thalopandi

Pages

Friday, October 8, 2010

ആ ഉമ്മയ്ക്കും ,വാപ്പയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക......

       
                 ഇതെഴുതുമ്പോളും ഞാന്‍ ആ ഉമ്മയ്ക്കും ,വാപ്പയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്.വല്ലാത്ത സങ്കടങ്ങള്‍ വരുമ്പോള്‍
നമുക്ക് ഷെയര്‍ ചെയ്യാവുന്ന ഒരു വേദി കൂടിയാണ് ഇതെന്ന് ഞാന്‍ ആത്മാര്‍ഥമായും വിശ്വസിക്കുന്നു.
             ഒരു പത്തു നാള്‍ മുമ്പ്,ഉറങ്ങാന്‍ കിടക്കുന്ന നേരത്ത് എന്‍റെ ഭാര്യ എന്നോട് പറഞ്ഞു, സ്കൂളില്‍ ഇന്നൊരു കുട്ടിക്ക് വയറു വേദന
വന്നു.സഹിക്കാന്‍ പറ്റാത്ത വേദനയായതിനാല്‍ സ്കൂളിനടുത്തുള്ള വീട്ടിലെ കുട്ടിയായതിനാല്‍ വീട്ടില്‍ പോയി ചൂട് കഞ്ഞി കുടിച്ചു ,കുറച്ചു വിശ്രമിച്ചു ഉച്ചക്ക് ശേഷം വന്നാല്‍ മതിയെന്ന് പറഞ്ഞു വീട്ടിലേക്കു വിട്ടു. പക്ഷെ ഉച്ചക്ക് ശേഷം ചര്‍ദ്ദി വന്നു ,കല്ലാച്ചി വിംസ് ആശുപത്രിയില്‍ കാണിച്ചു,അവിടുന്ന് കോഴിക്കോട് പറഞ്ഞു വിട്ടതിനാല്‍ അവര്‍ മെഡിക്കല്‍ കോളെജിലേക്ക് പോയി.എന്തായി എന്ന് അറിയില്ല...........
              പിറ്റേന്ന് കുട്ടിയുടെ ഉമ്മ വിളിച്ചിരുന്നു.ഒരസുഖവും കുട്ടിക്ക് കാണുന്നില്ല,ടെസ്റ്റ്‌ എല്ലാം ഒകെയാണ്.അതിനാല്‍ പേടിക്കാനൊന്നുമില്ല എന്നൊക്കെ ഡോക്ടര്‍മാര്‍ പറഞ്ഞതായി അവര്‍ അറിയിച്ചു.പക്ഷെ വയറു വേദനക്ക് ഒരു കുറവും വന്നില്ല.
               ഒരാഴ്ച കഴിഞ്ഞു,വേദന പഴയ പടി തന്നെ.ചര്ദിയും നില്‍ക്കുന്നില്ല.ഡോക്ടര്‍മാര്‍ ഈ കുട്ടിക്ക് ഒരസുഖവുമില്ലെന്നു 
വിധി എഴുതി.കുവൈത്തില്‍ നിന്നു ലീവിന് നാട്ടില്‍ വന്നതാണ് അവന്റെ വാപ്പ.ആറു മാസത്തിനടുത്തു ആയതിനാല്‍  ലീവ് തീരാന്‍ കഷ്ട്ടി രണ്ടാഴ്ച ബാക്കിയില്ല.മകന് മാറ്റം കാണാതെ അവര്‍ക്ക് പോരാനും കഴിയുന്നില.
              വാഴവെച്ച പറമ്പത്ത് കുഞ്ഞബ്ദുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തെ വിളിച്ചു വിവരം ധരിപ്പിച്ചു. പിറ്റേന്ന് തന്നെ കുഞ്ഞബ്ദുള്ള അവിടുത്തെ മുതിര്‍ന്ന ഡോക്ടറുമായി അവരുടെ അടുത്ത് പോയി.ടെസ്റ്റുകള്‍ എല്ലാം നോക്കി ആ ഡോക്റ്റര്‍ പറഞ്ഞു,,കുട്ടിക്ക് കാര്യമായി ഒന്നും ഇല്ല,എന്നാലും ഒന്ന് ഫുള്‍ ചെക്ക്‌ അപ്പ്‌ ചെയ്യല്‍ നല്ലതാണ്. നിങ്ങള്‍ സ്വയം ഡിസ്ചാര്‍ജ് ചെയ്തു മണിപ്പാല്‍ പോയി ചെക്ക് അപ്പ്‌ കഴിഞ്ഞു റിസള്‍ട്ടുമായി വരിക.
               46 പേര്‍ ഒരുമിച്ചുള്ള മെഡിക്കല്‍ കോളേജിലെ ആ വാര്‍ഡ്‌. മത ഭേത്യമന്യേ 45 പേരും ഡിസ്ചാര്‍ജ് ചെയ്തു പോരുമ്പോള്‍
ആ കുട്ടിയുടെ വാപ്പയുടെ നമ്പര്‍ വാങ്ങിയിരുന്നു. ആ കുട്ടിക്ക് വന്ന അവസ്ഥയില്‍ എല്ലാവരും സങ്കടപ്പെട്ടു.മണിപ്പാലില്‍ കാണിച്ചിട്ട് റിസള്‍ട്ട് അറിയാനായിരുന്നു ഓരോരുത്തരും നമ്പര്‍ വാങ്ങിയത്.
             മെഡിക്കല്‍ കോളേജില്‍ നിന്നും വരുന്ന വഴിയില്‍ വടകരയില്‍ നിന്നും മണിപ്പാലിലെക്കുള്ള രാത്രി ട്രെയിന്‍ ടിക്കെറ്റ് എടുത്തു.
ആറു മണിക്കൂറോളം  കാത്തിരിപ്പുള്ളതിനാല്‍ ഒന്ന് വീട്ടില്‍ പോയി വരാമെന്ന് തീരുമാനിച്ചു.തന്‍റെ ക്ലാസ്സിലെ കുട്ടിയായതിനാല്‍
എന്‍റെ ഭാര്യ അവിടെ പോയിരുന്നു.കെട്ടിപ്പിടിച്ചു കൊണ്ടു ,രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ക്ലാസ്സില്‍ വരാന്‍ പറ്റില്ലേ ടീച്ചറെ എന്ന്  പൊട്ടിക്കരഞ്ഞു കൊണ്ടു ആ കുട്ടി പറയുമ്പോള്‍ സ്വാഭാവികമായും ആര്‍ക്കും കണ്ണ് നിറഞ്ഞു പോകും.
        രാത്രി ട്രെയിനില്‍ ഒന്ന് മഴങ്ങാന്‍ പോലും ആ മകന് കഴിഞ്ഞില്ല. ഇടത്തും,വലത്തും ഉപ്പയും,ഉമ്മയും മാറി മാറി അവനെ തലോടി.
മണിപ്പാലില്‍ നിന്നു ടെസ്റ്റുകള്‍ ആരംഭിച്ചു.അവിടെ റൂമും കിട്ടി.റിസള്‍ട്ടില്‍ കുഴപ്പങ്ങള്‍ ഒന്നും ഇല്ല.പക്ഷെ വേദനക്ക് കുറവും ഇല്ല.
പിറ്റേന്ന് രാത്രി [വ്യാഴം]മകന് വയറു വേദന വന്നപ്പോള്‍ ഡോക്റ്ററെ വിളിച്ചു. ഉമ്മയെ റൂമില്‍ ഇരുത്തി ഉപ്പയും ഡോക്ടറും മകനെയും കൂട്ടി
ഐ.സി.യു. വിലേക്ക് പോയി.സമയം താമസിച്ചിട്ടും ആരെയും കാണാത്തതിനാല്‍ ആ ഉമ്മ പരിഭ്രമിച്ചു.റൂമില്‍ നിന്നു നേരെ നടന്നു.
പലരും വിലക്കിയെങ്കിലും പിന്നെയും നടന്നു.ഐ.സി.യുവിന്റെ മുമ്പിലെത്തി. ഉള്ളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ തടഞ്ഞു വെച്ചു.ആ പാവം മാതാവ്,പുറത്തു പിന്നെയും കാത്തു.ആരെയും കാണുന്നില്ല.ബലമായി ഒന്നും പറയാതെ ,ആരും കാണാതെ  ഐ.സി.യുവിലേക്കു  കടന്നു. അധികം നടക്കേണ്ടി വന്നില്ല.ഒരു പുതപ്പില്‍ മൂടി വെച്ച മകന്റെ നിശ്ചലായ ശരീരമാണ് അവിടെ ആ
പാവം ഉമ്മാക്ക് കാണാന്‍ കഴിഞ്ഞത്.
          നട്ടു പുലര്‍ച്ചെ ആരെ വിളിക്കണം എന്നറിയാതെ ആ ഉമ്മയും ,ഉപ്പയും പരസ്പരം നോക്കി ഒരുപാട് കരഞ്ഞു. കേട്ടവര്‍ കേട്ടവര്‍
അറിയാതെ കണ്ണ് നനഞ്ഞു.അറിഞ്ഞ ഉടന്‍ ചിലര്‍ മംഗലാപുരത്തേക്ക് പുറപ്പെട്ടു.പത്തു മണിക്കൂറോളം ആംബുലന്‍സില്‍ ഇരുന്നു ,കുണ്ടും കുഴിയുമായ റോഡിലൂടെ ഇന്ന് വൈകുന്നേരം ഏഴു മണിക്ക് മയ്യത്ത് വീട്ടിലെത്തിച്ചു. വന്‍ ജനാവലിയായിരുന്നു ജാതിയെരിയില്‍ അവന്റെ വീട്ടില്‍.
             ഫിദ ഫാത്തിമ,നിദ ഫാത്തിമ എന്നീ ഇരട്ട കുട്ടികളുടെ ഒരേയൊരു ഇക്കാക്ക ,സ്കൂളിലെയും ക്ലാസിലെയും മിടുക്കന്‍.
ഇപോളും ആഘാതത്തില്‍ നിന്നു മാറാത്ത അധ്യാപകര്‍,തിങ്കളാഴ്ച പട്ടികയില്‍ നിന്നു പേര് വെട്ടുമ്പോള്‍ ,ഒരുപക്ഷെ മനസ്സും ശരീരവും
മരവിച്ചിട്ടുണ്ടാവുമെന്നു ക്ലാസ് ടീച്ചര്‍ കൂടിയായ ഷക്കീല പറയുന്നു.
              ഏക മകന്‍ മുഹമ്മദ്‌ ഷാനിദ്ന്‍റെ  വിയോഗത്തില്‍ തളര്‍ന്നു പോയ ആ ഉപ്പയും,ഉമ്മയും.....ഇസ്മായിലിന്റെയും,ശാഹിനയുടെയും മനസ്സിന് പടച്ച തമ്പുരാന്‍ ക്ഷമയും,മറക്കാനുള്ള കഴിവും നല്‍കുമാറാവട്ടെ എന്ന്
പ്രാര്‍ത്ഥിക്കുകയാണ് ഞാന്‍ .എനിക്കുറപ്പുണ്ട് നിങ്ങളും ഈ പ്രാര്‍ത്ഥനയില്‍ പങ്കു കൊള്ളുമെന്നു.......

1 comment:

  1. theerchayayum...!!! sarvashakthan aa ummakkum vaappakkum ellam sahikkuvanulla kazhivu kodukkatte.....namukk praarthikkaam.

    ReplyDelete