thalopandi

Pages

Monday, March 22, 2010

ക്ലാസ്മേറ്റ്സ്..... ഒരു വാസ്തവം....




ക്ലാസ്മേറ്റ്‌ .............ഒരു വാസ്തവം

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഇന്നും മായാതെ മനസ്സില്‍ പച്ച പിടിച്ചു കിടക്കുകയാണ് ആ കാലഘട്ടം.അറിഞ്ഞുകൊണ്ടു മനസ്സില്‍ സ്ഥാനം കൊടുത്തവരും, അറിയാതെ മനസ്സിനകത്ത് കയറിപറ്റിയവരുമായി ഒട്ടേറെ മുഖങ്ങള്‍ ....... സ്ഥാനം കൊണ്ടും,പെരുമാറ്റം കൊണ്ടും മനസ്സിലെ ഇടങ്ങള്‍ പകുത്തു നല്‍കിയപ്പോള്‍ ,അനുവാദമില്ലാതെ ഇടം തേടി കയറിവന്ന മുഖമായിരുന്നു അവന്റെത്‌. ........
അതെ,.......സുരേഷ്.... ,ഒന്നും മിണ്ടാതെ ഒരരികില്‍ ഒതുങ്ങി കൂടിയിരുന്നു തന്റേതായ സംസാര ശൈലി കൊണ്ടും, പ്രവര്‍ത്തി കൊണ്ടും ഞങ്ങളുടെയെല്ലാം സ്വന്തമായി മാറിയ സുരേഷ്, വിധിയുടെ കരങ്ങളിലകപ്പെട്ടു ,മുറിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടു പോയ ഞങ്ങളുടെ സുരേഷ്...........
പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ജൂണ്‍ മാസം, എല്‍.പീ, യു.പി.സ്കൂളുകള്‍ കഴിഞ്ഞു ,ഹൈസ്കൂള്‍ പഠന ആരംഭത്തിന്റെ ആദ്യ നാളുകള്‍, ........ പുതിയ വിദ്യാലയം, പുതിയ അധ്യാപകര്‍, അതിനേക്കാള്‍ ഉപരി, പുതിയ സഹപാഠികള്‍ ............. പ്രൈമറി ക്ലാസുകളില്‍ സഹപാഠികള്‍ കനിഞ്ഞു നല്‍കിയ സ്ഥാനം ഉപയോഗിച്ചു ഹൈസ്കൂള്‍ ക്ലാസിലും
വിലസാമെന്ന എന്‍റെ മോഹം വെറും വ്യാമോഹം മാത്രമാണെന്നത് ഞാന്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ തിരിച്ചറിഞ്ഞു. എന്‍റെ മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞു കൂടിയ 'കോംപ്ലക്സ്' അഥവാ അപകര്‍ഷതാ ബോധത്തിന്റെ നിര്‍വചനം പതിയെ ഞാന്‍ അറിയാന്‍ തുടങ്ങിയത് ഈ ഘട്ടത്തിലായിരുന്നു.
സ്കൂളിലെ തന്നെ ഏക ക്രിസ്ത്യന്‍ വിദ്യാര്‍ഥി ജോസെഫ് കെ ആന്റണി ,പഠിപ്പില്‍ മിടുക്കന്മാരായ ഒന്തത്തു മൊയിതു, ഓ.ടി.അഷ്‌റഫ്‌, ടീച്ചറുടെ മകള്‍ സ്മിത, ഡോക്ടറുടെ മകളായ മറ്റൊരു സ്മിത, ഇരട്ട സഹോദരിമാരായ ഹസീനയും, ഷാഹിനയും,
മലയോര പ്രദേശമായ പുതുക്കയത്തു നിന്നും വരുന്ന മിടുക്കനും, സ്കൂള്‍ രാഷ്ട്രീയത്തില്‍ എസ്.എഫ്.ഐ യുടെ കരുത്തനായ നേതാവുമായ സുരേഷ്................ സഹപാടികളുടെ നിര നീണ്ടതായിരുന്നു.
വര്‍ഷങ്ങള്‍ ആരെയും കാത്തു നില്‍ക്കാതെ യാത്ര തുടര്‍ന്നു.കൂടെപഠിച്ചവരില്‍ ചുരുക്കം പേരെ മാത്രമേ പിന്നീട് നേരില്‍ കണ്ടുള്ളൂ.പക്ഷെ പലരും ഇന്ന് വലിയ നിലകളിലാണ്. നാട്ടിലും,മറുനാടുകളിലുമായി അവരോരോരുത്തരും തങ്ങളുടേതായ മുദ്ര പതിപ്പിച്ചിരിക്കുന്നു. .......ഒരാളൊഴികെ........
അതെ, അന്നും, ഇന്നും പാവങ്ങളില്‍ പാവമായ ,മലയോര ഗ്രാമമായ പുതുക്കയത്തെ സുരേഷ്. പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ അമരക്കാരനായിരുന്ന സുരേഷ്....... വീട്ടിലെ കോലായില്‍ ഒരു കഷണം പലകമേല്‍ ജീവിതം തീര്‍ത്ത്‌ കൊണ്ടിരിക്കുകയാണ് അവന്‍.
പത്താം ക്ലാസ് കഴിഞ്ഞയുടന്‍ സുരേഷിന് വന്നു പെട്ട ദുരന്തം അധികമാരും അറിഞ്ഞിരുന്നില്ല. അറിഞ്ഞ വളരെ ചുരുക്കം പേരാകട്ടെ ആ വിവരം മറ്റുള്ളവരെ അറിയിക്കാനോ, അവനു വേണ്ടി വല്ലതും ചെയ്യാനോ സമയമില്ലാത്തവരായിരുന്നു. അല്ലെങ്കിലും, സുരേഷിനെ പോലുള്ളവരെ കുറിച്ചു ചിന്തിക്കാന്‍ ഞാനടക്കമുള്ള സമൂഹത്തിനു എവിടെയാ നേരം? പറക്കുകയല്ലേ.... ലോകം തന്നെ കൈകുംബിളിലാക്കാന്‍............
സുരേഷിന്റെ ജീവിതം പലകമേല്‍ ഒതുങ്ങിയിട്ടു പിന്നെയും വര്‍ഷങ്ങള്‍ അഞ്ചു കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്. സ്നേഹം കൊണ്ടും, സഹതാപം കൊണ്ടും എന്നില്‍ പ്രത്യേക സ്വാധീനം വരുത്തി വെച്ച സുരേഷിന്റെ അവസ്ഥ എന്നെ വല്ലാതെ സങ്കടപ്പെടുത്തി. എപ്പോഴോ പ്രവാസ ക്കുപ്പായം എടുത്തണിയേണ്ടി വന്ന ഞാന്‍;പത്തു വര്‍ഷത്തോളം പ്രവാസ ജീവിതം ആസ്വദിച്ചും, അനുഭവിച്ചും, സങ്കടപ്പെട്ടും, വേദനിച്ചും തീര്‍ക്കുമ്പോഴും, ......എന്‍റെ സഹപാടി ചുവരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടുപോയി എന്ന സത്യം എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.
ക്രസന്റ് ഹൈ സ്കൂളിന്റെ 32 ആം വാര്‍ഷികവും, നാല് അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും വിപുലമായി ആഘോഷിക്കാനുള്ള തീരുമാന വിവരം,അദ്ധ്യാപകനും, 'മാധ്യമം' വാണിമേല്‍ പ്രാദേശിക ലേഖകനുമായ M.A.വാണിമേല്‍ ആണ് എന്നെ അറിയിച്ചത്. കൂടെ പ്രവാസികളുടെ സഹകരണത്തോടെ ഒരു ''സുവനീര്‍'' പുറത്തിറക്കുന്ന വിവരവും പറഞ്ഞിരുന്നു.
സുരേഷിനെ കുറിച്ചു പുറം ലോകത്തെ അറിയിക്കാന്‍ ഇതിനേക്കാള്‍ നല്ല മറ്റൊരു വഴിയില്ലെന്ന് എനിക്ക് തോന്നി. ജീവിതത്തില്‍ അന്നുവരെ ഒരു കുറിക്കത്ത് പോലും എഴുതി ശീലിച്ചിട്ടില്ലാത്ത ഞാന്‍ സുരേഷിനെ കുറിച്ചു എഴുതി..... വെറും എഴുത്തല്ല..........ശാരീരികമായ അസ്വസ്ഥകളാല്‍ കഴിയുന്ന സുരേഷിനെ കുറിച്ചു ,മാനസികമായ അസ്വസ്ഥതയോടെ .....ഉള്ളില്‍ തട്ടി തന്നെ എഴുതി....... വാസ്തവം......

----- വാസ്തവം ----
കളവു പറയേണ്ടി വന്നെങ്കിലും കമ്പനി പത്തു ദിവസം ലീവ് തന്നു. ദുബായ് എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ വിമാന കമ്പനി വക ഒരു ദിവസത്തെ വിശ്രമം. നോമ്പ് നാളായതിനാല്‍ പട്ടിണിക്കിടാന്‍ വിമാനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു.
വരുമെന്ന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നിട്ടും ഭാര്യ ഒരു സ്വപ്നമായിത്തന്നെ കണ്ടു.സാമ്പത്തിക ബുദ്ധിമുട്ടും ,പ്രയാസങ്ങളും ഉണ്ടായിട്ടും ,എന്‍റെ പെട്ടെന്നുള്ള തിരിച്ചു വരവില്‍ സന്തോഷത്തേക്കാള്‍ ,അത്ഭുതമാണ് അവള്‍ക്കു തോന്നിയത്. അപ്രതീക്ഷിതമായ ഈ തിരികെ വരവിന്റെ കാരണം എനിക്കെന്തു കൊണ്ടോ ,അവളോട്‌ പറയാനും തോന്നിയില്ല. സ്വന്തം ജീവനേക്കാള്‍ സ്നേഹിച്ചു പോയ തന്‍റെ ഭര്‍ത്താവിനു ,ഒരു തരം മാനസിക പ്രശ്നം ആണെന്ന് അറിഞ്ഞാല്‍ അവള്‍ തകരുമെന്ന് ഉറപ്പായിരുന്നു. എന്‍റെ നെഞ്ചിനുള്ളില്‍ പ്രതിഷ്ടിച്ചുപോയ പ്രിയതമയെ ഒരു നിമിഷം പോലും സങ്കടപ്പെടുത്താന്‍ എനിക്കാവില്ലായിരുന്നു.
വീട്ടിലെത്തിയിട്ടും എനിക്കൊരാശ്വാസം തോന്നിയില്ല. അന്നും ഉറക്കമില്ലായ്മ എന്നെ ബുദ്ധിമുട്ടിച്ചു. കണ്ണടക്കുമ്പോള്‍ സുരേഷിന്റെ മുഖം തന്നെ തെളിഞ്ഞു വരുന്നു. അവനെ കുറിച്ചുള്ള ചിന്തകള്‍ മാത്രം മനസ്സില്‍.മുന്‍പൊന്നുമില്ലാത്ത വിധം ഞാന്‍ ഇടതും ,വലതുമായി മാറി ക്കിടക്കുന്നത് അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവള്‍ക്കൊന്നും അറിയാതിരിക്കാന്‍ അന്നും എനിക്ക് ഉറക്കഗുളിക കഴിക്കേണ്ടി വന്നു.
ഡോക്ടറെ കാണുന്നതിനേക്കാള്‍ ,സുരേഷിനെ തന്നെ ഒന്ന് കാണാനാണ് എനിക്ക് തോന്നിയത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ,മുടങ്ങാതെ ഞാനവനെ പോയി കാണുന്നതാണ്. ആര് മാസം മുമ്പ് നാട്ടില്‍ വന്നപ്പോളാണ് അവസാനമായി ഞാനവനെ കണ്ടത്. അന്നും "അയ്യോ പാവം"എന്ന വികാരത്തിനപ്പുറം ഒന്നും അവനോടു തോന്നിയില്ല. പക്ഷെ, കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തോന്നാത്ത എന്തോ ഒരു വിചാരവും, വികാരവും,സഹതാപവും എന്‍റെ മനസ്സിനെ വല്ലാതെ മാറ്റിയിരിക്കുന്നു. ഇത് തന്നെയാണ് എന്നെ വല്ലാതെ പേടിപ്പെടുത്തുകയും ചെയ്യുന്നത്.
ജോലിക്ക് പോകുമ്പോളും, വരുമ്പോളും, ഓഫീസിലും, റൂമിലും, അവന്റെ അവസ്ഥയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വിഷാദ രോഗിയെ പോലെയാക്കുന്നു. ഉറക്കം കിട്ടാത്ത രാത്രികള്‍ കൂടിവന്നപ്പോള്‍ ,പലപ്പോളും ഗുളികയെ തേടുന്നു. ചിലപ്പോളൊക്കെ സ്വപ്നം കാണുന്നതും സുരേഷിനെ തന്നെ. ലോകം മുഴുവന്‍ കീഴടക്കാനുള്ള വ്യഗ്രതയില്‍ ,അഹങ്കാരവും,താന്തോന്നിത്തവും, തലക്കനവുമൊക്കെയായി,തിരക്കോട് തിരക്കില്‍, ഓടിത്തമര്‍ത്തുന്ന ഞാനടക്കമുള്ളവര്‍ ഈ സുരേഷിനെയൊന്നും കാണുന്നില്ലല്ലോ എന്ന ചിന്ത എന്‍റെ മസ്തിഷ്കത്തെ കുത്തി നോവിക്കുന്നുണ്ട്.
ക്രസന്റ് ഹൈ സ്കൂളിലെ എട്ടാം ക്ലാസ്സില്‍ നിന്നാണ് സുരേഷിനെ ഞാനാദ്യമായി കാണുന്നത്. "ക്യൂബ മുകുന്ദന്റെ "പ്രത്യാ ശാസ്ത്രത്തില്‍ തന്നെ വിശ്വസിക്കുന്നതിനാല്‍ ചെറുപ്പത്തിലെ സംഘടനയോട് നല്ല കൂറായിരുന്നു സുരേഷിന്. തോല്‍വി ഉറപ്പായിരുന്നിട്ടും സ്കൂള്‍ ഇലക്ഷനില്‍ അവനെന്റെ എതിര്‍ സ്ഥാനാര്‍ഥിയായി. സ്വന്തം നിഷ്കളങ്കതയും,കഴിവും, ഉപയോഗിച്ചു എനിക്ക് കിട്ടേണ്ട പല വോട്ടുകളും അവന്‍ സ്വന്തമാക്കി. പഠനത്തിലും ക്ലാസ്സില്‍ ഒന്നാമനായപ്പോള്‍ വെറുപ്പിനേക്കാള്‍ എനിക്കവനോട് ഒരുതരം അസൂയയായിരുന്നു.
"കൂടെ കിടന്നാലേ രാപ്പനി അറിയൂ..."എന്ന പഴമൊഴിയെ അര്‍ത്ഥവത്താക്കുന്ന രീതിയില്‍ ഞങ്ങള്‍ ഒരുപാട് അടുത്തുപോയി. സുരേഷ് എന്‍റെ ഏറ്റവും വലിയ കൂട്ടുകാരനായി. ഒന്‍പതാം ക്ലാസ്സില്‍ സുരേഷിന്റെ കൂടി പിന്തുണയോടെ ഞാന്‍ ലീടരായി.പത്താം ക്ലാസ്സില്‍ സ്കൂള്‍ ലീടരാവാനുള്ള എന്‍റെ തയ്യാറെടുപ്പിനെ മൂത്താപ്പകൂടിയായ ഹെഡ് മാസ്ടെര്‍ സമ്മതിക്കാതിരുന്നപ്പോള്‍ ,ഞാനും എന്‍റെ സങ്കടനയും വിഷമിച്ഛതിനേക്കാള്‍ ,സുരേഷ് സങ്കടപ്പെട്ടു. ഉച്ച ഭക്ഷണത്തിനു വീട്ടില്‍ പോകാന്‍ കഴിയാത്ത അവനെ ചില ദിവസങ്ങളിലെങ്കിലും നിര്‍ബന്ധിച്ചു ഞാന്‍ എന്‍റെ വീട്ടില്‍ കൊണ്ടു പോകുമായിരുന്നു.
പത്താം ക്ലാസ്സിലെ പഠനത്തിനായി സ്കൂള്‍ അടച്ചപ്പോള്‍,എന്‍റെ വീട്ടിനടുത്തുള്ള ഒരു സംഘടനയുടെ ഓഫീസിലായിരുന്നു ഞങ്ങളുടെ പഠനം. അഷറഫ്,റിയാസ്,അരുണ്‍,നാസ്സര്‍, ഇവരൊക്കെ ഉണ്ടായിരുന്നിട്ടും, വീട് ദൂരെയായതിനാല്‍ സുരേഷിന് വരാന്‍ പറ്റിയില്ല. കഷ്ട്ടപ്പെട്ടു വരാന്‍ ശ്രമിച്ച അവനെ ഞങ്ങള്‍ സമ്മതിക്കാതിരുന്നതിനു,പരീക്ഷ കഴിയുന്നത്‌ വരെ ഞങ്ങളോട് മിണ്ടാതിരുന്നത് ഇന്നും ഓര്‍ക്കുന്നു. പരീക്ഷഫലം വന്നപ്പോള്‍ ഞങ്ങളെയൊക്കെ വളരെ പിന്നിലാക്കി സ്കൂളില്‍ നാലാം റാങ്ക്കാരനായി സുരേഷ്.
പണം കൊടുത്തും, സ്വാദീനം ഉപയോഗിച്ചും ഞങ്ങള്‍ക്കൊക്കെ നല്ല സ്വകാര്യ കോളേജുകളില്‍ സീറ്റ് ലഭിച്ചപ്പോള്‍ ,മിടുക്കനും, നല്ല മാര്‍ക്ക് കിട്ടിയവനുമായ സുരേഷിന് ,സാമ്പത്തിക പ്രയാസം എന്ന ഒറ്റ കാരണത്താല്‍ അടുത്തുള്ള കോളേജില്‍ പ്രസക്തമല്ലാത്ത ഒരു കോഴ്സിനു ചേരേണ്ടി വന്നു.
പക്ഷെ, ബുദ്ധിമുട്ടുകള്‍ അവനെ കോഴ്സ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. കോളേജില്‍ ഒരു വര്‍ഷം തികയും മുമ്പേ, അവന്‍ ജോലി തേടി കേരളത്തിനു പുറത്തു പോയി. തുച്ഛമായ ശമ്പളം മാത്രമാണെങ്കിലും അത് വീട്ടുകാര്‍ക്ക് വലിയോരാശ്വാസമായിരുന്നു. തന്‍റെ ആദ്യത്തെ ശമ്പളം അമ്മക്ക് കൊടുത്തപ്പോള്‍ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയെന്നും, അതായിരുന്നു തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷിച്ച സമയമെന്നും അവന്‍ എപ്പോഴോ എന്നോട് പറഞ്ഞിട്ടുണ്ട്.
പക്ഷെ പിന്നീടങ്ങോട്ട് നിര്‍ഭാഗ്യമായിരുന്നു അവനു.ആറു മാസം ജോലി ചെയ്യുമ്പോഴേക്കും പനിയുടെ രൂപത്തില്‍ വില്ലന്‍ അവന്റടുത്തു വന്നു. ശക്തമായ പനിയില്‍ ഒരാഴ്ചയോളം ആശുപത്രിക്കിടക്കയില്‍ കിടന്നു. ഏഴാം നാളില്‍ ആശുപത്രിയില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ അവന്റെ പകുതി ശരീരമേ കിട്ടിയുള്ളൂ. അവന്റെ അരക്ക് താഴെ നിശ്ചലമായിരുന്നു. ചലന ശേഷി നഷ്ടപ്പെട്ട കാലുകളുമായി അവന്‍ വീട്ടിലേക്കു പോന്നു.
ആദ്യമായി ഞാനവന്റെ വീട്ടിലേക്കു പോകുന്നത്, അവന്റെ അസുഖത്തെ കുറിച്ചു അറിഞ്ഞിട്ടാണ്. എന്‍റെ വീട്ടില്‍ നിന്നും ഇരുപതു മയില്‍ അകലെ ,മലയോരത്തു ബസ്സിറങ്ങി, ഒരാള്‍ക്ക്‌ മാത്രം നടന്നു പോകാന്‍ പാട്ടുന്ന ഇടവഴിയില്‍ കൂടി വീണ്ടും ഒരു മയില്‍ നടന്നാണ് ഞാനവിടെ എത്തിയത്. പ്രയാസങ്ങളൊന്നും ആരോടും പറയാത്ത,നിഷ്കളങ്കനായ എന്‍റെ കൂട്ടുകാരനെ ഒരു കട്ടിലില്‍ തളര്‍ന്നു കിടക്കുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി.
ജീവിതത്തില്‍ ചിലത് നഷ്ടപ്പെടുമ്പോള്‍ മറ്റു ചിലത് നേട്ടമാവുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ എന്‍റെ സുരേഷിന്റെ കാര്യത്തില്‍ നഷ്ടങ്ങള്‍ മാത്രമല്ലേയുള്ളൂ. പഠനം,ജീവിതം, ശരീരം,ഭാര്യ, മക്കള്‍,കുടുംബം....... നേട്ടമായിട്ടു പറയാന്‍ ഒന്നുമില്ല.
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ആദ്യമായി അവന്റെ വീട്ടില്‍ പോയപ്പോള്‍ ,ആ ചെറിയ വീടിന്റെ ഉമ്മറത്ത് ഒരു ഭാഗത്ത് അവനു വേണ്ടി മാത്രം തയ്യാറാക്കിയ ഒരു പലകയില്‍ കിടന്നു കൊണ്ടു ചെറിയ കുട്ടികളുമായി "അക്കം വെട്ടി"കളിക്കുകയായിരുന്നു അവന്‍. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ഞാന്‍ വീണ്ടും പോയി,എന്‍റെ പത്താമത് സന്ദര്‍ശനം.വൈദ്യുതിയും,ഫോണും, സീരിയലും,റിയാലിറ്റിഷോയും ഒന്നും എത്തിപ്പെടാത്ത ആ മലയോരത്തു അവന്റെ വീട്ടില്‍ എത്തിയപ്പോള്‍ അതേ പലകയില്‍ പുതു തലമുറയിലെ ചെറിയ കുട്ടികളുമായി "പാമ്പും കോണിയും"കളിക്കുകയായിരുന്നു അവന്‍. ഇന്ന് വരെ തോന്നാത്ത എന്തോ ഒരു ഉള്‍കാഴ്ചയില്‍ ഞാനവനെ നോക്കി നിന്നു.കുട്ടികളും,കളികളും മാറി മാറി വന്നിട്ടും സുരേഷ് മാത്രം മാറുന്നില്ല. പതിനഞ്ചു വര്‍ഷമായി ഒരേ കിടപ്പില്‍ കിടക്കുന്നതിനാല്‍,ഇതുമായി പൊരുത്തപ്പെട്ടു പോകുന്നെന്നു അവന്‍ പറഞ്ഞു വെങ്കിലും ,വലിയ ഒരു സങ്കടം അവന്‍ ഉള്ളില്‍ ഒതുക്കുകയാനെന്നു അവന്റെ പ്രായമായ അമ്മയില്‍ നിന്നും എനിക്ക് മനസ്സിലായി. സ്നേഹനിധിയായ അമ്മ മാത്രമാണ് അവന്റെ ആശ്വാസം.
തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ അല്പം ആശ്വാസം തോന്നി. മനസ്സിന് നല്ല സ്വസ്ഥത പോലെ. ഞാന്‍ രാത്രി തന്നെ ഞങ്ങളുടെ പഴയ ക്ലാസ്സധ്യാപകനെ കാണാന്‍ പോയി. തന്‍റെ വിദ്യാര്‍ഥിയായിരുന്ന,നന്നായറിയുന്ന സുരേഷിന്റെ അവസ്ഥ ഇതുവരെ അറിയാത്തതില്‍ അദ്ദേഹം അത്ഭുതത്തെക്കാള്‍ ഒരുപാട് സങ്കടപ്പെട്ടു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളും,കഷ്ടപ്പാടുകളും, വളരെ വൈകിയേ അറിയൂ എന്ന് ഞാനദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു.
വളരെ സന്തോഷത്തോടെയാണ് ഞാന്‍ അവധി കഴിഞ്ഞു ദുബായില്‍ എത്തിയത്. ജോലിയില്‍ ചേര്‍ന്നതിനു ശേഷം പക്ഷെ മനസ്സിന് പിന്നെയും ചെറിയ ഒരു നീറ്റല്‍. നാളെ നമ്മില്‍ ആര്‍ക്കും വന്നേക്കാവുന്ന ഇത്തരം ദുരന്തങ്ങളെ കുറിച്ചുള്ള ഒരു പേടിപ്പെടുത്തുന്ന ചിന്ത.......... പ്രാര്‍ഥിക്കാം, നമുക്ക് ദൈവം തമ്പുരാനോട്‌..... സന്തോഷകരമായ നാളേയ്ക്കു വേണ്ടി...... സുരേഷിനു വേണ്ടിയും......

ക്ലൈമാക്സ്
സ്കൂള്‍ മാഗസിന്‍ വായിച്ച പലരും ഫോണ്‍ ചെയ്തും,മെയില്‍ അയച്ചും സുരേഷിനെ കുറിച്ചു കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. പതിനേഴു വര്‍ഷമായി പലകയുടെ മേല്‍ ജീവിതം തീര്‍ക്കുന്ന തന്‍റെ ശിഷ്യന്റെ ദുരവസ്ഥ ഇത്ര നാളും ഞാനറിഞ്ഞില്ലല്ലോ എന്നതായിരുന്നു ക്ലാസ്സധ്യാപകനായിരുന്ന എം.എ.വാണിമേലിന്റെ സങ്കടം. അതിനാല്‍ തന്നെ 'മാധ്യമം'ലേഖകന്‍ കൂടിയായ അദ്ദേഹവും,ഈ വര്‍ഷം സ്കൂളില്‍ നിന്നു പിരിഞ്ഞ പ്രധാനാധ്യാപകന്‍ മജീദ്‌ മാഷും, എന്‍റെ നാട്ടിലേക്കുള്ള വരവിനെ കാത്തിരിക്കുകയായിരുന്നു.
മജീദ്‌ മാഷും, എം.എ.വാണിമേലും,കൂടെ എന്‍റെ സുഹ്ര്‍ത്തും,പെരിങ്ങത്തൂര്‍ ഹൈ സ്കൂള്‍ അധ്യാപകനുമായ ചെറിയ പറമ്പത്ത് നജീബ് മാഷും,ഞാനുമാടങ്ങിയ നാല്‍വര്‍ സംഘം സുരേഷിന്റെ വീട്ടിലേക്കു പുറപ്പെട്ടു.അറിഞ്ഞതിനേക്കാള്‍ ഇടുങ്ങിയ വഴിയായിരുന്നു സുരേഷിന്റെ വീട്ടിലേക്കെന്ന് അവര്‍ക്ക് ബോധ്യമായി. ഇത്രയും ഇടുങ്ങിയ വഴിയില്‍ കൂടെ എങ്ങിനെ സുരേഷിനെ ഹോസ്പിറ്റലിലും, മറ്റും എങ്ങിനെ എത്തിക്കുമെന്ന് അവര്‍ അതിശയിച്ചു.
മുമ്പ് കണ്ട വീടായിരുന്നില്ല അവിടെ. താര്‍പ്പായ വലിച്ചു മറച്ചു കെട്ടിയ ചെറിയ കൂര. ആ കൂരയില്‍ ഒരു ഭാഗത്ത് പഴയ പലകയില്‍ സുരേഷ്. കൂര മാറിയെങ്കിലും പലക മാറിയില്ല. വീടിന്റെ അവസ്ഥ വളരെ പരിതാപകരമായതിനാല്‍ പുതുക്കി പണിയാന്‍ അമ്മ ശ്രമിക്കുകയാണെന്ന് അവന്‍ പറഞ്ഞു.
'മാധ്യമം' ഹെല്‍ത്ത് കെയറില്‍ എങ്ങിനെയെങ്കിലും ഉള്‍പ്പെടുത്തണമെന്ന് ആത്മാര്‍ഥമാ--
Sayeed TPയി ആഗ്രഹിക്കുകയും,പറയുകയും ചെയ്തു കൊണ്ടാണ് 'മാധ്യമം'ലേഖകന്‍ കൂടിയായ എം.എ.വാണിമേലും ഞങ്ങളും അവിടുന്ന് പടിയിറങ്ങിയത്. പടിയിറങ്ങുന്ന ഞങ്ങളെ
നിറകണ്ണുകളുമായി നോക്കി കിടന്ന സുരേഷിന്റെ ആ മുഖം ....... കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി അതെന്റെയുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നു...... ഇന്നും.......

1 comment: