്ഞു.അതിനു ശേഷം മൂന്നു നാള്‍ കഴിഞ്ഞ,റമളാന്‍ ഇരുപത്തിയാറിന് രാത്രി സൈനബക്ക് ഒരു വയറു വേദന. ഇടക്കൊക്കെ വരാരുണ്ടായിരുന്നെങ്കിലും, കാര്യമാക്കിയിരുന്നില്ല. പക്ഷെ,ഇന്നത്‌ സഹിക്കാന്‍ കഴിഞ്ഞില്ല.ഹുസൈനോട് പറഞ്ഞപ്പോള്‍ അയാള്‍ കളിയാക്കി. ഹുസൈന്റെ മനസ്സിനുള്ളിലെ അടക്കിവെച്ച മോഹമാണ് ഒരാണ്‍കുഞ്ഞു വേണമെന്നത്.അയാളുടെ ആഗ്രഹത്തെ സൈനബ പ്രായം പറഞ്ഞു കളിയാക്കിയിരുന്നു. അറുപതു വയസ്സ് പ്രായമായ സ്ത്രീ അമ്മയായ പത്ര വാര്‍ത്ത കാണിച്ചാണ് ഹുസൈന്‍ പിടിച്ചു നിന്നത്.വയറു വേദന ഇതിന്റെ ഒരു ഭാഗമാണെന്നു കരുതി,ഒരു നിമിഷം അദ്ദേഹം സന്തോഷിച്ചെങ്കിലും,സൈനബയുടെ മുഖത്തെ വേദനയുടെ തീവ്രത അവരെ ആശുപത്രിയില്‍ എത്തിച്ചു.
രോഗ നിര്‍ണ്ണയം അറിയുംബോഴേക്കും ഒരുപാട് വൈകിപ്പോയിരിന്നു.എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന ഹുസൈന്റെ യാചനക്ക് മുമ്പില്‍ ഡോക്ടര്‍മാര്‍ കൈ മലര്‍ത്തി.
ഹുസൈന്‍ ആലോചിച്ചു. ഇത്രയും നാള്‍ കൊണ്ടു ഞാന്‍ എന്ത് നേടി?പ്രവാസി എന്ന ഓമന പേരല്ലാതെ.... സൈനബയുടെ അവകാശങ്ങള്‍ പോലും ഞാന്‍ തട്ടി മാറ്റുകയല്ലേ?അവളുടെ നിരന്തര ആവശ്യം ഞാന്‍ അവസാനം അന്ഗീകരിച്ചത് ഈ ദുരവസ്ഥ കാണാനായിരുന്നോ?പ്രവാസം ഒളിച്ചോട്ടമാണെന്ന് പറയുന്നത് എത്ര ശരിയാണ്.അങ്ങിനെയാണേല്‍ ഈയോരവസ്ഥ നേരില്‍ കാണേണ്ടി വരില്ലായിരുന്നല്ലോ....
റമളാന്‍ മുപ്പതു. ഷംന വരാമെന്ന് പറഞ്ഞിട്ട് എത്തിയിട്ടില്ല. നാളെ പെരുന്നാളാണ്. നാടും,നാട്ടാരും പെരുന്നാള്‍ തിരക്കിലാണ്. എങ്ങും മയിലാഞ്ചി മണവും,പുത്തനുടുപ്പുകളും,പടക്കങ്ങളുമായി,തക്ബീര്‍ ധ്വനികളുടെ അകമ്പടിയോടെ ആഘോഷത്തിന്റെ തയ്യാറെടുപ്പിലാണ്.
ഐ.സി.യു.വിനു പുറത്തു നീണ്ടു കിടക്കുന്ന വരാന്തയില്‍ നിലത്തു ചുവരും ചാരിയിരിക്കയാണ് ഹുസൈന്‍.രണ്ടു കാല്‍ മുട്ടുകള്‍ക്കിടയില്‍ മുഖം കുനിച്ചിരിക്കുന്ന അയാള്‍,ചെറിയ മയക്കത്തിലായിരുന്നു. നഴ്സ് വിളിച്ചപ്പോളാണ്‌ അയാള്‍ ഉണര്‍ന്നത്.ഞെട്ടലോടെ,ഒരു വിറയലോടെയാണ് അയാള്‍ ആ വാര്‍ത്ത കേട്ടത്.......... സൈനബ പോയി.....
ഒന്നാശ്വാസിപ്പിക്കാന്‍ പോലും ആരുമില്ലാതെ,ആ പാവം മനുഷ്യന്‍ ഒരുപാട് കരഞ്ഞു. തന്‍റെ ആത്മമിത്രത്തിന്റെ വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും കരകയറും മുമ്പേ,തന്‍റെ എല്ലാമായ പ്രിയതമയും പോയി...
പ്രവാസത്തിന്റെ കുപ്പായം അഴിച്ചു വെച്ചത്,ഒറ്റപ്പെടലിന്റെ ഈ കുപ്പായം അണിയാന്‍ ആയിരുന്നെന്നു അയാള്‍ക്ക്‌ തോന്നി.പ്രവാസി എന്നും പ്രവാസി തന്നെ.... ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍,പ്രവാസിക്കെന്നും നഷ്ടകണക്കുകള്‍ മാത്രം....... സ്നേഹം,ജീവിതം,,,എന്തിനു...ഒന്നുറക്കെ കരയാനുള്ള സ്വാതന്ത്ര്യം പോലും!!!!!
കേട്ടത് സത്യമാവരുതെന്നു നാട്ടുകാരെല്ലാം മനം നൊന്തു പ്രാര്‍ത്ഥിച്ചു.പക്ഷെ,സത്യത്തിനു മുമ്പില്‍ പ്രാര്‍ത്ഥന പിന്നെയും പരാജയപ്പെട്ടു.പ്രവാസത്തിന്റെ ഒറ്റപ്പെടല്‍ മതിയാക്കി കൂട്ടും തേടി വന്ന ഹുസൈന്‍,മറ്റൊരു ഒറ്റപ്പെടലിനു തുടക്കമിട്ടു. സങ്കടങ്ങളും,സന്തോഷങ്ങളും,പങ്കു വെക്കാനോ ,തമാശ പറഞ്ഞു പൊട്ടിച്ചിരിക്കാനോ,വെച്ചു വിളമ്പിത്തരാന്‍ പോലുമാരുമില്ലാതെ..... ആര്‍ക്കോ വേണ്ടിയുള്ള കാത്തിരിപ്പില്‍,ഹുസൈന്‍ ജീവിതത്തിന്റെ രണ്ടാമത്തെ അറ്റത്തിനു കാതോര്‍ക്കുന്നു.....
അപ്പോളും, ഏകമകള്‍ ഷംന കിട്ടാത്ത വിമാന ടിക്കറ്റിനു വേണ്ടി പരതുകയാവാം....... അല്ലെങ്കില്‍,വരാതിരിക്കാനുള്ള മറ്റൊരു കാരണം തേടുകയാവാം..........
.......... നമുക്ക് പ്രാര്‍ത്ഥിക്കാം,നല്ല മക്കള്‍ക്ക് വേണ്ടി, കൂടെ അതിനെക്കാള്‍
നല്ല മാതാപിതാക്കള്‍ക്ക് വേണ്ടിയും.....

Tuesday, March 23, 2010

സ്വാഗതം..........

മൂന്നാറില്‍

റിഫ ....... മൂന്നാറിലെ ഒരു തണുപ്പ് kaalam

Monday, March 22, 2010

ക്ലാസ്മേറ്റ്സ്..... ഒരു വാസ്തവം....




ക്ലാസ്മേറ്റ്‌ .............ഒരു വാസ്തവം

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഇന്നും മായാതെ മനസ്സില്‍ പച്ച പിടിച്ചു കിടക്കുകയാണ് ആ കാലഘട്ടം.അറിഞ്ഞുകൊണ്ടു മനസ്സില്‍ സ്ഥാനം കൊടുത്തവരും, അറിയാതെ മനസ്സിനകത്ത് കയറിപറ്റിയവരുമായി ഒട്ടേറെ മുഖങ്ങള്‍ ....... സ്ഥാനം കൊണ്ടും,പെരുമാറ്റം കൊണ്ടും മനസ്സിലെ ഇടങ്ങള്‍ പകുത്തു നല്‍കിയപ്പോള്‍ ,അനുവാദമില്ലാതെ ഇടം തേടി കയറിവന്ന മുഖമായിരുന്നു അവന്റെത്‌. ........
അതെ,.......സുരേഷ്.... ,ഒന്നും മിണ്ടാതെ ഒരരികില്‍ ഒതുങ്ങി കൂടിയിരുന്നു തന്റേതായ സംസാര ശൈലി കൊണ്ടും, പ്രവര്‍ത്തി കൊണ്ടും ഞങ്ങളുടെയെല്ലാം സ്വന്തമായി മാറിയ സുരേഷ്, വിധിയുടെ കരങ്ങളിലകപ്പെട്ടു ,മുറിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടു പോയ ഞങ്ങളുടെ സുരേഷ്...........
പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ജൂണ്‍ മാസം, എല്‍.പീ, യു.പി.സ്കൂളുകള്‍ കഴിഞ്ഞു ,ഹൈസ്കൂള്‍ പഠന ആരംഭത്തിന്റെ ആദ്യ നാളുകള്‍, ........ പുതിയ വിദ്യാലയം, പുതിയ അധ്യാപകര്‍, അതിനേക്കാള്‍ ഉപരി, പുതിയ സഹപാഠികള്‍ ............. പ്രൈമറി ക്ലാസുകളില്‍ സഹപാഠികള്‍ കനിഞ്ഞു നല്‍കിയ സ്ഥാനം ഉപയോഗിച്ചു ഹൈസ്കൂള്‍ ക്ലാസിലും
വിലസാമെന്ന എന്‍റെ മോഹം വെറും വ്യാമോഹം മാത്രമാണെന്നത് ഞാന്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ തിരിച്ചറിഞ്ഞു. എന്‍റെ മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞു കൂടിയ 'കോംപ്ലക്സ്' അഥവാ അപകര്‍ഷതാ ബോധത്തിന്റെ നിര്‍വചനം പതിയെ ഞാന്‍ അറിയാന്‍ തുടങ്ങിയത് ഈ ഘട്ടത്തിലായിരുന്നു.
സ്കൂളിലെ തന്നെ ഏക ക്രിസ്ത്യന്‍ വിദ്യാര്‍ഥി ജോസെഫ് കെ ആന്റണി ,പഠിപ്പില്‍ മിടുക്കന്മാരായ ഒന്തത്തു മൊയിതു, ഓ.ടി.അഷ്‌റഫ്‌, ടീച്ചറുടെ മകള്‍ സ്മിത, ഡോക്ടറുടെ മകളായ മറ്റൊരു സ്മിത, ഇരട്ട സഹോദരിമാരായ ഹസീനയും, ഷാഹിനയും,
മലയോര പ്രദേശമായ പുതുക്കയത്തു നിന്നും വരുന്ന മിടുക്കനും, സ്കൂള്‍ രാഷ്ട്രീയത്തില്‍ എസ്.എഫ്.ഐ യുടെ കരുത്തനായ നേതാവുമായ സുരേഷ്................ സഹപാടികളുടെ നിര നീണ്ടതായിരുന്നു.
വര്‍ഷങ്ങള്‍ ആരെയും കാത്തു നില്‍ക്കാതെ യാത്ര തുടര്‍ന്നു.കൂടെപഠിച്ചവരില്‍ ചുരുക്കം പേരെ മാത്രമേ പിന്നീട് നേരില്‍ കണ്ടുള്ളൂ.പക്ഷെ പലരും ഇന്ന് വലിയ നിലകളിലാണ്. നാട്ടിലും,മറുനാടുകളിലുമായി അവരോരോരുത്തരും തങ്ങളുടേതായ മുദ്ര പതിപ്പിച്ചിരിക്കുന്നു. .......ഒരാളൊഴികെ........
അതെ, അന്നും, ഇന്നും പാവങ്ങളില്‍ പാവമായ ,മലയോര ഗ്രാമമായ പുതുക്കയത്തെ സുരേഷ്. പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ അമരക്കാരനായിരുന്ന സുരേഷ്....... വീട്ടിലെ കോലായില്‍ ഒരു കഷണം പലകമേല്‍ ജീവിതം തീര്‍ത്ത്‌ കൊണ്ടിരിക്കുകയാണ് അവന്‍.
പത്താം ക്ലാസ് കഴിഞ്ഞയുടന്‍ സുരേഷിന് വന്നു പെട്ട ദുരന്തം അധികമാരും അറിഞ്ഞിരുന്നില്ല. അറിഞ്ഞ വളരെ ചുരുക്കം പേരാകട്ടെ ആ വിവരം മറ്റുള്ളവരെ അറിയിക്കാനോ, അവനു വേണ്ടി വല്ലതും ചെയ്യാനോ സമയമില്ലാത്തവരായിരുന്നു. അല്ലെങ്കിലും, സുരേഷിനെ പോലുള്ളവരെ കുറിച്ചു ചിന്തിക്കാന്‍ ഞാനടക്കമുള്ള സമൂഹത്തിനു എവിടെയാ നേരം? പറക്കുകയല്ലേ.... ലോകം തന്നെ കൈകുംബിളിലാക്കാന്‍............
സുരേഷിന്റെ ജീവിതം പലകമേല്‍ ഒതുങ്ങിയിട്ടു പിന്നെയും വര്‍ഷങ്ങള്‍ അഞ്ചു കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്. സ്നേഹം കൊണ്ടും, സഹതാപം കൊണ്ടും എന്നില്‍ പ്രത്യേക സ്വാധീനം വരുത്തി വെച്ച സുരേഷിന്റെ അവസ്ഥ എന്നെ വല്ലാതെ സങ്കടപ്പെടുത്തി. എപ്പോഴോ പ്രവാസ ക്കുപ്പായം എടുത്തണിയേണ്ടി വന്ന ഞാന്‍;പത്തു വര്‍ഷത്തോളം പ്രവാസ ജീവിതം ആസ്വദിച്ചും, അനുഭവിച്ചും, സങ്കടപ്പെട്ടും, വേദനിച്ചും തീര്‍ക്കുമ്പോഴും, ......എന്‍റെ സഹപാടി ചുവരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടുപോയി എന്ന സത്യം എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.
ക്രസന്റ് ഹൈ സ്കൂളിന്റെ 32 ആം വാര്‍ഷികവും, നാല് അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും വിപുലമായി ആഘോഷിക്കാനുള്ള തീരുമാന വിവരം,അദ്ധ്യാപകനും, 'മാധ്യമം' വാണിമേല്‍ പ്രാദേശിക ലേഖകനുമായ M.A.വാണിമേല്‍ ആണ് എന്നെ അറിയിച്ചത്. കൂടെ പ്രവാസികളുടെ സഹകരണത്തോടെ ഒരു ''സുവനീര്‍'' പുറത്തിറക്കുന്ന വിവരവും പറഞ്ഞിരുന്നു.
സുരേഷിനെ കുറിച്ചു പുറം ലോകത്തെ അറിയിക്കാന്‍ ഇതിനേക്കാള്‍ നല്ല മറ്റൊരു വഴിയില്ലെന്ന് എനിക്ക് തോന്നി. ജീവിതത്തില്‍ അന്നുവരെ ഒരു കുറിക്കത്ത് പോലും എഴുതി ശീലിച്ചിട്ടില്ലാത്ത ഞാന്‍ സുരേഷിനെ കുറിച്ചു എഴുതി..... വെറും എഴുത്തല്ല..........ശാരീരികമായ അസ്വസ്ഥകളാല്‍ കഴിയുന്ന സുരേഷിനെ കുറിച്ചു ,മാനസികമായ അസ്വസ്ഥതയോടെ .....ഉള്ളില്‍ തട്ടി തന്നെ എഴുതി....... വാസ്തവം......

----- വാസ്തവം ----
കളവു പറയേണ്ടി വന്നെങ്കിലും കമ്പനി പത്തു ദിവസം ലീവ് തന്നു. ദുബായ് എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ വിമാന കമ്പനി വക ഒരു ദിവസത്തെ വിശ്രമം. നോമ്പ് നാളായതിനാല്‍ പട്ടിണിക്കിടാന്‍ വിമാനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു.
വരുമെന്ന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നിട്ടും ഭാര്യ ഒരു സ്വപ്നമായിത്തന്നെ കണ്ടു.സാമ്പത്തിക ബുദ്ധിമുട്ടും ,പ്രയാസങ്ങളും ഉണ്ടായിട്ടും ,എന്‍റെ പെട്ടെന്നുള്ള തിരിച്ചു വരവില്‍ സന്തോഷത്തേക്കാള്‍ ,അത്ഭുതമാണ് അവള്‍ക്കു തോന്നിയത്. അപ്രതീക്ഷിതമായ ഈ തിരികെ വരവിന്റെ കാരണം എനിക്കെന്തു കൊണ്ടോ ,അവളോട്‌ പറയാനും തോന്നിയില്ല. സ്വന്തം ജീവനേക്കാള്‍ സ്നേഹിച്ചു പോയ തന്‍റെ ഭര്‍ത്താവിനു ,ഒരു തരം മാനസിക പ്രശ്നം ആണെന്ന് അറിഞ്ഞാല്‍ അവള്‍ തകരുമെന്ന് ഉറപ്പായിരുന്നു. എന്‍റെ നെഞ്ചിനുള്ളില്‍ പ്രതിഷ്ടിച്ചുപോയ പ്രിയതമയെ ഒരു നിമിഷം പോലും സങ്കടപ്പെടുത്താന്‍ എനിക്കാവില്ലായിരുന്നു.
വീട്ടിലെത്തിയിട്ടും എനിക്കൊരാശ്വാസം തോന്നിയില്ല. അന്നും ഉറക്കമില്ലായ്മ എന്നെ ബുദ്ധിമുട്ടിച്ചു. കണ്ണടക്കുമ്പോള്‍ സുരേഷിന്റെ മുഖം തന്നെ തെളിഞ്ഞു വരുന്നു. അവനെ കുറിച്ചുള്ള ചിന്തകള്‍ മാത്രം മനസ്സില്‍.മുന്‍പൊന്നുമില്ലാത്ത വിധം ഞാന്‍ ഇടതും ,വലതുമായി മാറി ക്കിടക്കുന്നത് അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവള്‍ക്കൊന്നും അറിയാതിരിക്കാന്‍ അന്നും എനിക്ക് ഉറക്കഗുളിക കഴിക്കേണ്ടി വന്നു.
ഡോക്ടറെ കാണുന്നതിനേക്കാള്‍ ,സുരേഷിനെ തന്നെ ഒന്ന് കാണാനാണ് എനിക്ക് തോന്നിയത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ,മുടങ്ങാതെ ഞാനവനെ പോയി കാണുന്നതാണ്. ആര് മാസം മുമ്പ് നാട്ടില്‍ വന്നപ്പോളാണ് അവസാനമായി ഞാനവനെ കണ്ടത്. അന്നും "അയ്യോ പാവം"എന്ന വികാരത്തിനപ്പുറം ഒന്നും അവനോടു തോന്നിയില്ല. പക്ഷെ, കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തോന്നാത്ത എന്തോ ഒരു വിചാരവും, വികാരവും,സഹതാപവും എന്‍റെ മനസ്സിനെ വല്ലാതെ മാറ്റിയിരിക്കുന്നു. ഇത് തന്നെയാണ് എന്നെ വല്ലാതെ പേടിപ്പെടുത്തുകയും ചെയ്യുന്നത്.
ജോലിക്ക് പോകുമ്പോളും, വരുമ്പോളും, ഓഫീസിലും, റൂമിലും, അവന്റെ അവസ്ഥയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വിഷാദ രോഗിയെ പോലെയാക്കുന്നു. ഉറക്കം കിട്ടാത്ത രാത്രികള്‍ കൂടിവന്നപ്പോള്‍ ,പലപ്പോളും ഗുളികയെ തേടുന്നു. ചിലപ്പോളൊക്കെ സ്വപ്നം കാണുന്നതും സുരേഷിനെ തന്നെ. ലോകം മുഴുവന്‍ കീഴടക്കാനുള്ള വ്യഗ്രതയില്‍ ,അഹങ്കാരവും,താന്തോന്നിത്തവും, തലക്കനവുമൊക്കെയായി,തിരക്കോട് തിരക്കില്‍, ഓടിത്തമര്‍ത്തുന്ന ഞാനടക്കമുള്ളവര്‍ ഈ സുരേഷിനെയൊന്നും കാണുന്നില്ലല്ലോ എന്ന ചിന്ത എന്‍റെ മസ്തിഷ്കത്തെ കുത്തി നോവിക്കുന്നുണ്ട്.
ക്രസന്റ് ഹൈ സ്കൂളിലെ എട്ടാം ക്ലാസ്സില്‍ നിന്നാണ് സുരേഷിനെ ഞാനാദ്യമായി കാണുന്നത്. "ക്യൂബ മുകുന്ദന്റെ "പ്രത്യാ ശാസ്ത്രത്തില്‍ തന്നെ വിശ്വസിക്കുന്നതിനാല്‍ ചെറുപ്പത്തിലെ സംഘടനയോട് നല്ല കൂറായിരുന്നു സുരേഷിന്. തോല്‍വി ഉറപ്പായിരുന്നിട്ടും സ്കൂള്‍ ഇലക്ഷനില്‍ അവനെന്റെ എതിര്‍ സ്ഥാനാര്‍ഥിയായി. സ്വന്തം നിഷ്കളങ്കതയും,കഴിവും, ഉപയോഗിച്ചു എനിക്ക് കിട്ടേണ്ട പല വോട്ടുകളും അവന്‍ സ്വന്തമാക്കി. പഠനത്തിലും ക്ലാസ്സില്‍ ഒന്നാമനായപ്പോള്‍ വെറുപ്പിനേക്കാള്‍ എനിക്കവനോട് ഒരുതരം അസൂയയായിരുന്നു.
"കൂടെ കിടന്നാലേ രാപ്പനി അറിയൂ..."എന്ന പഴമൊഴിയെ അര്‍ത്ഥവത്താക്കുന്ന രീതിയില്‍ ഞങ്ങള്‍ ഒരുപാട് അടുത്തുപോയി. സുരേഷ് എന്‍റെ ഏറ്റവും വലിയ കൂട്ടുകാരനായി. ഒന്‍പതാം ക്ലാസ്സില്‍ സുരേഷിന്റെ കൂടി പിന്തുണയോടെ ഞാന്‍ ലീടരായി.പത്താം ക്ലാസ്സില്‍ സ്കൂള്‍ ലീടരാവാനുള്ള എന്‍റെ തയ്യാറെടുപ്പിനെ മൂത്താപ്പകൂടിയായ ഹെഡ് മാസ്ടെര്‍ സമ്മതിക്കാതിരുന്നപ്പോള്‍ ,ഞാനും എന്‍റെ സങ്കടനയും വിഷമിച്ഛതിനേക്കാള്‍ ,സുരേഷ് സങ്കടപ്പെട്ടു. ഉച്ച ഭക്ഷണത്തിനു വീട്ടില്‍ പോകാന്‍ കഴിയാത്ത അവനെ ചില ദിവസങ്ങളിലെങ്കിലും നിര്‍ബന്ധിച്ചു ഞാന്‍ എന്‍റെ വീട്ടില്‍ കൊണ്ടു പോകുമായിരുന്നു.
പത്താം ക്ലാസ്സിലെ പഠനത്തിനായി സ്കൂള്‍ അടച്ചപ്പോള്‍,എന്‍റെ വീട്ടിനടുത്തുള്ള ഒരു സംഘടനയുടെ ഓഫീസിലായിരുന്നു ഞങ്ങളുടെ പഠനം. അഷറഫ്,റിയാസ്,അരുണ്‍,നാസ്സര്‍, ഇവരൊക്കെ ഉണ്ടായിരുന്നിട്ടും, വീട് ദൂരെയായതിനാല്‍ സുരേഷിന് വരാന്‍ പറ്റിയില്ല. കഷ്ട്ടപ്പെട്ടു വരാന്‍ ശ്രമിച്ച അവനെ ഞങ്ങള്‍ സമ്മതിക്കാതിരുന്നതിനു,പരീക്ഷ കഴിയുന്നത്‌ വരെ ഞങ്ങളോട് മിണ്ടാതിരുന്നത് ഇന്നും ഓര്‍ക്കുന്നു. പരീക്ഷഫലം വന്നപ്പോള്‍ ഞങ്ങളെയൊക്കെ വളരെ പിന്നിലാക്കി സ്കൂളില്‍ നാലാം റാങ്ക്കാരനായി സുരേഷ്.
പണം കൊടുത്തും, സ്വാദീനം ഉപയോഗിച്ചും ഞങ്ങള്‍ക്കൊക്കെ നല്ല സ്വകാര്യ കോളേജുകളില്‍ സീറ്റ് ലഭിച്ചപ്പോള്‍ ,മിടുക്കനും, നല്ല മാര്‍ക്ക് കിട്ടിയവനുമായ സുരേഷിന് ,സാമ്പത്തിക പ്രയാസം എന്ന ഒറ്റ കാരണത്താല്‍ അടുത്തുള്ള കോളേജില്‍ പ്രസക്തമല്ലാത്ത ഒരു കോഴ്സിനു ചേരേണ്ടി വന്നു.
പക്ഷെ, ബുദ്ധിമുട്ടുകള്‍ അവനെ കോഴ്സ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. കോളേജില്‍ ഒരു വര്‍ഷം തികയും മുമ്പേ, അവന്‍ ജോലി തേടി കേരളത്തിനു പുറത്തു പോയി. തുച്ഛമായ ശമ്പളം മാത്രമാണെങ്കിലും അത് വീട്ടുകാര്‍ക്ക് വലിയോരാശ്വാസമായിരുന്നു. തന്‍റെ ആദ്യത്തെ ശമ്പളം അമ്മക്ക് കൊടുത്തപ്പോള്‍ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയെന്നും, അതായിരുന്നു തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷിച്ച സമയമെന്നും അവന്‍ എപ്പോഴോ എന്നോട് പറഞ്ഞിട്ടുണ്ട്.
പക്ഷെ പിന്നീടങ്ങോട്ട് നിര്‍ഭാഗ്യമായിരുന്നു അവനു.ആറു മാസം ജോലി ചെയ്യുമ്പോഴേക്കും പനിയുടെ രൂപത്തില്‍ വില്ലന്‍ അവന്റടുത്തു വന്നു. ശക്തമായ പനിയില്‍ ഒരാഴ്ചയോളം ആശുപത്രിക്കിടക്കയില്‍ കിടന്നു. ഏഴാം നാളില്‍ ആശുപത്രിയില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ അവന്റെ പകുതി ശരീരമേ കിട്ടിയുള്ളൂ. അവന്റെ അരക്ക് താഴെ നിശ്ചലമായിരുന്നു. ചലന ശേഷി നഷ്ടപ്പെട്ട കാലുകളുമായി അവന്‍ വീട്ടിലേക്കു പോന്നു.
ആദ്യമായി ഞാനവന്റെ വീട്ടിലേക്കു പോകുന്നത്, അവന്റെ അസുഖത്തെ കുറിച്ചു അറിഞ്ഞിട്ടാണ്. എന്‍റെ വീട്ടില്‍ നിന്നും ഇരുപതു മയില്‍ അകലെ ,മലയോരത്തു ബസ്സിറങ്ങി, ഒരാള്‍ക്ക്‌ മാത്രം നടന്നു പോകാന്‍ പാട്ടുന്ന ഇടവഴിയില്‍ കൂടി വീണ്ടും ഒരു മയില്‍ നടന്നാണ് ഞാനവിടെ എത്തിയത്. പ്രയാസങ്ങളൊന്നും ആരോടും പറയാത്ത,നിഷ്കളങ്കനായ എന്‍റെ കൂട്ടുകാരനെ ഒരു കട്ടിലില്‍ തളര്‍ന്നു കിടക്കുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി.
ജീവിതത്തില്‍ ചിലത് നഷ്ടപ്പെടുമ്പോള്‍ മറ്റു ചിലത് നേട്ടമാവുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ എന്‍റെ സുരേഷിന്റെ കാര്യത്തില്‍ നഷ്ടങ്ങള്‍ മാത്രമല്ലേയുള്ളൂ. പഠനം,ജീവിതം, ശരീരം,ഭാര്യ, മക്കള്‍,കുടുംബം....... നേട്ടമായിട്ടു പറയാന്‍ ഒന്നുമില്ല.
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ആദ്യമായി അവന്റെ വീട്ടില്‍ പോയപ്പോള്‍ ,ആ ചെറിയ വീടിന്റെ ഉമ്മറത്ത് ഒരു ഭാഗത്ത് അവനു വേണ്ടി മാത്രം തയ്യാറാക്കിയ ഒരു പലകയില്‍ കിടന്നു കൊണ്ടു ചെറിയ കുട്ടികളുമായി "അക്കം വെട്ടി"കളിക്കുകയായിരുന്നു അവന്‍. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ഞാന്‍ വീണ്ടും പോയി,എന്‍റെ പത്താമത് സന്ദര്‍ശനം.വൈദ്യുതിയും,ഫോണും, സീരിയലും,റിയാലിറ്റിഷോയും ഒന്നും എത്തിപ്പെടാത്ത ആ മലയോരത്തു അവന്റെ വീട്ടില്‍ എത്തിയപ്പോള്‍ അതേ പലകയില്‍ പുതു തലമുറയിലെ ചെറിയ കുട്ടികളുമായി "പാമ്പും കോണിയും"കളിക്കുകയായിരുന്നു അവന്‍. ഇന്ന് വരെ തോന്നാത്ത എന്തോ ഒരു ഉള്‍കാഴ്ചയില്‍ ഞാനവനെ നോക്കി നിന്നു.കുട്ടികളും,കളികളും മാറി മാറി വന്നിട്ടും സുരേഷ് മാത്രം മാറുന്നില്ല. പതിനഞ്ചു വര്‍ഷമായി ഒരേ കിടപ്പില്‍ കിടക്കുന്നതിനാല്‍,ഇതുമായി പൊരുത്തപ്പെട്ടു പോകുന്നെന്നു അവന്‍ പറഞ്ഞു വെങ്കിലും ,വലിയ ഒരു സങ്കടം അവന്‍ ഉള്ളില്‍ ഒതുക്കുകയാനെന്നു അവന്റെ പ്രായമായ അമ്മയില്‍ നിന്നും എനിക്ക് മനസ്സിലായി. സ്നേഹനിധിയായ അമ്മ മാത്രമാണ് അവന്റെ ആശ്വാസം.
തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ അല്പം ആശ്വാസം തോന്നി. മനസ്സിന് നല്ല സ്വസ്ഥത പോലെ. ഞാന്‍ രാത്രി തന്നെ ഞങ്ങളുടെ പഴയ ക്ലാസ്സധ്യാപകനെ കാണാന്‍ പോയി. തന്‍റെ വിദ്യാര്‍ഥിയായിരുന്ന,നന്നായറിയുന്ന സുരേഷിന്റെ അവസ്ഥ ഇതുവരെ അറിയാത്തതില്‍ അദ്ദേഹം അത്ഭുതത്തെക്കാള്‍ ഒരുപാട് സങ്കടപ്പെട്ടു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളും,കഷ്ടപ്പാടുകളും, വളരെ വൈകിയേ അറിയൂ എന്ന് ഞാനദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു.
വളരെ സന്തോഷത്തോടെയാണ് ഞാന്‍ അവധി കഴിഞ്ഞു ദുബായില്‍ എത്തിയത്. ജോലിയില്‍ ചേര്‍ന്നതിനു ശേഷം പക്ഷെ മനസ്സിന് പിന്നെയും ചെറിയ ഒരു നീറ്റല്‍. നാളെ നമ്മില്‍ ആര്‍ക്കും വന്നേക്കാവുന്ന ഇത്തരം ദുരന്തങ്ങളെ കുറിച്ചുള്ള ഒരു പേടിപ്പെടുത്തുന്ന ചിന്ത.......... പ്രാര്‍ഥിക്കാം, നമുക്ക് ദൈവം തമ്പുരാനോട്‌..... സന്തോഷകരമായ നാളേയ്ക്കു വേണ്ടി...... സുരേഷിനു വേണ്ടിയും......

ക്ലൈമാക്സ്
സ്കൂള്‍ മാഗസിന്‍ വായിച്ച പലരും ഫോണ്‍ ചെയ്തും,മെയില്‍ അയച്ചും സുരേഷിനെ കുറിച്ചു കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. പതിനേഴു വര്‍ഷമായി പലകയുടെ മേല്‍ ജീവിതം തീര്‍ക്കുന്ന തന്‍റെ ശിഷ്യന്റെ ദുരവസ്ഥ ഇത്ര നാളും ഞാനറിഞ്ഞില്ലല്ലോ എന്നതായിരുന്നു ക്ലാസ്സധ്യാപകനായിരുന്ന എം.എ.വാണിമേലിന്റെ സങ്കടം. അതിനാല്‍ തന്നെ 'മാധ്യമം'ലേഖകന്‍ കൂടിയായ അദ്ദേഹവും,ഈ വര്‍ഷം സ്കൂളില്‍ നിന്നു പിരിഞ്ഞ പ്രധാനാധ്യാപകന്‍ മജീദ്‌ മാഷും, എന്‍റെ നാട്ടിലേക്കുള്ള വരവിനെ കാത്തിരിക്കുകയായിരുന്നു.
മജീദ്‌ മാഷും, എം.എ.വാണിമേലും,കൂടെ എന്‍റെ സുഹ്ര്‍ത്തും,പെരിങ്ങത്തൂര്‍ ഹൈ സ്കൂള്‍ അധ്യാപകനുമായ ചെറിയ പറമ്പത്ത് നജീബ് മാഷും,ഞാനുമാടങ്ങിയ നാല്‍വര്‍ സംഘം സുരേഷിന്റെ വീട്ടിലേക്കു പുറപ്പെട്ടു.അറിഞ്ഞതിനേക്കാള്‍ ഇടുങ്ങിയ വഴിയായിരുന്നു സുരേഷിന്റെ വീട്ടിലേക്കെന്ന് അവര്‍ക്ക് ബോധ്യമായി. ഇത്രയും ഇടുങ്ങിയ വഴിയില്‍ കൂടെ എങ്ങിനെ സുരേഷിനെ ഹോസ്പിറ്റലിലും, മറ്റും എങ്ങിനെ എത്തിക്കുമെന്ന് അവര്‍ അതിശയിച്ചു.
മുമ്പ് കണ്ട വീടായിരുന്നില്ല അവിടെ. താര്‍പ്പായ വലിച്ചു മറച്ചു കെട്ടിയ ചെറിയ കൂര. ആ കൂരയില്‍ ഒരു ഭാഗത്ത് പഴയ പലകയില്‍ സുരേഷ്. കൂര മാറിയെങ്കിലും പലക മാറിയില്ല. വീടിന്റെ അവസ്ഥ വളരെ പരിതാപകരമായതിനാല്‍ പുതുക്കി പണിയാന്‍ അമ്മ ശ്രമിക്കുകയാണെന്ന് അവന്‍ പറഞ്ഞു.
'മാധ്യമം' ഹെല്‍ത്ത് കെയറില്‍ എങ്ങിനെയെങ്കിലും ഉള്‍പ്പെടുത്തണമെന്ന് ആത്മാര്‍ഥമാ--
Sayeed TPയി ആഗ്രഹിക്കുകയും,പറയുകയും ചെയ്തു കൊണ്ടാണ് 'മാധ്യമം'ലേഖകന്‍ കൂടിയായ എം.എ.വാണിമേലും ഞങ്ങളും അവിടുന്ന് പടിയിറങ്ങിയത്. പടിയിറങ്ങുന്ന ഞങ്ങളെ
നിറകണ്ണുകളുമായി നോക്കി കിടന്ന സുരേഷിന്റെ ആ മുഖം ....... കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി അതെന്റെയുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നു...... ഇന്നും.......

Sunday, March 21, 2010

Saturday, March 20, 2010

മൂന്നാറിലെ ഒരു തണുപ്പുകാലം....

ദുബായ്......

ആദ്യമായി വേഷമിട്ട ഫിലിമിലെ ഒരു രംഗം.......

എറണാകുളം
ചെറായി ബീച്ചില്‍..... ചില നിമിഷങ്ങള്‍ സന്തോഷത്തിന്റെതാവുന്നത്
ഇങ്ങിനെയാണ്‌......
എന്നെ ആദ്യമായി സിനിമയില്‍ ചെറുതാണെങ്കിലും ,ഒരു വേഷം ചെയ്യിച്ച എന്‍റെ പ്രിയപ്പെട്ട സംവിദായകന്‍ ലാല്‍ സര്‍.......

എന്‍റെ മകള്‍...... റിഫ,

Gmail - (no subject) - sayeedtp@gmail.com

http://mail.google.com/mail/#drafts/127721e9c9252064