thalopandi

Pages

Monday, April 23, 2012

 ....കേരളം ഭ്രാന്താലയം ആണെന്ന് പറഞ്ഞത് ശരിയാണോ ഈശ്വരാ ?.....
സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട്,സമ്മര്‍ദ്ധത്തിനു സമ്പൂര്‍ണ്ണമായി കീഴടങ്ങി,ഇത്തരമൊരു അവസ്ഥയില്‍ എത്തിച്ചേര്‍ന്ന് ഭരിക്കുന്നതിലും നല്ലത് ,ഉമ്മന്‍ചാണ്ടിക്ക് അന്തസ്സായി രാജിവെച്ചു ,കോണ്ഗ്രസ് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നത് തന്നെയായിരുന്നു.ഒരുപക്ഷെ ഒറ്റയ്ക്ക് ഇപ്പോള്‍ത്തന്നെ വീണ്ടും കോണ്ഗ്രസ്സിന് അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞേനേ, അതല്ലെങ്കില്‍ അതിനടുത്ത തവണ തീര്‍ച്ചയായും അധികാരം കിട്ടുമായിരുന്നു.ഇതിപ്പോള്‍ ,താല്‍ക്കാലിക നേട്ടത്തിനായി മുസ്ലീംലീഗിന്റെ പിടിവാശിക്ക് അടിമപ്പെട്ടു ഭരണം തുടര്‍ന്നാല്‍,അത് കോണ്ഗ്രസ്സിന് വലിയ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. " സിപിഎം,മുസ്ലീംലീഗ്,ബിജെപി,വ്യക്തിയാധിഷ്ടിത കേരളാകോണ്‍ഗ്രസ്സുകള്‍ " എന്നീ പാര്‍ട്ടികളിലേക്ക് ,കൊണ്ഗ്രസ്സില്‍ നിന്ന് ഒഴുക്കുണ്ടായേക്കാം.മഞ്ഞളാംകുഴി അലിയുടെ മന്ത്രി സ്ഥാനത്തെയും,അഞ്ചാം മന്ത്രിയെയും എതിര്‍ക്കുന്നവര്‍,മുസ്ലീം സമുദായത്തെ എതിര്‍ക്കുന്നുവെന്ന തോന്നല്‍ വരുന്നത് ശരിയല്ല.കാരണം ആ സമുദായത്തിലെ ചെറിയൊരു ശതമാനമേ മുസ്ലീംലീഗില്‍ ഉള്ളു.ഈ മന്ത്രിമാരേക്കൊണ്ടോ പാര്‍ട്ടിയെക്കൊണ്ടോ പാവപ്പെട്ട ആ സമുദായക്കാര്‍ക്ക് എന്ത് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അവര്‍ തന്നെ ചിന്തിച്ചാല്‍ മനസ്സിലാകും.അതുപോലെതന്നെയാണ് കേരളാകോണ്‍ഗ്രസിന്റെയും അവസ്ഥ. ഒരേ ജില്ലയില്‍ നിന്ന് മൂന്നില്‍ കൂടുതല്‍ മന്ത്രിമാര്‍ വരുന്നതും,കേരളത്തിലെ സമുദായ ശതമാനം കണക്കിന് ആനുപാതികത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ ഒരേ സമുദായത്തില്‍ നിന്ന് വരുന്നതും കേരളത്തിലെ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നു നിക്ഷ്പക്ഷമതികളായ ധാരാളം പേര്‍ മുന്നറിയിപ്പ് കൊടുത്തിട്ടും,അത് അവഗണിച്ചാണ് ഈ മന്ത്രിമാര്‍ അധികാരത്തില്‍ വരുന്നത്.
യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷമായാലും,ഭൂരിപക്ഷമായാലും മന്ത്രിമാര്‍ വരേണ്ടത് മതേതര പാര്‍ട്ടികളായ കൊണ്ഗ്രസ്,സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളായിട്ടാണ്, വര്‍ഗ്ഗീയ പാര്‍ട്ടികളില്‍ കൂടിയല്ല, രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാത്ത മതക്കാര്‍ വിഡ്ഢികള്‍ എന്ന തോന്നല്‍ ഉണര്‍ത്തി,അത്തരം ധാരാളം മത-പാര്‍ട്ടികളുടെ രൂപീകരണത്തിന് വഴി വെച്ചേക്കാവുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് മുളയിലെ നുള്ളുന്നതിനു പകരം ,അതിനു വളവും വെള്ളവും നല്‍കുന്ന കോണ്ഗ്രസ്സിന്റെ നടപടി കേരളാസമൂഹത്തില്‍ ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ക്ക് ഹേതുവാകും എന്ന് കോണ്ഗ്രസ്സ് പാര്‍ട്ടി ഓര്‍ത്തു ഇനിയെങ്കിലും രാജിവെച്ചു അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക.വര്‍ഗ്ഗീയത ഭൂരിപക്ഷവും,ന്യൂനപക്ഷവും ഒരുപോലെ ആപത്തുതന്നെയാണ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന ആര്യാടന്‍ മുഹമ്മദിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല,അത്തരം മതേതര ചിന്താഗതിയുള്ള മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെയാണ് മന്ത്രിമാര്‍ ആകേണ്ടത്. ഒരുപക്ഷെ,നാളെ ഇതൊക്കെ കെട്ടടങ്ങുന്ന തന്ത്രങ്ങള്‍ മന്ത്രിസഭ നടത്തിയേക്കാം, വൈരാഗ്യം കെട്ടടങ്ങാന്‍ എന്‍എസ്എസ്സിനും ,എസ്എന്‍ ഡി പിക്കുമൊക്കെ, വല്ലതുമൊക്കെ നല്‍കി ത്രിപ്തര്‍ ആക്കിയേക്കാം.പക്ഷെ, മതേതരത്വം പുലരണം എന്നാശിക്കുന്ന നിക്ഷ്പക്ഷരായ യാതൊരു രാഷ്ട്രീയത്തിനും അന്തമായി അടിമപ്പെടാത്ത ധാരാളം ആള്‍ക്കാരില്‍,ഇത്തരം മുറിവുകള്‍ മൂലമുള്ള ഭവിഷ്യത്ത് ഓര്‍ത്തുള്ള വേവലാതി ഉണ്ടെന്നു എല്ലാ രാഷ്ട്രീയക്കാരും ഓര്‍ക്കുക.താഴെത്തട്ടിലുള്ള ജനങ്ങളുടെ ഇടയില്‍ വര്‍ഗ്ഗീയത ഒന്നും ഇല്ലെന്നു മനസ്സിലാക്കുക,എന്നാല്‍ ഇത്തരം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് പാവപ്പെട്ടവര്‍ ആയിരിക്കും,ഉന്നതരും നേതാക്കളും പലപ്പോഴും സുരക്ഷിതര്‍ ആണല്ലോ ?കേരളം ഭ്രാന്താലയം ആണെന്ന് പറഞ്ഞത് ശരിയാണോ ഈശ്വരാ ?.
..കടപ്പാട് : ..Raju Varghese Chakkalakuzhy