thalopandi

Pages

Tuesday, December 18, 2012

ഇതാവണം പോലീസ് എന്ന് മമ്മൂക്ക പറഞ്ഞത് വളരെ ശരിയല്ലേ
ഇതില്‍ ആര്‍ക്കു പിഴച്ചു എന്ന് ഞാന്‍ പോസ്റ്മോര്‍ട്ടം ചെയ്യുന്നില്ല . പക്ഷെ സാംസ്കാരിക മൂല്യം പുറമെയെങ്കിലും മുഴച്ചു കാട്ടാന്‍ ശ്രമിക്കുന്ന നാം കേരളീയര്‍ക്ക് ഒരു സുഖക്കുറവ് തോന്നുന്ന വാ
ര്‍ത്തയായിപ്പോയി. ശ്രീളിത്തു ശ്രീജിത്ത് എന്റെ സുഹുര്‍ത്തു കൂടിയാണ്. നാട്ടിലുള്ളപ്പോള്‍ പല കാര്യങ്ങളിലും ഇടപെടാനും ,പരസ്പരം സഹകരിക്കാനും കഴിഞ്ഞതുകൊണ്ട്‌ അദ്ദേഹത്തെ കുറിച്ചു എനിക്ക് നല്ലതെ പറയാനുള്ളൂ. എതിര്‍ കക്ഷിയായ നാദാപുരം എസ.ഐ .ജീവന്‍ ജോര്‍ജ്ജു സാറിനെ കുറിച്ചും അദ്ദേഹത്തെ നേരിട്ടരിയില്ലെങ്കിലും ,എന്റെ അനുഭവത്തില്‍ ഒത്തിരി ഗുണങ്ങള്‍ കാണാന്‍ കഴിഞ്ഞിടുണ്ട്. നാട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ,അതില്‍ കൂടി മുതലെടുപ്പിന് കോപ്പ് കൂട്ടുന്നവരെയും മുഖം നോക്കാതെ അടിച്ചമര്‍ത്തുന്നതിലുള്ള മിടുക്ക് ഒരിക്കല്‍ എനിക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞതാണ്. ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു കുടുംബവുമായി വരവേ തെരുവന്‍പറമ്പില്‍ പോലീസ് തടഞ്ഞിട്ടു. അല്പം കഴിഞ്ഞു ബിനു സ്മാരകത്തിന്റെ റോഡില്‍ കുറച്ചകലെ അതി ശക്തമായ സ്പോടനം നടക്കുന്നു. രാത്രി 11 മണി കഴിഞ്ഞിരുന്നു .പോലീസുകാര്‍ ഉണ്ടെങ്കിലും നല്ല പെടിയിലായിരുന്നു ഞാനും കുടുംബവും. ആ സ്പോട്ടില്‍ ഒരു ലുങ്കി മുണ്ടും ഉടുത്തു വേഷം മാറി ഒരു ഓട്ടോറിക്ഷയില്‍ കറങ്ങുകയായിരുന്ന എസ.ഐ. ജീവന്‍ ജോര്‍ജ് ,ബോംബെറിഞ്ഞ അക്രമികളെ കയ്യോടെ ഓടിച്ചിട്ടു പിടികൂടി. ഇത്തരം സമാനമായ നടപടികള്‍ മുഖം നോക്കാതെ സ്വീകരിക്കുന്നതിന്റെ ഗുണ ഫലം നാട്ടുകാര്‍ക്ക് പണ്ടത്തേക്കാള്‍ സ്വസ്ഥത കിട്ടുന്നുണ്ട്‌ എന്നാണു നിഷ്പക്ഷമതികളില്‍ നിന്ന് മനസ്സിലാവുന്നത്.
പക്ഷെ എന്നിട്ടും ഈ ദൌര്‍ഭാഗ്യകരമായ സംഭവം എങ്ങിനെ ഉണ്ടായി എന്നത് പലരെയും പോലെ എന്നെയും അത്ഭുതപ്പെടുത്തുന്നു . വാര്‍ത്തകളില്‍ മായം ചേര്‍ക്കാതെ ,അതിശയോക്തി കാണിച്ചു സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പക്വതയുള്ള ഒരു പത്ര പ്രവര്‍ത്തകന്‍ ഒരു ഭാഗത്തും ,പോലീസ് എന്തെന്നും പ്രവര്‍ത്തനം എങ്ങിനെ മാതൃകയാക്കാം എന്നും പ്രവര്‍ത്തിയിലൂടെ കാണിച്ചു തന്ന ജീവന്‍ ജോര്‍ജ് എന്നാ എസ.ഐ. തമ്മിലുണ്ടായ നിര്‍ഭാഗ്യകരമായ ഉരസല്‍ ,നാദാപുരം മേഖലയില്‍ മാതൃകാ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മന:സാന്നിധ്യം കുറയാന്‍ ഇടവരുത്താതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം... ഒരു കാര്യത്തില്‍ നാം നാട്ടുകാര്‍ക്ക് സമാധാനിക്കാം , എസ.ഐ യോട് കലിപ്പ് കയറിയാണ് എങ്കിലും ഡി.വൈ.എഫ് ഐ യുടെയും യൂത്ത് ലീഗിന്റെയും നേതാക്കള്‍ ഐക്യത്തോടെ ഒന്നിച്ചൊരു പ്രകടനം നടത്തിയല്ലോ....അതില്‍ നാദാപുരത്തിന്റെ സമാധാന പ്രിയനായ എസ് .ഐ.ക്കും സന്തോഷമുണ്ടാവും ...

Tuesday, May 8, 2012

ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍

ചില രാത്രികളില്‍ വടകരയെത്തുമ്പോള്‍ ടി.പിയെ കാണാറുണ്ട്. നാട്ടിലേക്കാണെന്ന് പറയുമ്പോള്‍ എന്നാല്‍, കയറിക്കോ എന്നു പറഞ്ഞ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും. ഒന്നിച്ച് നാട്ടിലേക്ക് പോവും. എന്നെ വീട്ടില്‍ ഇറക്കിയിട്ടേ ടി.പി വീട്ടിലേക്ക് പോവൂ.
ഇത്രയധികം ഭീഷണികള്‍ ഉണ്ടാവുമ്പോള്‍, രാത്രി ഒറ്റക്ക് ബൈക്കില്‍ പോവുന്നത് ശരിയല്ലെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തനിച്ച് പോവരുതെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മറ്റു പലരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍, ടി.പി ഒരു യാത്രയും മുടക്കിയില്ല. ഭീഷണികാരണം ജോലികള്‍ മാറ്റിവെക്കാനോ മരണത്തെപ്പേടിച്ച് സമവായത്തിനു നില്‍ക്കാനോ ഒരിക്കലും ആ മനുഷ്യന്‍ തയ്യാറായിരുന്നില്ല.
‘മാക്സിമം, മരിക്കുകയല്ലേ ചെയ്യൂ. അവര്‍ കൊന്നോട്ടെ’-ഇതായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളിലെ ടി.പിയുടെ പതിവു മറുപടി.-വടകരക്കടുത്ത് വെച്ച് അക്രമിസംഘം വെട്ടിക്കൊന്ന റവല്യൂഷനറി മാര്‍ക്സിസ്റ്റി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെക്കുറിച്ച് അദ്ദേഹവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന, അയല്‍വാസി കൂടിയായ ഉണ്ണികൃഷ്ണന്‍ ഏറാമല എഴുതുന്നു
 

 
ഒഞ്ചിയത്ത് ഇനി ടി.പിയില്ല. ആഴത്തില്‍ ഞെട്ടലുണ്ടാക്കുന്നൊരു തിരിച്ചറിവാണത്. ഓര്‍മ്മവെച്ച നാള്‍മുതല്‍ ഈ നാടിന്റെ അവിഭാജ്യ ഘടകം പോലെ ഈ മനുഷ്യനെ കാണാറുണ്ട്. കല്യാണവീടുകളിലും അങ്ങാടിയിലും പ്രകടനത്തിലും മൈക്കിനു മുന്നിലും, അങ്ങനെ എല്ലായിടത്തും. ആള്‍ക്കൂട്ടം ഉള്ളിടത്തെല്ലാം ടി.പിയുമുണ്ടാവും. കുട്ടിക്കാലം മുതല്‍ പരിചിതമാണ് ആ കാഴ്ച. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറി. ഇന്നലെ രാത്രിയില്‍ ഒറ്റക്കുള്ള യാത്രയില്‍ അക്രമികള്‍ വെട്ടിനുറുക്കിക്കൊന്നിട്ടും അറ്റുപോവുന്നേയില്ല, ഉള്ളില്‍നിന്ന് ആ മനുഷ്യന്‍.
ഓര്‍മ്മകളുടെ അങ്ങേയറ്റത്ത് ചുവപ്പു തോരണങ്ങളില്‍ മുങ്ങിയ അങ്ങാടിയാണ്. ചെങ്കൊടികളും തോരണങ്ങളും ഇളകിമറിയുന്ന അങ്ങാടിയുടെ ഒത്ത നടുക്കു കൂടി ഊര്‍ജസ്വലനായി നടന്നു വരുന്നു ചെറുപ്പക്കാരനായ ടി.പി. ചുറ്റും അനേകം ആളുകള്‍. ആരൊക്കെയോ അയാളോട് സംസാരിക്കുന്നു. ചെറിയ കുട്ടിയായിരുന്നു ഞാനന്ന്. അത്തരമൊരു പരിപാടിയും അത്രയേറെ ആളുകളെയും ആദ്യമായി കാണുകയാണ്.
ഉണ്ണികൃഷ്ണന്‍ ഏറാമല
എന്നാല്‍, ടി.പി പരിചിതനായിരുന്നു. അയല്‍വാസി. കുടുംബ ബന്ധത്തേക്കാള്‍ ശക്തമായ സ്നേഹബന്ധം. എന്നാല്‍, എനിക്കറിയാവുന്ന പാവം ടി.പിയേ ആയിരുന്നില്ല അങ്ങാടിയില്‍ കണ്ടത്. ആ ചുവപ്പു തോരണങ്ങള്‍ക്കും ആളൊഴുക്കിനുമിടയില്‍ ആ മനുഷ്യന്‍ എനിക്കൊട്ടും പരിചയമില്ലാത്ത വലിയ ഏതോ ഒരാളായി തോന്നി. എന്നാല്‍, ഇത്തിരി കൂടി വളര്‍ന്നപ്പോള്‍ എനിക്കു മനസ്സിലായി, ടി.പി ആരെന്ന്. ഞങ്ങളുടെ നാടിന്റെ നാഡിമിടിപ്പുകള്‍ എങ്ങനെയാണ് ആ മനുഷ്യനുമായി പിണഞ്ഞുകിടക്കുന്നതെന്നും. പിന്നീട്, വിദ്യാര്‍ഥിയായപ്പോഴും പഠനകാലം കഴിഞ്ഞപ്പോഴുമെല്ലാം നാടിന്റെ എല്ലാ അനക്കങ്ങളിലും ആ മനുഷ്യനെ കണ്ടുമുട്ടി. ഒഞ്ചിയത്തിന്റെ ഓര്‍മ്മയില്‍നിന്ന് ഒരിക്കലും പറിച്ചു മാറ്റാന്‍ കഴിയാത്ത ഒരാളായി ആ മനുഷ്യന്‍ മാറുന്നത് മുതിര്‍ന്നപ്പോള്‍ തിരിച്ചറിഞ്ഞു. താമസിയാതെ, എന്റെ ജീവിതത്തിലെയും ഏറ്റവും തീവ്രമായ സാന്നിധ്യങ്ങളില്‍ ഒന്നായി അദ്ദേഹം മാറി.
ഇതിനിടെ, കാര്യങ്ങളൊക്കെ വല്ലാതെ മാറിപ്പോയിരുന്നു. പാര്‍ട്ടി മാറി. ടി.പിയും. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളോടും ജീര്‍ണതകളോടുള്ള അഭിപ്രായ ഭിന്നതകളും പ്രത്യയശാസ്ത്രപരമായ നിലപാടുകളും തുറന്നുപറയേണ്ടി വന്നു. പാര്‍ട്ടിയിലും പാര്‍ട്ടിയെ ചുറ്റി ഭ്രമണം ചെയ്തിരുന്ന ഞങ്ങളുടെ നാട്ടിലും അത് വന്‍ ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചു. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് പാര്‍ട്ടി ശത്രുപക്ഷത്തായി. നീണ്ട പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും നാളുകളായി. അതോടൊപ്പം നിരന്തര ഭീഷണികളും ആക്രമണങ്ങളും. ഇപ്പോഴിതാ ഉടല്‍ നിറയെ മുറിവുകളുമായി, ജീവനറ്റിട്ടും ആ മനുഷ്യന്‍, ജ്വലിക്കുന്ന വികാരമായി നാടാകെ നിറഞ്ഞുകവിയുന്നു.


 
1
എന്നേക്കാള്‍ പത്തിരുപത്തഞ്ച് വയസ്സു കൂടുതലുണ്ടാവും സഖാവിന്. ഓര്‍മ്മവെച്ച നാള്‍ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരുന്നു ടി.പി. ഏറാമലയിലും പരിസരത്തും പാര്‍ട്ടിയുടെ നാവായിരുന്നു ആ മനുഷ്യന്‍. സമര മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും ദേശമായിരുന്നു ഒഞ്ചിയം. പാര്‍ട്ടിയുടെ ഉറച്ച കോട്ട. അവിടത്തെ പൊതുപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു എന്നും, ടി.പി. ജനങ്ങള്‍ക്കിടയിലായിരുന്നു എന്നുമദ്ദേഹം.
അത് ഞങ്ങളുടെ നാടിന്റെ കൂടി പ്രകൃതമാണ്. എല്ലാ വ്യത്യാസങ്ങള്‍ക്കിടയിലും അവിടെ മനുഷ്യര്‍ തമ്മിലുള്ള ഇഴയടുപ്പത്തിന് മാറ്റമുണ്ടാവില്ല. കല്യാണമോ, രോഗമോ മരണമോ -അങ്ങനെ എന്തു വന്നാലും നാട്ടുകാര്‍ മുഴുവന്‍ ഒരുമിച്ചു കൂടും. നാടിന്റെ ആവശ്യങ്ങള്‍ക്കായി മറ്റെല്ലാം മറന്ന് ഒന്നിക്കും. ആ പാരമ്പര്യം. മുഴുവന്‍ സ്വാംശീകരിച്ചതായിരുന്നു ടി.പിയുടെ പൊതു ജീവിതം.
കോണ്‍ഗ്രസുകാരനായിരുന്നു എന്റെ അച്ഛന്‍. പക്ഷേ, എന്റെ പെങ്ങളുടെ കല്യാണത്തിന് രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് കാര്യങ്ങള്‍ നടത്തിത്തരാന്‍ അന്ന് സി.പി.എമ്മിന്റെ വലിയ നേതാവായിരുന്നിട്ടും ടി.പി ഉണ്ടായിരുന്നു. മനുഷ്യര്‍ തമ്മിലുള്ള വലിയ ആത്മബന്ധമാണ് കമ്യൂണിസമെന്ന് ഞങ്ങളെല്ലാം പഠിച്ചത് ടി.പി അടക്കമുള്ളവരില്‍നിന്നാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും. സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാവായിട്ടും നാട്ടിലെ എല്ലാ പരിപാടികള്‍ക്കും ടി.പി എത്തിയിരിക്കും. എല്ലാ കല്യാണങ്ങള്‍ക്കും സാമ്പാര്‍ വിളമ്പാന്‍ മൂപ്പരുണ്ടാവും മുന്നില്‍.
പ്രദേശത്ത് മോഷണ ശ്രമം പതിവായതിനെതുടര്‍ന്ന്, കള്ളനെ പിടിക്കാന്‍ ഞങ്ങളെല്ലാം ഉറക്കമിളച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെല്ലാം ഒപ്പം ടി.പിയും ഉണ്ടായിരുന്നു. നാട്ടിലെ പല വക പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായമാവശ്യമുള്ളവര്‍ക്ക് പലരെയും ഏകോപിച്ച് സഹായമെത്തിക്കാനുമെല്ലാം ആ മനുഷ്യന്‍ മുന്നിട്ടിറങ്ങി.ഒരിക്കലും പാര്‍ട്ടി നോക്കിയിട്ടാവില്ല സഹായം.സദാ സമയവും പൊതുപ്രവര്‍ത്തനത്തിനായി മിനക്കെടുമെങ്കിലും കുടുംബത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധയുണ്ടായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. കുടുംബവുമായി വല്ലാത്ത അറ്റാച്ച്മെന്റായിരുന്നു.
ഇത്രയും ജനകീയനായ മറ്റൊരു നേതാവിനെ ഒഞ്ചിയം കണ്ടിട്ടില്ല എന്ന് ഉറപ്പിച്ചു പറയാനാവും. ജനങ്ങളുമായി അത്രയേറെ ഇഴുകി ജീവിച്ച ഒരാളായിരുന്നു ടി.പി.
അതു കൊണ്ടു തന്നെയാണ് ഈ ഗ്രാമം മുഴുവന്‍ ആ മനുഷ്യന്റെ പിന്നാലെ അണിനിരന്നത്. പാര്‍ട്ടി എന്ന വികാരത്തെ നെഞ്ചേറ്റിയ ടി.പി തങ്ങളെ വഴിതെറ്റിക്കില്ല എന്ന ഉറപ്പില്‍ തന്നെയാണ് ആയിരങ്ങള്‍ ടി.പിയെ വിശ്വസിച്ചിറങ്ങിയത്. പറയാനുള്ളത് ഏതു തമ്പ്രാന്റെയും മുഖത്തുനോക്കി പറയാന്‍ മടിയില്ലാത്ത ആ നേതാവിനു പിന്നാലെ തിരിക്കുമ്പോള്‍ ഒട്ടും സംശയമുണ്ടായിരുന്നില്ല ആ നാടിന്. ആ വാക്കുകളുടെ ആശ്വാസത്തില്‍ എല്ലാ സംഘര്‍ഷങ്ങളും മറക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് അതിനാലാണ്.
 
ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം. മുന്‍നിരയില്‍ ടി.പി ചന്ദ്രശേഖരനെ കാണാം

 
2
നാലഞ്ചു നാള്‍ മുമ്പാണ് അവസാനമായി ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചത്. ഒരു കല്യാണ വീട്ടിലായിരുന്നു. സമയം കിട്ടിയപ്പോള്‍ സംസാരിച്ചിരുന്നു. ഇതുവരെ തിരിച്ചറിയാത്ത കുറേയെറെ കാര്യങ്ങള്‍ ബോധ്യമായത് അന്ന് രാത്രിയാണ്.
എന്നെ സംബന്ധിച്ചിടത്തോളം, ജനകീയനായ ഒരുജ്വല നേതാവ് മാത്രമായിരുന്നു അതുവരെ ടി.പി. നാട്ടുകാരുടെ പ്രായോഗിക പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കാണുന്ന, അതിനു ശ്രമിക്കുന്ന ഒരു നേതാവ്. സൈദ്ധാന്തികമായ അടിത്തറയേക്കാള്‍ പൊതുപ്രവര്‍ത്തനം നല്‍കുന്ന സവിശേഷമായ പ്രായോഗിക പരിജ്ഞാനത്തിന് ഊന്നല്‍ നല്‍കുന്ന നേതാവായാണ് ഞാന്‍ ടി.പിയെ കണക്കാക്കിയിരുന്നത്. ഇതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ടി.പിയുടെ പ്രഭാഷണങ്ങള്‍. അതെപ്പോഴും ഏറ്റവും സാധാരണക്കാരനുള്ളതായിരിക്കും. വളരെ ലളിതമായി, ഋജുവായി കാര്യം പറയുന്ന രീതി. സൈദ്ധാന്തികതയോ ആഴമുള്ള വിഷയങ്ങളോ ഞാന്‍ കേട്ട ടി.പിയുടെ പ്രസംഗങ്ങളിലൊന്നുമില്ലായിരുന്നു.
മറ്റൊരു ധാരണ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു. പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നെങ്കിലും പ്രാദേശികമായ പല പ്രശ്നങ്ങളുമായിരുന്നു ഒഞ്ചിയത്ത് കൊടുങ്കാറ്റ് അഴിച്ചു വിട്ടതെന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. നാട്ടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളും വിഭാഗീയ നിലപാടുകളുമാണ് പുതിയ പാര്‍ട്ടി രൂപവല്‍കരിക്കാന്‍ കാരണമായതെന്നും ഞാന്‍ കരുതി.
എന്നാല്‍, അന്നത്തെ സംസാരം എന്റെ ധാരണകളെ ദൂരേക്ക് പറത്തിക്കളഞ്ഞു. പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങളെ പ്രത്യയശാസ്ത്രപരമായി സമീപിക്കുകയും ദൃഢമായ സൈദ്ധാന്തിക ധാരണകള്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരാളെയാണ് ഞാനന്ന് കണ്ടത്. ആഴത്തില്‍ കാര്യങ്ങളറിയുന്ന, സൈദ്ധാന്തികമായി പ്രശ്നങ്ങളെ നിര്‍ധാരണം ചെയ്യാന്‍ കഴിയുന്ന, പ്രത്യയശാസ്ത്രപരമായി ഭാവിയുടെ വെല്ലുവിളികള്‍ നേരിടാന്‍ കരുത്തുള്ള ഒരാള്‍. വിഭാഗീയതയല്ല, പ്രത്യയശാസ്ത്രപരമായ ഭിന്നത തന്നെയാണ് വിട്ടുപോക്ക് അനിവാര്യമാക്കിയതെന്ന് ഉദാഹരണ സഹിതം അന്ന് ടി.പി വിശദീകരിച്ചു.
‘ഒരു പാടു കാലം ഇന്ത്യന്‍ വിപ്ലവം സ്വപ്നം കണ്ടവരാണ് ഞങ്ങള്‍. വിപ്ലവം ഉണ്ടായില്ലെന്നു മാത്രമല്ല, പാര്‍ട്ടി തന്നെ കേഡര്‍ സ്വഭാവമുള്ള ബൂര്‍ഷ്വാ സെറ്റപ്പായി മാറിയതാണ് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ്, വിയോജിപ്പുകളുടെ ശക്തി കൂട്ടേണ്ടിവന്നത്’-സംസാരത്തിനിടെ ടി.പി പറഞ്ഞു.
ജെ.എന്‍.യുവില്‍ ‘ഐസ’ നേടിയ വിജയത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍, ഐസയെക്കുറിച്ചും അവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും ടി.പി ആഴത്തില്‍ സംസാരിച്ചു. ലിബറേഷന്‍ മാസികയെക്കുറിച്ചും അതിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചും അവരെ കാണാനും ചര്‍ച്ച നടത്താനുമായി നടത്തിയ യാത്രകളെക്കുറിച്ചും ടി.പി സംസാരിച്ചു. ഇന്ത്യയിലുടനീളം പല പേരുകളില്‍ ചിതറി കിടക്കുന്ന മിക്ക കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു ടി.പിക്ക്. അവയില്‍ പല ഗ്രൂപ്പുകളുമായി പല വട്ടം ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, മാവോയിസ്റ്റുകളുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങളേറെയായിരുന്നു. അവരൊഴിച്ച് മറ്റു പല ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന ധാരണയും ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു.
‘റഷ്യ ലോക യുദ്ധത്തില്‍ പങ്കെടുത്തില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തോടുള്ള നിലപാട് മാറ്റുമായിരുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്യ്ര സമരചരിത്രം ഇതുപോലാവില്ലായിരുന്നു-സംസാരം നിര്‍ത്തുമ്പോള്‍ അന്ന് ടി.പി പറഞ്ഞു.
 
ഒരു പുസ്തകപ്രകാശന ചടങ്ങില്‍ ടി.പി ചന്ദ്രശേഖരന്‍

 
3
പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നത നിലനിന്ന നാളുകളില്‍ കടുത്ത സംഘര്‍ഷങ്ങളിലൂടെയാണ് ടി.പിയും സഹപ്രവര്‍ത്തകരും കടന്നുപോയത്. പാര്‍ട്ടി വിടുമെന്ന അവസ്ഥ വന്നപ്പോള്‍ ഭാവി എന്താവുമെന്ന ആശങ്ക പരന്നു. ഭീഷണികളും ആക്രമണങ്ങളുമൊക്കെ ഊര്‍ജിതമായി. അതോടൊപ്പം പ്രലോഭനങ്ങളും. എന്നാല്‍, ആശയക്കുഴപ്പങ്ങള്‍ ഏറെ നേരം നീണ്ടുനിന്നില്ല. പ്രത്യയശാസ്ത്ര പരമായ കരുത്തിനാല്‍ അവയെല്ലാം തരണം ചെയ്യാന്‍ ടി.പിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.
‘അതുവരെ വിശ്വസിച്ചുപോന്നതൊക്കെ ശരിയായിരുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടാക്കിയ ആഘാതം കടുത്തതായിരുന്നു. എന്തിനുവേണ്ടിയാണോ ഇത്ര കാലം ജീവിച്ചത് അതു പൊടുന്നനെ ഇല്ലാതാവുമ്പോഴുള്ള ശൂന്യത ഭീകരമായിരുന്നു. മൂന്നാലു ദിവസം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. വല്ലാത്ത സംഘര്‍ഷത്തിലായിരുന്നു എല്ലാവരും. എന്നാല്‍, ശരിയായ അര്‍ഥത്തില്‍ കാര്യങ്ങള്‍ വീണ്ടും അവലോകനം ചെയ്തപ്പോള്‍ പോരാട്ടത്തിന്റെ ആവശ്യകത പൂര്‍വാധികം ബോധ്യപ്പെട്ടു. ദിശാബോധമുണ്ടായി. അങ്ങനെയാണ്, ആ നാളുകളില്‍ പിടിച്ചു നിന്നത്’- ആ ദിവസങ്ങളെക്കുറിച്ചുള്ള എന്റെ സംശയത്തിന് വാക്കുകള്‍ കൃത്യമായി ഇതായിരുന്നില്ലെങ്കിലും ഇങ്ങനെയായിരുന്നു ടി.പിയുടെ മറുപടി.
ഇടതുപക്ഷ ഏകോപനസമിതിക്ക് പിന്നീടുണ്ടായ ബലഹീനത ഒഞ്ചിയത്തെ ബാധിക്കാതിരുന്നത് ഈ ദിശോബോധം ഉള്ളതുകൊണ്ടുതന്നെയായിരുന്നു. ഗതികെടുമ്പോള്‍ യു.ഡി.എഫ് പക്ഷത്തേക്ക് ചേക്കേറാന്‍ തയ്യാറായ സമിതി നേതാക്കളില്‍ ചിലരെയെങ്കിലും പാര്‍ലമെന്ററി വ്യാമോഹമായിരുന്നു അതിന് പ്രേരിപ്പിച്ചത്. എന്നാല്‍, ഒഞ്ചിയത്ത് ഇത് ബാധകമായിരുന്നില്ല. ഒരു കാരണവശാലും വലതുപക്ഷത്തേക്ക് പോവില്ലെന്ന് ടി.പി അടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നു. അങ്ങനെ പോവുന്നവരെ എതിര്‍ക്കുമെന്നും അവര്‍ തീരുമാനിച്ചു. അതിനാലാണ്, എം.ആര്‍ മുരളിയെ തള്ളിപ്പറയാന്‍ ടി.പി തയ്യാറായത്. മറ്റിടങ്ങളിലുള്ള ചാഞ്ചാട്ടം ഒഞ്ചിയത്ത് ഉണ്ടാവാതിരുന്നതും. യു.ഡി.എഫ് പലപ്പോഴും റവല്യൂഷനറി പാര്‍ട്ടിയ സഹായിച്ചിരുന്നു. തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെയും മറ്റും. എന്നാല്‍, പാര്‍ട്ടി ഒരിക്കലും യു.ഡി.എഫിനെ സഹായിച്ചിട്ടില്ല. ഒരിടത്തും സ്ഥാനാര്‍ഥിയെ നിര്‍ത്താതെയുമിരുന്നില്ല.
ഒഞ്ചിയത്തെ സാഹചര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ ഒരു നിരീക്ഷണം അന്ന് ടി.പി മുന്നോട്ടുവെച്ചു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് ശരിയാണെന്ന് എനിക്കും ബോധ്യം വരുന്നുണ്ട്.
മറ്റെല്ലാ ഘട്ടങ്ങളിലും നേതാക്കന്‍മാരുടെ പിന്നാലെയാണ് അണികള്‍ ഇറങ്ങിവന്നിരുന്നത്. നേതാക്കന്‍മാരായിരുന്നു ചാലകശക്തി. എം.വി രാഘവന്‍ ആയാലും ഗൌരിയമ്മ ആയാലുമെല്ലാം അതു തന്നെയാണ്. ഒഞ്ചിയത്ത് നടന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. അവിടെ അണികളാണ് ഇറങ്ങിപ്പോന്നത്. ഏതെങ്കിലും വ്യക്തിപ്രഭാവമുള്ള നേതാക്കളെ കണ്ടിട്ടായിരുന്നില്ല, ആശയപരമായ ഭിന്നത പൂര്‍ണാര്‍ഥത്തില്‍ ബോധ്യപ്പെട്ടായിരുന്നു ആ ഇറങ്ങിപ്പോക്ക്. മേഖലയിലെ ചില നേതാക്കളൊക്കെ പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കുകയും അണികള്‍ ഒന്നിച്ച് പുറത്തേക്ക് ഒഴുകുകയുമായിരുന്നു. അതു കൊണ്ടാവണം റെവല്യൂഷനറി പാര്‍ടിടയില്‍ നേതാക്കള്‍ കുറഞ്ഞത്. അണികള്‍ കൂടിയത്. എന്നാല്‍, ഇതിനൊരു ഗുണവശമുണ്ട്. നേതാക്കളെ മാത്രം ഭ്രമണം ചെയ്യുന്ന അവസ്ഥയില്‍, ആ നേതാക്കള്‍ ഇല്ലാതായാല്‍ പാര്‍ട്ടി തന്നെ ഇല്ലാതാവുന്ന അവസ്ഥ വരും.
‘ഒഞ്ചിയത്ത് അത് നടക്കില്ല. അവിടെ നേതാക്കന്‍മാരേക്കാള്‍ പ്രധാനം അണികളാണ്. നേതാക്കളില്ലെങ്കിലും അവിടെ പാര്‍ട്ടി നിലനില്‍ക്കും. എത്ര കഷ്ടപ്പാട് അനുഭവിച്ചാലും സമവായത്തിന് ജനങ്ങള്‍ തയ്യാറാവില്ല’^സംസാരത്തിനിടെ, പെട്ടെന്ന് ടി.പി പറഞ്ഞു.
ഇപ്പോള്‍, ആ അവസ്ഥയാണ്. നേതാവ് ഇല്ലാതായി. എന്നാല്‍, നേതാവിനെ ഇല്ലാതാക്കിയാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്ന ശതുക്കളുടെ വ്യാമോഹം ഇവിടെ നടക്കാന്‍ പോവുന്നില്ല. ടി.പി വിശ്വസിച്ചിരുന്നതുപോലെ, സ്വയം നിലനില്‍ക്കാന്‍ ഇവിടത്തെ മനുഷ്യര്‍ക്കാവുക തന്നെ ചെയ്യും. അതിനുള്ള ഊര്‍ജം പകരുന്ന സാന്നിധ്യമായിരിക്കും ടി.പിയുടെ ഓര്‍മ്മ.


 
4
അസാമാന്യമായ ധീരതയായിരുന്നു ആ മനുഷ്യന്റേത്. മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന സാധാരണ മനുഷ്യന്റെ മനസ്സായിരുന്നു ടി.പിക്ക്. ഒന്നിനെയും ഭയമുണ്ടായിരുന്നില്ല. ഒരു ഭീഷണികളും വകവെച്ചിരുന്നില്ല.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ജയരാജേട്ടന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ എല്ലാവരും ആകെ പകച്ചു പോയിരുന്നു. ഭീഷണി ഉണ്ടായിരുന്നെങ്കിലും ആ ആക്രമണത്തിന്റെ സ്വഭാവം ഞെട്ടിച്ചു കളഞ്ഞു. കണ്ണൂക്കര വെച്ചാണ് ജയരാജേട്ടന്‍ ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞ് ആളുകളെ അകറ്റുക. കിട്ടുന്ന നേരം കൊണ്ട് ഇരയെ വെട്ടിനുറുക്കുക. ഇതായിരുന്നു രീതി. പകലായിരുന്നതു കൊണ്ടു മാത്രമാണ് ജയരാജേട്ടന്‍ അന്ന് രക്ഷപ്പെട്ടത്. അതാവണം ടി.പിക്കുനേരെയുള്ള ആക്രമണം രാത്രിയാക്കിയത്.
അന്ന്, ജയരാജേട്ടനെതിരായ ആക്രമണം സൃഷ്ടിച്ച ആഘാതത്തെ മറികടക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കിയത് ടി.പി ആയിരുന്നു. ആളുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ആ മനുഷ്യന്റെ ഉജ്വലശേഷി ബോധ്യമായ ദിവസമായിരുന്നു അത്. ഇളക്കങ്ങള്‍ പെട്ടെന്ന് പിടിച്ചുനിര്‍ത്താന്‍ ആ ശ്രമങ്ങള്‍ക്കായി. അതുകൊണ്ടുതന്നെയാണ്, അന്ന് ഒരാള്‍ പോലും പാര്‍ട്ടിവിട്ടു പോവാതിരുന്നതും.
അക്രമം കൊണ്ട് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ടി.പി എല്ലായ്പ്പോഴും പറഞ്ഞിരുന്നു. ഒഞ്ചിയത്തുവെച്ച് പകരം വീട്ടുന്നതിനോടും അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. പുറത്തുള്ളവരായിരുന്നു പലപ്പോഴും അക്രമികള്‍. ഒഞ്ചിയത്തെ സി.പി.എമ്മുകാര്‍ ചിലതൊന്നും അറിയാറുപോലുമുണ്ടായിരുന്നില്ല. അതിനാല്‍, പുറത്തുള്ളവര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഒഞ്ചിയത്തുവെച്ച് പകരം വീട്ടുന്നതില്‍ കാര്യമില്ലെന്ന് ടി.പി പറഞ്ഞു.
ചില രാത്രികളില്‍ വടകരയെത്തുമ്പോള്‍ ടി.പിയെ കാണാറുണ്ട്. നാട്ടിലേക്കാണെന്ന് പറയുമ്പോള്‍ എന്നാല്‍, കയറിക്കോ എന്നു പറഞ്ഞ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും. ഒന്നിച്ച് നാട്ടിലേക്ക് പോവും. എന്നെ വീട്ടില്‍ ഇറക്കിയിട്ടേ ടി.പി വീട്ടിലേക്ക് പോവൂ.
ഇത്രയധികം ഭീഷണികള്‍ ഉണ്ടാവുമ്പോള്‍, രാത്രി ഒറ്റക്ക് ബൈക്കില്‍ പോവുന്നത് ശരിയല്ലെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തനിച്ച് പോവരുതെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മറ്റു പലരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍, ടി.പി ഒരു യാത്രയും മുടക്കിയില്ല. ഭീഷണികാരണം ജോലികള്‍ മാറ്റിവെക്കാനോ മരണത്തെപ്പേടിച്ച് സമവായത്തിനു നില്‍ക്കാനോ ഒരിക്കലും ആ മനുഷ്യന്‍ തയ്യാറായിരുന്നില്ല.
‘മാക്സിമം, മരിക്കുകയല്ലേ ചെയ്യൂ. അവര്‍ കൊന്നോട്ടെ’-ഇതായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളിലെ ടി.പിയുടെ പതിവു മറുപടി.
നല്ല ആരോഗ്യമുള്ള, അജാനബാഹുവായിരുന്നു ടി.പി സ്വന്തം ശരീരത്തെക്കുറിച്ച് നല്ല വിശ്വാസമുണ്ടായിരുന്നു. അത്രയെളുപ്പമൊന്നും ടി.പിയെ കീഴ്പെടുത്താന്‍ കഴിയില്ലെന്ന് ശത്രുക്കള്‍ക്കുമറിയാമായിരുന്നു. അതിനാലാവണം, അവര്‍ ആ മനുഷ്യനെ ഇതുപോലെ വെട്ടിനുറുക്കിയത്. ഇത്തിരി ജീവനെങ്കിലും ബാക്കിയുണ്ടെങ്കില്‍ ടി.പി ഉണര്‍ന്നെണീക്കുമെന്ന് അവര്‍ ഭയന്നിരിക്കണം.
അവനെയാണ് എന്റെ ഭാഷാശാസ്ത്രത്തിലിട്ട് വെട്ടിക്കൊന്നത്

Monday, April 23, 2012

 ....കേരളം ഭ്രാന്താലയം ആണെന്ന് പറഞ്ഞത് ശരിയാണോ ഈശ്വരാ ?.....
സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട്,സമ്മര്‍ദ്ധത്തിനു സമ്പൂര്‍ണ്ണമായി കീഴടങ്ങി,ഇത്തരമൊരു അവസ്ഥയില്‍ എത്തിച്ചേര്‍ന്ന് ഭരിക്കുന്നതിലും നല്ലത് ,ഉമ്മന്‍ചാണ്ടിക്ക് അന്തസ്സായി രാജിവെച്ചു ,കോണ്ഗ്രസ് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നത് തന്നെയായിരുന്നു.ഒരുപക്ഷെ ഒറ്റയ്ക്ക് ഇപ്പോള്‍ത്തന്നെ വീണ്ടും കോണ്ഗ്രസ്സിന് അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞേനേ, അതല്ലെങ്കില്‍ അതിനടുത്ത തവണ തീര്‍ച്ചയായും അധികാരം കിട്ടുമായിരുന്നു.ഇതിപ്പോള്‍ ,താല്‍ക്കാലിക നേട്ടത്തിനായി മുസ്ലീംലീഗിന്റെ പിടിവാശിക്ക് അടിമപ്പെട്ടു ഭരണം തുടര്‍ന്നാല്‍,അത് കോണ്ഗ്രസ്സിന് വലിയ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. " സിപിഎം,മുസ്ലീംലീഗ്,ബിജെപി,വ്യക്തിയാധിഷ്ടിത കേരളാകോണ്‍ഗ്രസ്സുകള്‍ " എന്നീ പാര്‍ട്ടികളിലേക്ക് ,കൊണ്ഗ്രസ്സില്‍ നിന്ന് ഒഴുക്കുണ്ടായേക്കാം.മഞ്ഞളാംകുഴി അലിയുടെ മന്ത്രി സ്ഥാനത്തെയും,അഞ്ചാം മന്ത്രിയെയും എതിര്‍ക്കുന്നവര്‍,മുസ്ലീം സമുദായത്തെ എതിര്‍ക്കുന്നുവെന്ന തോന്നല്‍ വരുന്നത് ശരിയല്ല.കാരണം ആ സമുദായത്തിലെ ചെറിയൊരു ശതമാനമേ മുസ്ലീംലീഗില്‍ ഉള്ളു.ഈ മന്ത്രിമാരേക്കൊണ്ടോ പാര്‍ട്ടിയെക്കൊണ്ടോ പാവപ്പെട്ട ആ സമുദായക്കാര്‍ക്ക് എന്ത് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അവര്‍ തന്നെ ചിന്തിച്ചാല്‍ മനസ്സിലാകും.അതുപോലെതന്നെയാണ് കേരളാകോണ്‍ഗ്രസിന്റെയും അവസ്ഥ. ഒരേ ജില്ലയില്‍ നിന്ന് മൂന്നില്‍ കൂടുതല്‍ മന്ത്രിമാര്‍ വരുന്നതും,കേരളത്തിലെ സമുദായ ശതമാനം കണക്കിന് ആനുപാതികത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ ഒരേ സമുദായത്തില്‍ നിന്ന് വരുന്നതും കേരളത്തിലെ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നു നിക്ഷ്പക്ഷമതികളായ ധാരാളം പേര്‍ മുന്നറിയിപ്പ് കൊടുത്തിട്ടും,അത് അവഗണിച്ചാണ് ഈ മന്ത്രിമാര്‍ അധികാരത്തില്‍ വരുന്നത്.
യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷമായാലും,ഭൂരിപക്ഷമായാലും മന്ത്രിമാര്‍ വരേണ്ടത് മതേതര പാര്‍ട്ടികളായ കൊണ്ഗ്രസ്,സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളായിട്ടാണ്, വര്‍ഗ്ഗീയ പാര്‍ട്ടികളില്‍ കൂടിയല്ല, രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാത്ത മതക്കാര്‍ വിഡ്ഢികള്‍ എന്ന തോന്നല്‍ ഉണര്‍ത്തി,അത്തരം ധാരാളം മത-പാര്‍ട്ടികളുടെ രൂപീകരണത്തിന് വഴി വെച്ചേക്കാവുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് മുളയിലെ നുള്ളുന്നതിനു പകരം ,അതിനു വളവും വെള്ളവും നല്‍കുന്ന കോണ്ഗ്രസ്സിന്റെ നടപടി കേരളാസമൂഹത്തില്‍ ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ക്ക് ഹേതുവാകും എന്ന് കോണ്ഗ്രസ്സ് പാര്‍ട്ടി ഓര്‍ത്തു ഇനിയെങ്കിലും രാജിവെച്ചു അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക.വര്‍ഗ്ഗീയത ഭൂരിപക്ഷവും,ന്യൂനപക്ഷവും ഒരുപോലെ ആപത്തുതന്നെയാണ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന ആര്യാടന്‍ മുഹമ്മദിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല,അത്തരം മതേതര ചിന്താഗതിയുള്ള മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെയാണ് മന്ത്രിമാര്‍ ആകേണ്ടത്. ഒരുപക്ഷെ,നാളെ ഇതൊക്കെ കെട്ടടങ്ങുന്ന തന്ത്രങ്ങള്‍ മന്ത്രിസഭ നടത്തിയേക്കാം, വൈരാഗ്യം കെട്ടടങ്ങാന്‍ എന്‍എസ്എസ്സിനും ,എസ്എന്‍ ഡി പിക്കുമൊക്കെ, വല്ലതുമൊക്കെ നല്‍കി ത്രിപ്തര്‍ ആക്കിയേക്കാം.പക്ഷെ, മതേതരത്വം പുലരണം എന്നാശിക്കുന്ന നിക്ഷ്പക്ഷരായ യാതൊരു രാഷ്ട്രീയത്തിനും അന്തമായി അടിമപ്പെടാത്ത ധാരാളം ആള്‍ക്കാരില്‍,ഇത്തരം മുറിവുകള്‍ മൂലമുള്ള ഭവിഷ്യത്ത് ഓര്‍ത്തുള്ള വേവലാതി ഉണ്ടെന്നു എല്ലാ രാഷ്ട്രീയക്കാരും ഓര്‍ക്കുക.താഴെത്തട്ടിലുള്ള ജനങ്ങളുടെ ഇടയില്‍ വര്‍ഗ്ഗീയത ഒന്നും ഇല്ലെന്നു മനസ്സിലാക്കുക,എന്നാല്‍ ഇത്തരം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് പാവപ്പെട്ടവര്‍ ആയിരിക്കും,ഉന്നതരും നേതാക്കളും പലപ്പോഴും സുരക്ഷിതര്‍ ആണല്ലോ ?കേരളം ഭ്രാന്താലയം ആണെന്ന് പറഞ്ഞത് ശരിയാണോ ഈശ്വരാ ?.
..കടപ്പാട് : ..Raju Varghese Chakkalakuzhy

Wednesday, February 15, 2012

നിങ്ങളാണ് യഥാര്‍ത്ഥ പ്രവാചക നിന്ദകര്‍.... അത് മറക്കേണ്ട.

അല്പം കഴിഞ്ഞു   പോലീസ് വന്നു  അവനെയും കൊണ്ട്  പോയി. പോലീസിനെ ആരാണ് വിളിച്ചത് എന്ന തര്‍ക്കമായി പിന്നീട്. പോലീസുകാര്‍ക്ക് മുമ്പില്‍ പറയാനുള്ള ന്യായമൊന്നും നമ്മളെ കയ്യില്‍ ഇല്ലെങ്കിലും,നാട്ടു ന്യായം നോക്കിയാല്‍ സംഗതി പിശക് തന്നെയാ .ഒരു പത്താം ക്ളാസുകാരി അന്യ മതസ്ഥനായ ചെറുപ്പക്കാരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നത് കണ്ടാല്‍ ഇതു മതത്തില്‍ പെട്ടവരായാലും അത്രയങ്ങ്  ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. ഇത് തന്നെയാണ് മിനിയാന്ന് വയല്പീടികയില്‍ നടന്നതും. സംഭവത്തില്‍ വല്യ 'കയമ്പ്' ' ഇല്ല എന്ന് തോന്നി തുടങ്ങിയപ്പോള്‍ ആള്‍ക്കൂട്ടവും ഒഴിഞ്ഞു തുടങ്ങി.എങ്കിലും നമ്മുടെ '' Bus Stop "ആയ [അന്സാരിനോട് കടപ്പാട്] ഇവിടെ ഇതിനു പ്രസക്തിയുണ്ടോ എന്നാ തോന്നല്‍
         മിനിയാന്ന് ഒരു ഉച്ച സമയത്താണ് സംഭവം ഉണ്ടായത്.വാണിമേല്‍  പാലത്തിന്റെ അക്കരെ നിന്ന് ചില നാട്ടുകാര്‍ കാണുന്നത് ,സഹോദര സമുദായത്തില്‍ പെട്ട ,അതായത് ഒരു അമുസ്ലിം ചെറുപ്പക്കാരന്റെ ബൈക്കിന്റെ പിറകില്‍ ഇരുന്നു ഒരു പത്താം ക്ളാസുകാരി സ്കൂളില്‍ പോകുന്നതാണ്.പെണ്‍കുട്ടിയെ അവരില്‍ ചിലര്‍ക്ക്  അറിയുന്നതാണ്.ബൈക്ക് ഓടിച്ച    ആളെയും അവരില്‍ ചിലര്‍ക്ക് അറിയാം ,പിന്നെന്തു
പറയാന്‍ ....കണ്ടവര്‍  ഓടിച്ചിട്ടു അവരെ  വയല്പീടികയില്‍ വെച്ച് പിടിച്ചു. വയല്പീടികയില്‍ വലിയ ആള്‍ക്കൂട്ടമായി .ചോദ്യം ചെയ്തപ്പോള്‍ ആ ബൈക്ക് ഓടിച്ച പയ്യന് അവള്‍ ആരാന്നു പോലും അറിയില്ലത്രേ!!!. അവന്‍ പറഞ്ഞത് സത്യമാണ്. അവനു ആ കുട്ടിയെ അറിയില്ല. അവന്‍ കല്ലാച്ചിയില്‍ നിന്ന് വരുമ്പോള്‍ വഴിയില്‍ വെച്ച് ആ പെണ്‍കുട്ടിയുടെ പിതാവ് കൈ കാണിച്ചു നിര്‍ത്തിച്ചു കയറ്റി വിട്ടതാണ് ഭൂമിവാതുക്കല്‍ സ്കൂളില്‍ എത്തിക്കാന്‍. ബസ്സും,ജീപ്പും കാത്ത് നിന്ന് മുഷിഞ്ഞു,കുട്ടിക്ക് മോഡല്‍ പരീക്ഷക്ക്‌ സ്കൂളില്‍ എത്താന്‍ വൈകുമെന്നായപ്പോള്‍ ഉപ്പ കണ്ട വഴി ഇത് മാത്രമായിരുന്നു.കിട്ടുന്ന വണ്ടിയില്‍ കയറ്റി വിടല്‍ . ആ പെണ്‍കുട്ടിയും, ബൈക്ക് ഓടിച്ച പയ്യനും, കുട്ടിയുടെ പിതാവും ഇത് തന്നെയാണ് പറഞ്ഞത് എന്നതിനാല്‍ അത് സത്യമാകാനേ തരമുള്ളൂ.
           സത്യത്തില്‍ ഈ വിഷയത്തില്‍ ആര്‍ക്കാണ് യഥാര്‍ഥത്തില്‍ അബദ്ധം പറ്റിയത്?? . ആ ചെറുപ്പക്കാരന്‍ ചെയ്തതോ, ആ പിതാവിന് പറ്റിയതോ? അല്ലെങ്കില്‍ അവനെ വളഞ്ഞിട്ട് പിടിച്ച നാട്ടുകാര്‍ക്കോ? ...
           സാന്ദര്‍ഭികമായി ഇതിന്റെ കൂടെ ഒരു യഥാര്‍ത്ഥ സംഭവം കൂടി എഴുതാന്‍ തോന്നുന്നു.ചെന്നാട്ടു മൊയ്തുക്ക പറഞ്ഞ ,മേല്‍ പറഞ്ഞ സംഭവവുമായി മറ്റൊരു രൂപത്തില്‍ സാമ്യമുള്ള വേറൊരു സംഭവം.
ie,'കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്താലുള്ള അവസ്ഥ...'
കുറെ നാളുകള്‍ക്കു മുമ്പ് പുതുക്കയം,കരുകുളം ഭാഗത്തുള്ള ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മദ്രസ്സ വിട്ടു പോകുമ്പോള്‍  "അമലിയാത്ത്" പുസ്തകം വീണുപോയി.
കുട്ടിയുടെ ഭാഗ്യത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തു നിന്ന് ഇവിടെ താമസമാക്കിയ കണ്ണന്റെ ഭാര്യ ലീലയ്ക്കു കിട്ടി.ലീല പുസ്തകത്തിലെ പേര് നോക്കി ആളെ മനസ്സിലായതിനാല്‍ കണ്ണേട്ടന്റെ അടുത്തു കൊടുത്തയച്ചു.ആ കുട്ടിക്ക് പുസ്തകം തിരിച്ചു കിട്ടുകയും ചെയ്തു. രണ്ടു നാള്‍ കഴിഞ്ഞു,കുട്ടിയേയും,കുട്ടിയുടെ ഉമ്മയും കണ്ടപ്പോള്‍ ലീല പറഞ്ഞു ,നിന്റെ 'അമലിയാത്ത് 'ബുക്ക് എനിക്കാണ് കിട്ടിയത് എന്നും.ഞാന്‍ കണ്ണേട്ടന്റെ കൊടുത്തതാണ് എന്നും പറഞ്ഞു. ഇവിടുന്നങ്ങോട്ട്‌ പുതിയൊരു വിഷയത്തിന്റെ ആരംഭമായി.
            വെറും അറബി  എഴുത്തുകള്‍ മാത്രമുള്ള ആ ബുക്ക്‌ 'അമലിയാത്ത് 'ആണെന്ന് ലീലക്ക് എങ്ങിനെ മനസിലായി. നമ്മുടെ ആള്‍ക്കാര്‍ ചര്‍ച്ചയാക്കി.കണ്ണന്റെ വീട്ടില്‍ നേരിട്ട് പോയി ചോദിച്ചു. ലീല പറഞ്ഞു ഞാന്‍ ബുക്കില്‍ എഴുതിയത് വായിച്ചതാണ് എന്ന്. നമ്മള്‍ വിട്ടില്ല.... അറബി മാത്രം എഴുതിയ ബുക്കല്ലേ? നിനക്കെങ്ങിനെ മനസ്സിലായി ,
അമലിയാത്ത് എന്നാണു എഴുതിയത് എന്ന്?.നീ ഞാളെ ആളാണ്‌,.കണ്ടപ്പോളേ ഞങ്ങള്‍ക്ക് സംശയമുണ്ട്‌.നീ ഉടനെ ഇതിലേക്ക് തന്നെ മടങ്ങണമെന്ന്.  എല്ലാരും കൂടി ബഹളമാക്കിയപ്പോള്‍ ലീല പറഞ്ഞു...ശരിയാണ് ,ഞാന്‍ നിങ്ങളില്‍ പെട്ടവള്‍ തന്നെയായിരുന്നു. എട്ടാം ക്ളാസ്സു വരെ മദ്രസ്സയില്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്.എന്ത് ചെയ്യാനാ ,ദാരിദ്ര്യം ഞങ്ങളെ വിട്ടു പോവാണ്ടായപ്പോള്‍ ഞാന്‍ കണ്ണേട്ടന്റെ കൂടെ പോന്നു. നിങ്ങള്ക്ക് അത്രയ്ക്ക് നിര്‍ബ്ബന്ധമാണ് എങ്കില്‍ എന്റെ രണ്ടു അനിയത്തിമാര്‍ വീട്ടില്‍ ഉണ്ട്. രണ്ടും പ്രായപൂര്‍ത്തിയായി നില്‍ക്കുന്നു.അവരും ഇപ്പോള്‍ ആരുടെയെങ്കിലും കൂടെ പോകും. എന്നെ നിങ്ങളില്‍ കൂട്ടുന്നതിനു പകരം പെട്ടെന്ന്  എന്റെ അനിയത്തിമാരെ ഇതില്‍ നിന്ന് പോകാതിരിക്കാനുള്ള വഴി നോക്കൂ എന്ന്.
           എന്ത് പറയാനാ ..... നമ്മള്‍ അവിടുന്നിങ്ങു പോന്നു. അമലിയാത്ത് വീണു കിട്ടിയ ലീലയാണോ തെറ്റുകാരി, തിരിച്ചു വിളിക്കാന്‍ പോയ നമ്മളാണോ തെറ്റുകാരി.ദാരിദ്ര്യം കൊണ്ട് വീട് വിട്ടു ഒളിചോടെണ്ടി വരുന്ന നമ്മില്‍ പെട്ടവരെയാണോ നാം കുറ്റപ്പെടുത്തേണ്ടത്?
     ഒന്നില്‍ നമുക്കു അഭിമാനിക്കാം..... നമ്മുടെ പ്രദേശത്തു നിന്ന് ദാരിദ്ര്യം കാരണം ഒരാളും ഒളിച്ചോടെണ്ടി വരില്ല എന്ന്
              ദേഷ്യമൊന്നും പിടിക്കല്ലേ....ഒരു കൊക്ക എന്റെ വകയും...
.' ഈ ചക്കേന്നു മുടി കളിക്കുംപോലെ ' എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്....  ഈ "മുടി"കൊണ്ടുള്ള കളി മാത്രമല്ല " നമ്മുടെ ദീന്‍ " .... അല്ലെങ്കില്‍ കേരളത്തിലെ മാപ്പിള മക്കളെ വെറും ' മുടി ചര്‍ച്ചകളില്‍ ' ഒതുക്കി കളഞ്ഞവര്‍ക്ക് ,എന്നെങ്കിലും ബോധം വരും. അന്നവര്‍ അറിയും ഇതായിരുന്നില്ല നാം പടിപ്പിക്കെണ്ടിയിരുന്ന ഇസ്ലാം എന്ന്. സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹു " മുടി തര്‍ക്കങ്ങളില്‍ "ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്ക്കും നല്ല ബോധം കൊടുക്കുമാരാവട്ടെ. ആമീന്‍. മുഹമ്മദ്‌ നബി [സ] യുടെ പേരും,പ്രവാചകന്റെ മുടിയുടെ പേരും, ഇന്നത്തെ ചാനലുകളിലോക്കെ വലിച്ചിഴച്ചു കൊണ്ട് പോയി 'കൊത്തിപ്പറിച്ചു' കളിക്കാന്‍ അവസരമുണ്ടാക്കിയവരെ.... നിങ്ങളാണ് യഥാര്‍ത്ഥ പ്രവാചക നിന്ദകര്‍.... അത് മറക്കേണ്ട.

Saturday, January 21, 2012

Vanimel Panam Payattu