thalopandi

Pages

Thursday, April 15, 2010

ഹസീന .... മറ്റൊരു ജന്മം......

ഇരുപതു വര്‍ഷം പ്രവാസത്തിന്റെ നരകയാതന അനുഭവിച്ചു ,ജീവിതം ഉരുകിത്തീര്‍ത്തവനാണ് അബു.രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു വരവ്.വെറും നാല്പതു നാള്‍ക്കുള്ള അവധിയില്‍. ഒരാഗ്രഹമായിരുന്നു അബുവിന്,ഒരിക്കലെങ്കിലും ഹസീനയെ ഗള്‍ഫ്‌ കാണിക്കണമെന്ന്.
മുപ്പതു ദിവസത്തെ വിസ ഹസീനയുടെ കയ്യില്‍ കിട്ടുന്ന അന്നാണ് കഠിനമായ വയറു വേദനയുമായി ആശുപത്രിയില്‍ പോയത്. അസ്വസ്ഥതകള്‍ മുമ്പൊക്കെ ഉണ്ടായിരുന്നിട്ടും,സഹിച്ചിരിക്കയായിരുന്നു അവള്‍. ഇന്ന് ആശുപത്രിയിലെ വിശദമായ പരിശോദനയിലാണ് മൂത്ര കല്ലുകള്‍ കൊണ്ടു മൂടപ്പെട്ട വൃക്കകളും താങ്ങിയാണ് ഹസീന കഴിഞ്ഞു കൂടുന്നത് എന്നറിയുന്നത്. അസുഖം ഗുരുതരമാണെന്ന് അറിഞ്ഞതിനാലാണ് അബു ഒന്നും നോക്കാതെ കഴിഞ്ഞാഴ്ച നാട്ടില്‍ എത്തിയത്.
കോഴിക്കോടെ പ്രമുഖ ആശുപത്രിയില്‍ ചികിത്സ തന്നെ ശരണം. ഓപറേഷന്‍ ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ഹസീനയുടെ ശരീരം. ഡോക്ടര്‍മാര്‍ താല്‍കാലിക ആശ്വാസം നല്‍കി. വിഷു കഴിഞ്ഞാല്‍ ചികിത്സക്ക് വേറെ ഒരു ഓപ്ഷനും പറഞ്ഞു കൊടുത്ത് വീട്ടിലേക്കു വിട്ടു.
ഇന്നലെ വിഷു.മിനിയാന്ന് സന്ധ്യ മുതല്‍ ഹസീന വേദന കൊണ്ടു പുളയുകയായിരുന്നു. സഹിക്കാന്‍ പറ്റാതായപ്പോള്‍ ഭര്‍ത്താവ് അവളെയും കൂട്ടി കോഴിക്കൊടെക്ക് പോയി.വിഷു ആയിരുന്നിട്ടും തൊട്ടപ്പുറത്തെ വീട്ടിലെ ദേവിഏട്ടത്തി ഒരു മടിയും കൂടാതെ കൂട്ടിനു പോയി.
കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയായിരുന്നിട്ടും വിഷുവിനു ഡോക്ടര്‍മാര്‍ ലീവിലാനെന്നു മറുപടി കിട്ടി.ഒരു ഡോക്ടറെ തേടി അബു ആശുപത്രിയിലെ എല്ലാ കൌണ്ടറിലും പോയി കെഞ്ചി.കിട്ടിയില്ല.
ആശുപത്രിയിലെ വരാന്തയിലെ ഒരു മൂലയില്‍ ദേവിഏട്ടത്തിയുടെ മേല്‍ ചുറ്റി പ്പിടിച്ചു കൊണ്ടു ഹസീന കരഞ്ഞു പറഞ്ഞു,,സഹിക്കാന്‍ പറ്റുന്നില്ല വേദന...
അബുവിന്റെ അവസ്ഥയില്‍ മനസ് വേദനിച്ചോ അതോ,രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയോ എന്നറിയില്ല..... എവിടുന്നോ ഡോക്ടര്‍ വന്നു. പക്ഷെ,അബുവിന്റെയും,ഹസീനയുടെയും കാര്യത്തില്‍ ഡോക്ടര്‍ വൈകിപ്പോയിരുന്നു. ഹസീനയുടെ ശരീരം 'മയ്യത്ത്'ആയി എന്ന് വിധി എഴുതാനേ ഡോക്ടര്‍ക്ക് ആയുള്ളൂ.....
ഇന്നലെ വൈകുന്നേരം ആ പാവം പ്രവാസിയുടെ ഭാര്യയുടെ മയ്യിത്ത് ഖബറടക്കി.എനിക്ക് വ്യക്തിപരമായി അറിയുന്ന കോഴിക്കോട് ജില്ലയിലെ ഒരു പ്രവാസി കുടുംബമാണ് അവര്‍.പേരുകളിലുള്ള തിരുത്തലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ,ഇന്നലെ നടന്ന ഈ സംഭവം ഒരു ശ്രദ്ധ ക്ഷണിക്കലിന് കൂടിയാണ്
ഇതെഴുതിയത്.ഇന്നലെ അവിടെ എനിക്ക് പോകാന്‍ കഴിഞ്ഞില്ലെലും,ഇന്ന് പോകാനിരിക്കയാണ്.
ഡോക്ടര്‍മാരും മനുഷ്യരാണ് എന്ന സത്യം നാം മറക്കാതെ തന്നെ,എങ്ങിനെ ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്ന എത്രയോ ഡോക്ടര്‍മാര്‍ ഉണ്ട് താനും. മനുഷ്യ ജീവി എന്ന നിലയില്‍ എല്ലാ വിചാര വികാരങ്ങളും ഉള്ളവര്‍ എന്നതിനാല്‍,അവര്‍ക്കും ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ അവകാശവും ഉണ്ട്. പിന്നെ,ആശുപത്രി മാനേജ്മെന്റിന് ഇതില്‍ ഉത്തരവാദിത്തമുണ്ട് എന്നതില്‍ തര്‍ക്കവും ഇല്ല.
ഇനി ഇതിനെല്ലാം പുറമേ,നാം പ്രവാസികള്‍ നമ്മുടെ ആരോഗ്യത്തിനെ നമ്മള്‍ തന്നെയാണ് സൂക്ഷിക്കേണ്ടത്. ഒരുപാട് നാള്‍ ആശുപത്രിയില്‍ കിടക്കുന്നതിനേക്കാള്‍ നല്ലതല്ലേ,ഒരിക്കല്‍ പോയി ചെക്ക് അപ്പ്‌ ചെയ്തു വരുന്നത്.അതായത്,നമ്മുടെയും,കുടുംബത്തിന്റെയും ആരോഗ്യത്തെ കുറിച്ചു നമുക്കാണ് ചിന്ത വേണ്ടത്, അത് ഡോക്ടര്‍മാര്‍ക്കോ,ആശുപത്രി മാനേജര്‍ക്കോ അല്ല.

Tuesday, April 13, 2010

എന്റെ ഒരായിരം വിഷു ദിനാശംസകള് ...



മനസ്സില് എന്നും കണികൊന്ന വിരിയട്ടെ ,ജീവിതത്തില് എന്നും ഐശ്വര്യം നിറയട്ടെ , സമൃദ്ധിയുടെയും നന്മയുടെയും ഉത്സവമായ വിഷുവിനു എന്റെ ഒരായിരം വിഷു ദിനാശംസകള് ...


സമൃദ്ധിയുടെയും നന്മയുടെയും ഉത്സവമായ വിഷുവിനു എന്റെ ഒരായിരം വിഷു ദിനാശംസകള് ...

Friday, April 9, 2010

ഇതിലെ വയനാട്ടില്‍ പോകുന്നതിനു ഇവര്‍ക്കെന്താ.....


ഇതിലെ വയനാട്ടില്‍ പോകുന്നതിനു ആര്‍ക്കാണ് ചേദം
വടകര,നാദാപുരം ഭാഗത്ത് നിന്നു വയനാട്ടിലെത്താന്‍ ദൂരം ശരാശരി എഴുപതിനടുത്തു കിലോമീറ്റര്‍ വരും.കാരണം കുറ്റ്യാടി,തൊട്ടില്‍പാലം വഴിയെ റോഡുള്ളൂ.പതിനൊന്നു വളവുകളുള്ള ഈ ചുരം വഴിയുള്ള റോഡു,പലപ്പോളും യാത്രക്ക് ദുസ്സഹവുമാണ്.
ചുരമില്ലാതെ,മേല്‍ പറഞ്ഞതിന്റെ പകുതിപോലും ദൂരവുമില്ലാതെ,[അതായത് വിലങ്ങാട് ടൌണില്‍ നിന്നും വെറും ഒമ്പതര കിലോമീറ്റര്‍ മാത്രം]വയനാട്ടിലേക്ക് ഒരു എളുപ്പവഴി പണ്ടെന്നോ കണ്ടുവെച്ഛതാണ്.സ്കൂളില്‍ പഠിക്കുന്ന കാലത്ത്,ഞാനടക്കമുള്ള പലരും ആ റൂട്ടിലൂടെ നടന്നു വയനാട്ടില്‍ പോയതുമാണ്.
അതായത് നാദാപുരം-കല്ലാച്ചി-വാണിമേല്‍-വിലങ്ങാട്-പാനോം-വയനാട്. പക്ഷെ,നിര്‍ഭാഗ്യവശാല്‍ ആര്‍ക്കൊക്കെയോ ഇതിനോട് എന്തോ ഒരു പകയുള്ളത് പോലെ. സാധാരണ ഗതിയില്‍ വികസനങ്ങള്‍ക്ക് തടസ്സമാവുന്നത് പലപ്പോളും ജനങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്. പക്ഷെ ഇവിടെ ജനങ്ങള്‍ മുഴുവന്‍ അനുകൂലം,നാട്ടിലുള്ള പാര്‍ട്ടികള്‍ ഒന്നടങ്കം പിന്തുണ,വെറും ഒന്നര കിലോമീറ്റര്‍ മാത്രം മതി ഇനി റോഡു വെട്ടാന്‍. പക്ഷെ എന്നിട്ടും അധിക്ര്തര്‍ ഓരോ മുട്ട് ന്യായം പറഞ്ഞു നമ്മളുടെ വലിയ ഒരു ആഗ്രഹത്തെ,അല്ലെങ്കില്‍ സൗകര്യത്തെ സൗകര്യപൂര്‍വ്വം മറക്കുകയാണ്.
എന്ത് കൊണ്ടു നമുക്ക് ഇതിനെതിരെ ഒന്നിക്കാന്‍ കഴിയുന്നില്ല. അധികാരികള്‍ പറയുന്ന ന്യായം കേട്ടാല്‍,......ആ ന്യായം ആ അധികാരികള്‍ തന്നെ അവരുടെ സൗകര്യത്തിനു മാറ്റിമറിക്കുന്നത്‌ കാണുമ്പോള്‍, നമ്മെ പോലുള്ള നാടിന്റെ നന്മയും വികസനത്തെയും പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അത്തരക്കാരുടെ കയ്യും തലയും വെട്ടി തന്നെ നാട്ടുകാരുടെ പ്രശ്നങ്ങളും വിഷമങ്ങളും നാം തീര്‍ക്കാന്‍ നോക്കും.നോക്കണം.എന്നാലെ ഈ നാട് ഇത്തരം ചില അധികാര കുബുദ്ധികളുടെ
ഇരട്ടത്താപ്പ് നയത്തില്‍ നിന്നും രക്ഷപ്പെടൂ....






ഇനി ഈ അധികാര ജീവികളുടെ വൃത്തികെട്ട ഇരട്ടത്താപ്പ് കേള്‍ക്കണോ?
വിലങ്ങാട് നിന്നും പാനോം എന്ന സ്ഥലത്തേക്ക് മൂന്നു കിലോമീറ്റര്‍.അവിടുന്ന് വയനാടിലേക്ക് ചുരം പോലുമില്ലാതെ ആറര കിലോമീറ്റര്‍ മാത്രമാണ്.അതില്‍ തന്നെ അഞ്ചു കിലോമീറ്റര്‍ നിലവില്‍ റോഡുണ്ട്‌.ഒന്നര കിലോമീറ്റര്‍ മാത്രം പുതുതായി റോഡു വെട്ടണം.അതിനു വനം വകുപ്പ് പറയുന്ന ന്യായം വലിയ രസവും,അതിനേക്കാള്‍ അവരെ കൂട്ടമായി അടിച്ചു നിരത്തെണ്ടതുമാണ്.
ഈ ഒന്നര കിലോമീറ്ററില്‍ ഫോറസ്റ്റ് ആണെന്നും,അതിലെ മരങ്ങള്‍ തൊടാന്‍ പോലും പാടില്ലെന്നും,മരങ്ങള്‍ മുറിക്കല്‍ പോയിട്ട് തൊട്ടാല്‍ തന്നെ ഗുരുതരമായ കേസ് ആണെന്നും നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തു. റോഡു പോയിട്ട്,പ്രധാനമന്ത്രിയുടെ ഓഫീസ് പോലും മരം മുറിച്ചിട്ട് പറ്റില്ലെന്ന് കട്ടായം പറഞ്ഞു കളഞ്ഞു.


കേള്‍ക്കണം നാട്ടാരെ ഇനി....... ഫോറസ്റ്റ് അതികൃതര്‍ക്ക് അവിടെ താമസിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നല്ല അടിപൊളി കോര്ട്ടെസ് പണിതിട്ടുണ്ട്.ലക്ഷങ്ങള്‍ ചിലവിട്ടു തന്നെയാ ഉണ്ടാക്കിയത്.[പത്തു ലക്ഷത്തില്‍ കൂടുതല്‍ ചിലവില്‍].ആ പുതിയ കെട്ടിടം എന്തുകൊണ്ടൊ അവര്‍ക്ക് സുഖം പോരാ.... അതിനാല്‍ ആ കെട്ടിടം അവന്മാര്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് കളിക്കാനും,വിഹരിക്കാനും വിട്ടു കൊടുത്തു.
ഇന്ന് അവര്‍ക്ക് താമസിക്കാന്‍ മറ്റൊരു 'കോര്‍ട്ടെര്‍സു'ഉണ്ടാക്കാനുള്ള തിരക്കിലാണ്.എങ്ങിനെയെന്നല്ലേ.... തൊടാന്‍ പോലും പാടില്ലാത്ത ആ ഫോറെസ്റ്റ് ലെ മരങ്ങള്‍ കണ്ടമാനം മുറിച്ചു കടത്തിക്കൊണ്ടു തന്നെ.ഇതിനകം തന്നെ കണക്കില്ലാത്ത മരങ്ങള്‍ ആ ഫോറസ്റ്റില്‍ നിന്നു മുറിക്കുകയും,കടത്തിക്കൊണ്ടു പോവുകയും ചെയ്തതായി ,വിലങ്ങാട് സ്വദേശിയും,മുന്‍ വാണിമേല്‍ പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും,വയനാട് റോഡിനു വേണ്ടി നിരന്തരമായി പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ:ജോണി മുല്ലക്കുന്നേല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന്റെ കൂടെ കാണുന്ന ഫോട്ടോകള്‍ കണ്ടാല്‍ നമുക്ക് അത് വ്യക്തമാവുന്നതുമാണു.
ലക്ഷക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ ഉപകാരപ്രതമാകുന്ന വിലങ്ങാട്-വയനാട് റോഡു യാഥാര്‍ത്യമാവാന്‍ മരം മുറി തടസ്സമായി കണ്ട അധികാരികള്‍,അവര്‍ക്ക് താമസിക്കാന്‍ ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ [അതും നിലവില്‍ നല്ല കെട്ടിടം ഉണ്ടായിരിക്കെ]ഡസന്‍ കണക്കിന് മരങ്ങള്‍ മുറിച്ചു കടത്താന്‍ ഒരു ഉളുപ്പുമില്ലാതെ പോയി.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ.... രണ്ടു ആദിവാസി കോളനികള്‍ തമ്മില്‍ യോജിപ്പിക്കാന്‍ ഫോറസ്റ്റില്‍ കൂടി റോഡു വെട്ടാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ തന്നെ കേരള സര്‍ക്കാരിന് അധികാരമുണ്ട്‌. എന്നിട്ടും നമ്മുടെ എം.എല്‍.എ.കൂടിയായ വനം മന്ത്രി കണ്ണ് അടക്കുന്നതിനാല്‍ ,വിലങ്ങാടുള്ള പായാട്ടു ആദിവാസി കോളനിയിലെ ആളും,വയനാട് ആദിവാസി കോളനിയിലെ ആളും കൂടി പൊതു താല്പര്യ ഹരജി കൊടുത്തിട്ടുണ്ട്.അതിന്റെ വിധിക്ക് കാത്തിരിക്കുകയാണ് ഇപ്പോള്‍ നാം നാട്ടുകാര്‍. അതിനു ശേഷം ഈ മഹത്തായ സംഭവത്തിനു വേണ്ടി നാം നാട്ടുകാര്‍ ഒന്നിക്കണം.അതിനു തടസ്സമാവുന്നത് മന്ത്രിയാണെങ്കില്‍ പോലും,പിന്നെ വെച്ചേക്കരുത്....... ഒതുക്കിയെക്കണം ...... നാട്ടില്‍ നിന്നും,നാട്ടുകാരുടെ മനസ്സില്‍നിന്നു തന്നെയും .......

Tuesday, April 6, 2010

അച്യുതന്‍ മാഷേ.....വിട.......


അച്യുതന്‍ മാഷേ..... വിട....



എന്‍റെ സ്കൂള്‍ ജീവിതത്തിനു ആരംഭം കുറിച്ചത് വാണിമേല്‍.എം.യു.പി.സ്കൂളില്‍ നിന്നാണ്..അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വാക്കുകളാക്കാനും,വാക്കുകള്‍ അടുക്കി വെച്ചു ആശയങ്ങള്‍ക്ക് പൂര്‍ണ്ണത
നല്‍കാനും എന്നെ പഠിപ്പിച്ച എന്‍റെ വിദ്യാലയം..... 'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം'
എന്ന കവി വചനത്തെ അന്വര്‍ത്ഥമാക്കുന്ന ചവിട്ടു പടികള്‍ .........അക്ഷരകൂട്ടങ്ങള്‍ക്ക് പിന്നാലെ ഓടിനടന്ന നീളന്‍വരാന്ത..... അതേ വാണിമേല്‍ സ്കൂള്‍ ഇന്നും മാറ്റങ്ങളില്ലാതെ .........
നൂറ്റിയൊന്നാം വയസ്സിലെത്തിയിരിക്കുന്ന ഈ സ്കൂളിന്റെ ഈ വര്‍ഷത്തെ നഷ്ടം,ഹെഡ് മാസ്റ്റര്‍ അച്യുതന്‍ മാഷുടെ വിടപറയലാണ്.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ക്കു എന്‍റെ വീടിന്റെ മുന്‍പിലൂടെ പൊയ്ക്കൊണ്ടിരുന്ന ,എന്നെ അടിക്കാതെ പഠിപ്പിച്ച അച്യുതന്‍ മാഷിനെ,എന്‍റെ മകള്‍ കൂടി തിരിച്ചറിഞ്ഞു വന്നിട്ടേ പിരിഞ്ഞുള്ളൂ എന്നത് എനിക്ക് സംതൃപ്തി തരുന്നു.
അച്യുതന്‍ മാഷുടെ യാത്രയയപ്പ് പരിപാടികള്‍ അതി ഗംഭീരമായിരുന്നു. ഒരുപാട് നാളുകള്‍ക്കു ശേഷം എനിക്ക് നാട്ടില്‍ വീണുകിട്ടിയ സന്തോഷകരമായ നിമിഷങ്ങളായിരുന്നു അത്.
എന്‍റെ നാടിന്റെ,വാണിമേല്‍ന്‍റെ അഭിമാന സ്തംഭങ്ങളില്‍ ജീവിച്ചിരിക്കുന്നവരില്‍ ഒന്നാമന്‍ തന്നെയായ പത്തനംതിട്ട ജില്ലാ ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ ആയിരുന്നു യാത്രയയപ്പ് സമ്മേളനത്തിലെ താരം.അഹങ്കരിക്കാന്‍ ഒരുപാടുണ്ടായിട്ടും, അദ്ദേഹത്തിന്‍റെ
വിനയത്വം എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്‍റെ നാടിന്റെ അഭിമാന സ്തംഭമായ ജഡ്ജിക്ക് ,ഞങ്ങള്‍ കൊടുത്ത സ്വീകരണമായും ഞാന്‍ മനസ്സ് കൊണ്ടു ഈ യാത്രയയപ്പ് സമ്മേളനത്തെ കണ്ടു.
എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട കലാ പരിപാടികളായിരുന്നു. ഒപ്പനയും,ഡാന്‍സും,കൂടെ ഇന്ഗ്ലീഷ്‌ നാടകവും ഏറ്റവും മികച്ചതാക്കി.വാണിമേല്‍ സ്കൂള്‍ അധ്യാപിക TP.സറീനയുടെ സംവിധാനത്തില്‍ അവതരിപ്പിച്ച ഇന്ഗ്ലീഷ്‌
നാടകം അവിടെ കൂടിയിരുന്ന ഓരോരുത്തരെയും ഇരുത്തി ചിന്തിപ്പിച്ചു.
എന്‍റെ ഗുരുനാഥന്‍ അച്യുതന്‍ മാഷിനു ,ഇത്രയും വലിയ ഒരു യാത്രയയപ്പ് നല്‍കിയ,പ്രോഗ്രാം കമ്മിറ്റിക്കാരോട് ഈ അവസരത്തില്‍ വിനീതനായ ഈ ശിഷ്യന്റെ നന്ദി അറിയിക്കുന്നു......

....ഇത് ഒരു 'ഹിന്ദു സ്കൂള്‍' അല്ല.........!!!

.........ഇത് ഒരു 'ഹിന്ദു സ്കൂള്‍'അല്ല........
ഭൂമിവാതുക്കല്‍ എല്‍.പി.സ്കൂള്‍ 85 ആം വാര്‍ഷികത്തിന് പങ്കെടുക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.എന്‍റെ ഹൈ സ്കൂള്‍ പഠന കാലത്ത് ,ഞാന്‍ സ്ഥിരമായി കാണാറുള്ള രണ്ടു
എല്‍.പി.സ്കൂളുകള്‍ ആണ്,ഭൂമിവാതുക്കല്‍ മാപ്പിള എല്‍.പിയും,തൊട്ടു കിടക്കുന്ന മറ്റൊരു എല്‍.പി സ്കൂളും. ഒരു സ്കൂളിനെ മുസ്ലിംസ്കൂള്‍ ആയും,മറ്റേതിനെ ഹിന്ദുസ്കൂള്‍ ആയും പണ്ട് മുതലേ നാട്ടുകാരും,സ്കൂള്‍കാരും തന്നെ വിളിച്ചു പോന്നു.ഈ നല്ലതല്ലാത്ത ശീലത്തിനെ ആ കുഞ്ഞു പ്രായത്തിലേ ഞാന്‍ മനസ്സ് കൊണ്ടു വെറുത്തിരുന്നു. എന്നെങ്കിലും ഒരുനാള്‍ ഹിന്ദു കുട്ടികളും,മുസ്ലിം കുട്ടികളും ഒരുമിച്ചൊരു ബെഞ്ചില്‍ ഇരുന്നു പഠിക്കുന്ന നാള്‍ വരും എന്ന് ഞാനടക്കമുള്ള പല സമാനമനസ്കരും ആഗ്രഹിച്ചു.ദൈവം തമ്പുരാന്‍ നാടിന്റെ കൂടി നന്മ ഓര്‍ത്താവണം,നല്ല ഒരു മാറ്റം ഒരു സ്കൂളിനെങ്കിലും വരുത്തിച്ചത്.മറ്റേ സ്കൂള്‍ മോശമാണെന്ന് ഇപ്പറഞ്ഞതിനു അര്‍ത്ഥമാക്കരുത് എന്നുകൂടി ഉണര്‍ത്തട്ടെ....
ഇന്ന് ഭൂമിവാതുക്കല്‍ എല്‍.പി.സ്കൂള്‍ ഹിന്ദുസ്കൂളല്ല. ഹിന്ദുവിന്റെയും,മുസ്ലിമിന്റെയും,ക്രിസ്ത്യന്റെയും മക്കള്‍ക്ക്‌ ഒന്നിച്ചിരുന്നു പഠിക്കാനുള്ള ബെഞ്ചുകള്‍ നിരത്തിയിട്ട മാതൃകാ വിദ്യാലയം.ഇങ്ങിനെയൊരു ചുവടുമാറ്റം നടത്താന്‍ മുന്നിട്ടിറങ്ങിയവര്‍
ആരായാലും,അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
ചേലവീട്ടില്‍ അഷ്‌റഫ്‌ മാഷും,കെ.കണ്ണന്‍ മാഷുടെ മകന്‍ ഹരീഷും,ഈ സ്കൂളിന്റെ സമൂലമായ തിരുത്തലുകള്‍ക്കും,നല്ല മാറ്റങ്ങള്‍ക്കും പിന്നിലുണ്ടെന്ന് അറിയുമ്പോള്‍,ഈ കാലഘട്ടത്തിലെ ചെറുപ്പക്കാരായ അധ്യാപകരിലും ആത്മാര്‍ഥതയുള്ളവര്‍ ഉണ്ട് എന്ന വസ്തുത നമ്മെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.
പത്തു വയസ്സിനു താഴെ മാത്രം പ്രായമുള്ള കൊച്ചുകുട്ടികളുടെ കലാ പരിപാടികള്‍ അവിടെ കൂടിയിരുന്ന ആയിരങ്ങളെ പോലെ എന്നെയും അമ്പരപ്പിച്ചു കളഞ്ഞു. മതങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തെയും,അതിന്റെ പ്രസക്തിയും വിളിച്ചോതുന്ന പിന്നണി ഗാനത്തിനൊത്തു പിഞ്ചു പെണ്‍കുട്ടികള്‍ നൃത്തമാടിയപ്പോള്‍,കണ്ടു നിന്ന കാണികളുടെ കണ്‍കളില്‍ നിന്നും കണ്ണീരുകളും കൂടെ നൃത്തമാടുകയായിരുന്നു.
ഒരിക്കല്‍ കൂടി സി.വി.അഷ്‌റഫ്‌ മാഷിനും[വാണിമേല്‍],ഹരീശന്‍ മാഷിനും ഒരായിരം ആശംസകള്‍.......